liquor-party

TAGS

താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വച്ചുനടന്ന മദ്യസൽക്കാരത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന 51കാരിയുടെ പരാതിയെ തുടർന്ന് 72 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി. യു.കെയിലാണ് സംഭവം. റിത്ത ലെഹർ എന്ന യു.കെ- ആഫ്രിക്കന്‍ വംശജയാണ് പരാതി നൽകിയത്. മദ്യസൽക്കാരം നടക്കുന്നതിനെപ്പറ്റി കൂടെ ജോലി ചെയ്യുന്നവർ തന്റെ മുന്നിൽവച്ച് ചർച്ച ചെയ്തുവെങ്കിലും തന്നെ ക്ഷണിക്കുകയോ ഇതേക്കുറിച്ച് യാതൊന്നും തന്നോട് പറയുകയോ ചെയ്തില്ലെന്നാണ് റിത്ത ലെഹർ പരാതിപ്പെട്ടത്.

തന്റെ സ്ഥാപനത്തിലേക്ക് പുതിയതായി ജോലിക്കെത്തിയവര്‍ക്കായിരുന്നു മദ്യസൽക്കാരമൊരുക്കിയത്. എന്നാൽ സ്ഥാപത്തില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന തന്നെ ഒഴിവാക്കി. മാത്രമല്ല, കറുത്ത വര്‍ഗക്കാരിയായതിനാല്‍ തനിക്ക് സ്ഥാനക്കയറ്റം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായതായും റിത്ത പരാതിയിൽ പറഞ്ഞിരുന്നു.

പരാതി പരിഗണിച്ച എംപ്ലോയ്മെന്റ് ട്രിബ്യൂണൽ ഇത് വിവേചനമാണെന്ന് വ്യക്തമാക്കി. റിത്തയ്ക്ക് 74,113.65 പൗണ്ട് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു. കറുത്ത വര്‍ഗക്കാരിയായതുകൊണ്ടാണ് റിത്തയെ മാറ്റിനിര്‍ത്തിയത് എന്ന് ട്രിബ്യൂണൽ കണ്ടെത്തി‍. വര്‍ണവിവേചനം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്.