TAGS

പാകിസ്ഥാനിലെ ഒരു റെസ്റ്റോറന്റില്‍ വൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫറുകൾ പ്രധാനമായും പുരുഷന്മാരെ ലക്ഷ്യമിട്ടുള്ളതാണ് എന്നതാണ് ശ്രദ്ധേയം. ഇത്തരത്തിൽ പുരുഷന്മാർക്കു വേണ്ടിയുള്ള ഓഫറിലേക്ക് ഇവരെ ആകർഷിക്കാൻ റെസ്റ്റോറന്റ് തിരഞ്ഞെടുപ്പ് പരസ്യമാർഗം ഇപ്പോൾ വിവാദമാകുകയാണ്.

 

ആലിയ ഭട്ട് വേശ്യാവൃത്തി ചെയ്യുന്നയാളുടെ കഥാപത്രമായി എത്തുന്ന 'ഗംഗുഭായ് കത്തിയവാഡി' എന്ന ചിത്രത്തിലെ രംഗമുൾപ്പെടുത്തിയാണ് പരസ്യം. ചിത്രത്തിലെ രംഗങ്ങളില്‍ ചില എഡിറ്റിങ്ങുകൾ നടത്തി പുറത്തുവന്നിരിക്കുന്ന പരസ്യത്തിനു പിന്നാലെ വിവാദങ്ങളും തലപൊക്കി കഴിഞ്ഞു. ഒരു വിഭാഗം ആളുകളെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയാണ് ഇതിനു പിന്നിലെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.

 

ഗംഗുഭായ് കത്തിയവാഡിയിൽ തന്റെ ആദ്യത്തെ കസ്റ്റമറിനെ ആകർഷിക്കുന്ന ആലിയയുടെ രംഗങ്ങളാണ് പരസ്യത്തിലുള്ളത്. ഇതിനൊപ്പം 'എന്താണ് മടിച്ചു നിൽക്കുന്നത്' എന്ന അടിക്കുറിപ്പും ചേർത്തിട്ടുണ്ട്. ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരം പ്രവർത്തിയാണ് ഈ പരസ്യത്തിനു പിന്നിലുള്ളവർ ചെയിതിരിക്കുന്നത് എന്നാണ് മിക്കവരും പരസ്യത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്ത് തരം വൃത്തികെട്ട മാർക്കറ്റിങ് രീതിയാണിതെന്നും പലരും ചോദിക്കുന്നു. ആളുകളെ ആകർഷിക്കാനായി ഇത്രയും തരംതാഴരുതെന്നും കമന്റുകളുണ്ട്.

 

 

വിവാദമായതോടെ വിഷയത്തിൽ ഖേദപ്രകടനവുമായി റെസ്റ്റോറന്റ് അധികൃതർ മുന്നോട്ടു വന്നു. 'ആരേയും വേദനിപ്പിക്കണമെന്ന ചിന്തയോടെയല്ല ഇങ്ങനെയൊരു പരസ്യം ഇറക്കിയത് ഇതൊരു പരസ്യത്തിന്റെ ആശയമായി മാത്രം കണ്ടാൽ മതി'- എന്നായിരുന്നു വിശദീകരണം. എന്നാൽ പരസ്യം പിൻവലിക്കാൻ ഇവർ തയ്യാറായതുമില്ല. വൻ തിരക്കാണ് തങ്ങൾക്ക് ഈ പരസ്യത്തിനു ശേഷമുണ്ടായത് എന്നും ഇവർ പറയുന്നു.