ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചലഞ്ചുമായെത്തി ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 160 ഓളം നിലകളുള്ള കെട്ടിടം നടന്നുകയറാന്‍ അദ്ദേഹത്തിന് വേണ്ടിവന്നത് വെറും 37 മിനിറ്റും 38 സെക്കന്റും മാത്രം.

 

രാജകുമാരന്‍ തന്നെയാണ് ഇക്കാര്യം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 'ബുര്‍ജ് ഖലീഫ ചലഞ്ച്' എന്ന അടിക്കുറിപ്പ് നല്‍കിയാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ അടക്കം പങ്കുവച്ചിരിക്കുന്നത്. ഇതിലൂടെ 710 കലോറി എരിഞ്ഞില്ലാതായി എന്നും രാജകുമാരന്‍ പറഞ്ഞിട്ടുണ്ട്. 

 

സാഹസിക പ്രവൃത്തികളിലൂടെ ഇതാദ്യമായല്ല ശൈഖ് ഹംദാന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ആരോഗ്യത്തോടെയിരിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ജനങ്ങളെ ഫിറ്റ്നസിലേക്ക് പ്രോത്സാഹിപ്പിക്കുന്ന ദുബായ് ഫിറ്റ്‌നെസ് ചലഞ്ചിന്റെയടക്കം ഭാഗമായിരുന്നു അദ്ദേഹം. സ്‌കൈ ഡൈവിങ്, ഹൈക്കിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങി എല്ലാത്തിലും അദ്ദേഹം പരീക്ഷണം നടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം വിഡിയോകളും വിശേഷങ്ങളും രാജകുമാരന്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടാറുമുണ്ട്.