TAGS

'കൂട്ടുകാരേ, ആത്മാഭിമാനത്തോടെ ആരുടെ മുന്നിലും കൈ നീട്ടാത്ത, എട്ടു വർഷമായി കൂടെയുള്ള കുറേ മനുഷ്യരുടെ ജീവിതത്തിൽ ഒരിത്തിരി വെളിച്ചം നൽകാൻ നിങ്ങളെന്റെ കൂടെ നിൽക്കുമോ? ഇംപ്രസയുടെ വെബ്സൈറ്റിലെ ഹോം പേജിലുള്ള 'ഹാന്റ് ലൂം ചലഞ്ച്' എന്ന ലിങ്കിൽ കയറി 550 രൂപ നിങ്ങളയച്ചാൽ രണ്ടര മീറ്റർ കൈത്തറിത്തുണി ഇന്ത്യ പോസ്റ്റ് വഴി നിങ്ങളുടെ കയ്യിലെത്തിക്കുന്നതാണ്'. കോവിഡിൽ അതിജീവിക്കാൻ പാടുപെടുന്ന കുറച്ച് മനുഷ്യരെ കണ്ട് അഞ്ജലി ചന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റാണിത്. നെയ്ത്തുകാരുടെ കണ്ണീരൊപ്പാൻ തുടങ്ങിയ ഹാൻഡ്​ലൂം ചലഞ്ച് ആളുകൾ ഏറ്റെടുത്ത സന്തോഷത്തിലാണ് അഞ്ജലി ഇപ്പോൾ‍.  ആ സന്തോഷം അങ്ങ് ആന്ധ്രയിലെ പോച്ചംപള്ളിയിലെ നെയ്ത്തുഗ്രാമങ്ങള്‍ വരെ എത്തുന്നുവെന്നത് കോവിഡ് കാലത്ത് ആരുടെയും മനസ് നിറയ്ക്കും. ചുരുങ്ങിയ സമയം കൊണ്ട് തരംഗമമായി മാറിയ ഹാന്‍ഡ് ലൂം ചലഞ്ചിനെ കുറിച്ച് അഞ്ജലി പറയുന്നു..

ഹാൻഡ് ലൂം ചലഞ്ച് പിറന്നതിങ്ങനെ...

ആന്ധ്രയിലെ പോച്ചംപള്ളിയിലെ നെയ്ത്തുകാരുടെ അവസ്ഥ അറിഞ്ഞപ്പോഴുണ്ടായ വിഷമമാണ് ഹാൻഡ്​ലൂം ചല​ഞ്ചിലേക്ക് എത്തിയത്. കഴിഞ്ഞ ഒൻപത് വർഷമായി മനസ് ഇത്രയും വേദനിച്ച സമയമുണ്ടായിട്ടില്ല. മാര്‍ച്ച് അവസാനം ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നു. നെയ്തു കൂട്ടിയ തുണികൾ വിറ്റഴിക്കാനാവാതെ നെയ്ത്തുകാർ കഷ്ടത്തിലായി. അവരുടെ ഇന്‍ക്രിമെന്റ് വരുന്ന സമയമാണത്. കേരളത്തിലേതുൾപ്പടെയുള്ള വെഡ്ഡിങ് സീസണാണ് നെയ്ത്തുകാര്‍ക്കും സീസണ്‍. ജൂലൈ ആയപ്പോഴേക്കും നെയ്ത്ത് ഇനിയും നടന്നില്ലെങ്കിൽ തൊഴിൽ ഉപേക്ഷിച്ച് മറ്റ് ജീവിത മാർഗ്ഗത്തിലേക്ക് തിരിയേണ്ടി വരുമെന്നും ഹൈദരാബാദിലേക്കോ, മുംബൈയിലേക്കോ പോകേണ്ടി വരുന്ന അവസ്ഥയിലാണ് നെയ്ത്തുകാരെന്നും മാസ്റ്റര്‍ വീവര്‍ സൂചന നല്‍കിയതോടെയാണ് പ്രശ്‌നം സങ്കീര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്.

സഹായമല്ല, ജോലിയാണ്, അത് ചെയ്യാനുള്ള സാഹചര്യമാണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയ വഴി ഒരു ചലഞ്ചിനെ കുറിച്ച് ആലോചിച്ച് പോസ്റ്റിട്ടത്. 550 രൂപ ഇംപ്രസയുടെ അക്കൗണ്ടിലേക്ക് അയച്ചു തരൂ, 2.5 മീറ്റര്‍ തുണി നിങ്ങള്‍ക്ക് അയച്ചു തരാമെന്നായിരുന്നു ആ പോസ്റ്റിന്റെ ചുരുക്കം. ചാരിറ്റിയേ ആയിരുന്നില്ല ഉദ്ദേശിച്ചത്. നെയ്ത്തുകാര്‍ക്ക് നെയ്ത തുണി വിറ്റുപോകണം, പുതിയത് നെയ്യാന്‍ പറ്റണം. അവരുടെ ജീവിത മാര്‍ഗം മുന്നോട്ട് പോകണം. അത് മാത്രമായിരുന്നു ചിന്ത.

 ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ജൂലൈ 27 നാണ് ഹാൻഡ് ലൂം ചലഞ്ച് പോസ്റ്റിടുന്നത്. ആഗസ്റ്റ് 15 മുതൽ ചലഞ്ച് ഉഷാറായി മുന്നോട്ട് പോകാൻ തുടങ്ങി. വാങ്ങിയവര്‍ കൈത്തറിയെ കുറിച്ചുള്ള അഭിപ്രായം പോസ്റ്റ് ചെയ്തതോടെ കൂടുതല്‍ പേര്‍ പങ്കാളികളായി. ആദ്യഘട്ടത്തില്‍ സുഹൃത്തുക്കളായിരുന്നു വാങ്ങിയത്. പിന്നീട് അത് വ്യാപിച്ചു. ചലഞ്ചായത് കൊണ്ട് തന്നെ അതിന്റേതായ വെല്ലുവിളികളും ഉണ്ടായി. ആന്ധ്രയില്‍ നിന്നും തുണി ഇംപ്രസയിലെത്തി, അവിടെ നിന്നുമാണ് ചലഞ്ചില്‍ പങ്കുചേര്‍ന്നവര്‍ക്ക് അയച്ച് നല്‍കുന്നത്. അതില്‍ സ്വാഭാവികമായ കാലതാമസം ഉണ്ടാകുന്നുണ്ട്. പക്ഷേ ഒരു ഓര്‍ഡര്‍ പോലും നഷ്ടമാവില്ല എന്ന ഉറപ്പാണ് ചലഞ്ചില്‍ പങ്കെടുത്തവര്‍ക്ക് ഞങ്ങള്‍ നല്‍കിയത്. മുന്നൂറോളം ആളുകൾ ഇതിനകം ഹാൻഡ്​ലൂം ചലഞ്ചിൽ പങ്കുചേർന്നു.

പോസ്റ്റലിലെത്തുക 'പോച്ചംപള്ളി' ഇക്കത്ത്

പോച്ചംപള്ളി ഇക്കത്താണ് ചലഞ്ചിലൂടെ ആളുകളിലേക്ക് എത്തുന്നത്. കുഷ്യൻ കവറോ, ടേബിൾ സ്പ്രെഡോ, ഷർട്ടോ, കുർത്തയോ ഒക്കെ ആയി ഉപയോഗിക്കാൻ പറ്റുന്ന രണ്ടര മീറ്റർ തുണിയാണ് ചലഞ്ചിൽ പങ്കുചേരുമ്പോൾ ലഭിക്കുക. കെട്ടുപോകാൻ പോയ ജീവിതം കൂടുതൽ തെളിച്ചത്തോടെ മുന്നോട്ട് പോകുന്ന സന്തോഷത്തിലാണ് നെയ്ത്തുഗ്രാമം. 

സോഫ്റ്റ്​വെയർ എഞ്ചിനീയറിൽ നിന്ന് സംരംഭകയിലേക്ക്

വിപ്രോയിലെ സോഫ്റ്റ്​വെയർ എ‍ഞ്ചിനീയർ ജോലി രാജിവച്ചാണ് അഞ്ജലി കൈത്തറിയുടെ ലോകത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. സംരംഭകയാകാൻ വേണ്ടി വന്നയാളല്ല താനെന്നും എട്ടു വർഷം മുൻപ് അപ്രതീക്ഷിതമായി പരിചയപ്പെട്ട ഒരു മാസ്റ്റർ വീവറിൽ നിന്നാണ് ജീവിതം പുതിയ വഴിയിലേക്ക് മാറിയതെന്നും അഞ്ജലി പറയുന്നു. അങ്ങനെ കൈത്തറി പ്രോൽസാഹിപ്പിക്കാൻ തുടങ്ങിയതാണ് ഇംപ്രസയെന്ന ബുട്ടീക്. ഓൺലൈനായും ഓഫ്​ലൈനായും ആവശ്യക്കാർക്ക് നല്ല തുണിത്തരങ്ങൾ ഇംപ്രസ വഴി എത്തിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് നിലച്ച് പോയേക്കാമായിരുന്ന നെയ്ത്തിനെ, ഒരു കൂട്ടം മനുഷ്യരെ തന്നാലാകും വിധം ചേർത്ത് പിടിക്കാനായ സന്തോഷത്തിലാണ് അഞ്ജലി.