TAGS

സ്കൂളില്‍ അവധിയെടുത്തിട്ട് ജീവനോടെയുണ്ടെങ്കില്‍ പോലും അപ്പൂപ്പനേയും അമ്മൂമ്മയേയും 'കൊല്ലാ'റുണ്ട് പലപ്പോഴും പലരും. മറ്റെന്തെങ്കിലും കാരണംകൊണ്ടോ കാരണമൊന്നുമില്ലെങ്കില്‍ മടികൊണ്ടോ അവധിയെടുത്തിട്ടാണ് ഇത്‍. സ്കൂള്‍ കഴിഞ്ഞ് ജോലിക്കെത്തുമ്പോഴും വിഭിന്നമല്ല കാര്യങ്ങള്‍. എന്നാല്‍ അവധിയെടുക്കാനായി യുവാവ് തന്റെ ബോസിനയച്ചിരിക്കുന്ന സത്യസന്ധമായ ഒരു ഇ–മെയില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

 

സാഹിൽ എന്നയാൾ ട്വിറ്ററിലൂടെ പങ്കുവെച്ച 'സത്യസന്ധമായ' അവധി അപേക്ഷയാണിപ്പോള്‍ വൈറലായിരിക്കുന്നത്. മറ്റൊരു കമ്പനിയിൽ ഇന്റർവ്യൂ ഉള്ളതുകൊണ്ട് തനിക്ക് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അവധി അപേക്ഷയാണ് യുവാവ് ബോസിനയച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട സർ, ശുഭദിനം ആശംസിക്കുന്നു. മറ്റൊരു കമ്പനിയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ എനിക്ക് ഇന്ന് ലീവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഞാൻ ഈ മെയിൽ അയക്കുന്നത്. ആയതിനാൽ എനിക്ക് അവധി അനുവദിച്ചു തരണം'- എന്നതാണ് ഇ–മെയിലിന്റെ ഉള്ളടക്കം.

 

ജീവനക്കാരന്റെ സത്യസന്ധതയെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. എന്തും തുറന്നുപറയാന്‍ സ്വാതന്ത്ര്യം നൽകുന്ന കമ്പനിയുടെ ജോലി അന്തരീക്ഷത്തെയും ചിലർ അഭിനന്ദിക്കുന്നുണ്ട്. തങ്ങൾക്ക് ലഭിച്ച വ്യത്യസ്തമായ ലീവ് അപേക്ഷകളും രാജിക്കത്തുകളും ചിലർ ട്രെൻഡിനൊപ്പം ചേർന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.