
പാതിവഴിയിൽ ഉപേക്ഷിച്ച തന്റെ ബിരുദ പഠനം എഴുപതു വർഷങ്ങൾക്കിപ്പുറം പൂർത്തീകരിച്ചിരിക്കുകയാണ് ജോയ്സീ ഡിഫോ എന്ന 90 കാരി. നോർത്തേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് തന്റെ 90-ാം വയസിൽ ജോയ്സീ ഡിഫോ ഹോം എക്കണോമിക്സിൽ ബിരുദം നേടിയിരിക്കുന്നത്. 1951 ലാണ് ഇവർ ബിരുദ പഠനത്തിനായി യൂണിവേഴ്സിറ്റിയിൽ പ്രവേശനം തേടിയത്. മൂന്നര വർഷം പഠനം തുടർന്നെങ്കിലും പിന്നീട് പാതിവഴിയിൽ പഠനം ഉപേക്ഷിക്കുകയായിരുന്നു. ഏഴു പതിറ്റാണ്ടിനിപ്പുറം 2019ലാണ് ജോയ്സി തന്റെ പഴയ സ്റ്റുഡന്റ് ഐഡിയുമായി വീണ്ടും യൂണിവേഴ്സിറ്റിയിലെത്തുന്നത്. ബിരുദ പഠനം പൂർത്തീകരിച്ച ഈ 90 കാരിയുടെ ചിത്രങ്ങൾ നോർത്തേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റി ട്വിറ്ററിലൂടെ പങ്കുവെച്ചു.
പ്രണയിക്കുന്ന ആളെ വിവാഹം ചെയ്യാനായാണ് അന്ന് ജോയ്സീ പഠനമുപേക്ഷിച്ചത്.1955 ൽ വിവാഹം കഴിഞ്ഞ അവർ മൂന്നു കുട്ടികളുടെ അമ്മയുമായി. എന്നാൽ അധികം വൈകാതെ ഭർത്താവ് മരണമടഞ്ഞു. അഞ്ചു വർഷത്തിനു ശേഷം ഇവർ വീണ്ടും വിവാഹിതയായി. ഈ ബന്ധത്തിൽ ആറുകുട്ടികളുമുണ്ടായി. ഇപ്പോൾ ഒമ്പതു മക്കളുടെ അമ്മയും പതിനേഴു കുട്ടികളുടെ മുത്തശ്ശിയും ഇരുപത്തിനാലു കുട്ടികളുടെ മുതുമുത്തശ്ശിയുമാണ് ജോയ്സി.
കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് പഠനം പൂർത്തീകരിക്കാൻ പ്രചോദനമായതെന്ന് അവർ പറയുന്നു. നിങ്ങൾ നിങ്ങളിൽ കാണാത്ത കാര്യങ്ങൾ മറ്റുള്ളവർ നിങ്ങളിൽ കാണുന്നു.എന്റെ കുടുംബത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു. ഞാന്‍ അവരോട് നന്ദി പറയുന്നു– ജോയ്സി പറഞ്ഞു. പഠനം വീണ്ടും ഉപേക്ഷിക്കണമെന്ന് വിചാരിച്ച പല ഘട്ടങ്ങളിലൂടെയും താൻ കടന്നു പോയിരുന്നുവെന്നും കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് പഠനം പൂർത്തീകരിക്കാനായതെന്നും അവർ കൂട്ടിച്ചേർത്തു.
ജോയ്സി പഠനം പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നറിഞ്ഞ നിമിഷം മുതൽ എന്തിന് എന്ന ചോദ്യമല്ല. എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് തങ്ങള്‍ ചോദിച്ചതെന്നും പേരക്കുട്ടികളിൽ ഒരാളായ ജെന്ന ഡൂലി അന്തരാഷാട്ര മാധ്യമങ്ങളോട് പറഞ്ഞു. തുടർപഠനത്തിനായി യൂണിവേഴ്സിറ്റിയെ സമീപിച്ചപ്പോൾ അമ്പതുകളില്‍ യൂണിവേഴ്സിറ്റില്‍ ഉണ്ടായിരുന്ന വിദ്യാർഥിയെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത് എന്നത് യൂണിവേഴ്സിറ്റി അധികൃതരിലും കൗതുകമുണ്ടാക്കിയിരുന്നു– അവർ പറഞ്ഞു. ഓൺലൈനിലൂടെയായിരുന്നു ജോയ്സി ക്ലാസുകളിൽ പങ്കെടുത്തത്.
90-Year Old US Woman Graduates From University After Dropping Out In 1950s