കാൻസറിന്റെ നീരാളിക്കൈകളെ വെട്ടിമാറ്റി സധൈര്യം തിരികെവന്ന ചലച്ചിത്രതാരം മംമ്ത മോഹൻദാസ് പോരാട്ടവീര്യത്തിന്റെ പ്രതീകമാണ്. രോഗത്തിന്റെ കാഠിന്യത്തിൽ അടിപതറുന്നവർക്കു പ്രചോദനമാണ് ഈ താരം. എന്നാൽ തന്റെ പോരാട്ടം അവസാനിക്കുന്നില്ലെന്നു മംമ്ത പറയുന്നു. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. അതിനാൽ തന്റെ തൊലിപ്പുറത്തെ യഥാർത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി.
വിറ്റിലിഗോ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകൾ മംമ്തയുടെ പോസ്റ്റിനൊപ്പമുണ്ട്. ‘‘നിന്നെ ഞാൻ മുൻപെങ്ങുമില്ലാത്ത വിധം ചേർത്തുപിടിക്കുന്നു’’, എന്ന് സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്.
‘‘പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു... മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും.’’ എന്നാണ് താരത്തിന്റെ കുറിപ്പ്.
അമേരിക്കയില്‍ വച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മംമ്ത കാന്‍സറിനെ അതിജീവിച്ചത്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. ഇതുമൂലം പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്‍റെ കുറവു മൂലം ഇവ ബാധിക്കാം.
Mamta Mohandas says she has been diagnosed with autoimmune disease vitiligo, shares selfies: ‘I’m losing colour'