TAGS

പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടൻ ജഗദീഷിന്‍റെ ഭാര്യ ഡോക്ടർ രമ തിരക്കിൽ നിന്നൊഴിഞ്ഞു നിൽക്കാൻ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു.  വാരികകളിലോ പത്രങ്ങളിലോ ഫോട്ടോ അച്ചടിച്ച് വരുന്നതുപോലും രമയ്ക്ക് ഇഷ്ടമായിരുന്നില്ല. ഭാര്യയുടെ ഈ പ്രത്യേകസ്വഭാവത്തെക്കുറിച്ച് ജഗദീഷും തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ ഭാര്യയെക്കുറിച്ച് പറയാൻ നൂറ് എപ്പിസോഡ് മതിയാകില്ലെന്നും വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ് തങ്ങളുടെ ജീവിതവിജയത്തിന് പിന്നിലെന്നും ജഗദീഷ് അന്ന് പറഞ്ഞിരുന്നു.  മഴവിൽ മനോരമയിലെ പണം തരും പടം എന്ന പരിപാടിക്കിടെയാണ് അതിന്റെ അവതാരകൻ കൂടിയായ അദ്ദേഹം ഭാര്യയെക്കുറിച്ച് മനസുതുറന്നത്.

 

അന്ന് ജഗദീഷ് പങ്കുവച്ച വാക്കുകൾ ചുവടെ:

 

‘സാധാരണ ഒരു ഫോട്ടോയുടെ മുന്നിലും വരാൻ താൽപര്യമില്ലാത്ത ആളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ടാണ് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ എന്നോടു ചോദിച്ചു. എനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം താത്പര്യമില്ലാത്തയാളാണ് രമയെന്നായിരുന്നു ഞാൻ അദ്ദേഹത്തിനു കൊടുത്ത മറുപടി.  

 

ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല. അത്രത്തോളം പറയാനുണ്ട്. ഒരുകാര്യം മാത്രം പറഞ്ഞുനിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.’

 

ഫൊറൻസിക് ഡോക്ടർ എന്ന നിലയിൽ മികച്ച സേവനം കാഴ്ചവച്ചിരുന്ന ഡോക്ടർ രമയുടെ കണ്ടെത്തലുകൾ പല കേസുകളുടെയും കുരുക്കഴിക്കാൻ നിർണയക പങ്കുവഹിച്ചിരുന്നു. പ്രശസ്ത സിനിമാതാരം കലാഭവൻ മണിയുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കാനും ഡോക്ടർ രമയുടെ ഇടപെടൽ സഹായിച്ചിരുന്നു.   ജഗദീഷിന്റെ പിന്നിലെ ശക്തമായ പ്രചോദനമായി നിലകൊണ്ട ഡോക്ടർ രമ ദീർഘനാളായി കിടപ്പിലായിരുന്നു. ഡോ.രമ്യ ജഗദീഷ് (പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ.നരേന്ദ്രൻ നയ്യാർ ഐപിഎസ്, ഡോ. പ്രവീൺ പണിക്കർ.