ചിത്രം: NASA

ചിത്രം: NASA

പവിഴപ്പുറ്റിനെ നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചത് പോലെ, പിറവിയുടെ രഹസ്യങ്ങൾ ഒളിപ്പിച്ച് കാലാതിവർത്തിയായി നിൽക്കുന്ന പിറവിയുടെ തൂണുകള്‍ വീണ്ടും ജെയിംസ് വെബിന്റെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നിന്റെ ചിത്രം നാസയാണ് പുറത്ത് വിട്ടത്.  നക്ഷത്രാലംകൃതമായ പില്ലേഴ്സ് ഓഫ് ക്രിയേഷൻ കണ്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്ര ലോകം. 

 

ഭൂമിയിൽ നിന്ന് 6500 പ്രകാശവർഷം അകലെയുള്ള ഈഗിൾ നെബുലയുടെ കുഞ്ഞൻ ഭാഗം മാത്രമാണ് തിളങ്ങുന്ന മഞ്ഞുകണങ്ങൾ കൊണ്ട് അലങ്കരിച്ചത് പോലെ കാണുന്ന ക്രിയേഷൻ ഓഫ് പില്ലേഴ്സ്. 2005 ലാണ് നാസയുടെ ഹബിൾ ആദ്യമായി പിറവിയുടെ തൂണുകളെ പകർത്തിയത്. 2014 ൽ ഇവ വീണ്ടും ഹബിളിന്റെ ക്യാമറയിൽ പതി​ഞ്ഞു. ഇത്തവണത്തെ ചിത്രം കൂടുതൽ വ്യക്തമാണ്. 

 

പുതിയതായി രൂപമെടുത്ത നക്ഷത്രങ്ങളാണ് ഇത്തവണത്തെ ചിത്രത്തിന്റെ പ്രധാന ആകർഷണം. വാതകങ്ങളും പൊടിപടലങ്ങളും നിറഞ്ഞ തൂണുകൾക്കുള്ളിൽ മതിയായ പിണ്ഡത്തിലുള്ള കെട്ടുകൾ രൂപമെടുക്കുകയും ഇത് ഗുരുത്വബലം നഷ്ടപ്പെട്ട്  സാവധാനത്തിൽ ചൂട് പിടിച്ച് കാലക്രമേണെ പുതിയ നക്ഷത്രങ്ങളുടെ പിറവിയിലേക്ക് എത്തുന്നുവെന്നാണ് ശാസ്ത്രലോകം പറയുന്നത്.  ചില തൂണുകൾക്ക് മുകളിൽ ലാവാപടലമെന്നോണംകാണപ്പെടുന്നത് നക്ഷത്രങ്ങളിൽ നിന്ന് പുറത്ത് വരുന്ന വാതക ധൂമപടലങ്ങളാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.