
10 മണിക്കൂര്‍ കൊണ്ട് ബ്രഹ്മപുത്ര നദിയിൽ നീന്തി ഒരു ബംഗാള്‍ കടുവ. 120 കിലോമീറ്ററാണ് കടുവ നീന്തിയത്. അസമിലെ ഗുവഹാത്തിയിലാണ് സംഭവം. ഒറംഗ നാഷണല്‍ പാര്‍ക്കിലെ കടുവയാണ് നദി മുറിച്ചു കടന്ന് പുരാതന ക്ഷേത്രമായ ഉമാനന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മയില്‍ ദ്വീപിലേക്ക് കയറിയത്. നാഷണല്‍ പാര്‍ക്കില്‍ വച്ച് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീണതാകാമെന്നാണ് നിഗമനം. ജനവാസ മേഖലയായ ദ്വീപിലെ ഇടുങ്ങിയ ഗുഹയില്‍ കയറിയ കടുവയെ പിടികൂടാന്‍ ശ്രമിച്ചിട്ട് രക്ഷയുണ്ടായില്ല
ഒടുവിൽ ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഭക്തരെയും പുരോഹിതരെയും ദ്വീപില്‍ നിന്ന് മാറ്റുന്ന നടപടികളടക്കം നടത്തി. ഏറെ ശ്രമത്തിനൊടുവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടറുമാരും ചേര്‍ന്ന് കടുവയെ പിടികൂടി കൂട്ടിലടച്ചു. കടുവയെ പിന്നീട് മൃഗശാലയിലേക്ക് മാറ്റിയെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പുഴയില്‍ ഒഴുക്കിനെ അവഗണിച്ച് നീന്തുന്ന ബംഗാള്‍ കടുവയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിമിഷങ്ങള്‍ക്കകം വൈറലായിരുന്നു.
Bengal tiger is found swimming in middle of Brahmaputra River