മാധ്യമലോകത്തിന്‍റെ ഉള്ളുകള്ളികള്‍ വെളിച്ചത്തെത്തിക്കുന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ദ പോസ്റ്റ് എന്ന സിനിമയ്ക്ക് ഒരാസ്വാദനം, നിഷ പുരുഷോത്തമന്‍ എഴുതുന്നു
'വാട്ട് ഈസ് ദ മിഷന്‍ ഒാഫ് എ ന്യൂസ് പേപ്പര്‍..?' ഒരു പത്രത്തിന്‍റെ ദൗത്യം എന്താണ് എന്ന ചോദ്യം സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ പുതിയ സിനിമ ദ പോസ്റ്റില്‍ നിന്നാണ്. വാഷിങ്ടണ്‍ പോസ്റ്റ് പത്രമുടമ കാതറീന്‍ ഗ്രഹാമിന്‍റെ(മെറില്‍ സ്ട്രീപ്) ഈ ചോദ്യം സമകാലിക ഇന്ത്യയിലെ ഒാരോ പത്രാധിപരുടെയും എഡിറ്ററുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഹൃദയത്തില്‍ തറയ്ക്കുന്നതാണ്.
സ്പില്‍ബര്‍ഗ് സിനിമകളുടെ എല്ലാ ചേരുവകളും ഉണ്ട് ദ പോസ്റ്റിലും. സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാനാവാത്ത ഉദ്വേഗഗഭരിതമായ നിമിഷങ്ങള്‍ നിരവധി. പുതുതലമുറ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിചിതമല്ലാത്ത റിപ്പോര്‍ട്ടിങ് രീതികളും ഡെസ്കും എല്ലാം കൗതുകമുയര്‍ത്തുമെങ്കിലും കാലഭേദമെന്യേ ഏവരെയും സ്പര്‍ശിക്കുന്ന ചോദ്യമാണ് പത്രധര്‍മം സംബന്ധിച്ച് സിനിമയുയര്‍ത്തുന്നത്.
കഥാലോകം ഇങ്ങനെ
1971 ല്‍ ന്യൂയോര്‍ക് ടൈംസ് പത്രം ഒരു വിവാദരേഖ പ്രസിദ്ധീകരിച്ചു. വിയറ്റ്നാം യുദ്ധത്തില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടിട്ടും സര്‍ക്കാര്‍ സൈന്യത്തെ തിരിച്ചുവിളിക്കാന്‍ തയാറാവുന്നില്ല എന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ടായിരുന്നു അത്. രാഷ്ട്രീയ നേതൃത്വത്തിന്‍റെ അഭിമാനം സംരക്ഷിക്കാന്‍ മാത്രം നൂറുകണക്കിന് അമേരിക്കന്‍ യുവാക്കള്‍ മരിച്ചുവീഴുന്നു എന്ന വാര്‍ത്ത ഏറെ കോളിളക്കമുണ്ടാക്കി. വാഷിങ്ടണ്‍ പോസ്റ്റ് സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നകാലം. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഈ 'എക്സ്ക്ലുസീവ്' പോസ്റ്റിന് വീണ്ടും ക്ഷീണമായി. എക്സിക്യൂട്ടീവ് എഡിറ്റര്‍ ബെഞ്ചമിൻ ബ്രാഡ്‌ലി എന്ന ബെന്‍ ബ്രാഡ്‌ലി(ടോം ഹാങ്ക്സ്) സര്‍വമാര്‍ഗങ്ങളും ഉപയോഗിച്ച് രേഖ സംഘടിപ്പിക്കാനിറങ്ങുന്നു. ഒടുവില്‍ രേഖകള്‍ പോസ്റ്റിന് ലഭിക്കുമ്പോഴാണ് വന്‍ തിരിച്ചടി എത്തുന്നത്. സര്‍ക്കാരിന്‍റെ രഹസ്യരേഖകള്‍ എന്ന നിലയില്‍ പെന്‍റഗണ്‍ പേപ്പേഴ്സ് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ന്യൂയോര്‍ക് ടൈംസിനെ വിലക്കുന്ന കോടതി ഉത്തരവ് സംഘടിപ്പിക്കുന്നു നിക്സണ്‍ സര്‍ക്കാര്‍.
ഉത്തരവ് ടൈംസിനാണെങ്കിലും ആര് പ്രസിദ്ധീകരിച്ചാലും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകാമെന്ന് നിയമോപദേശം. രേഖ കിട്ടിയതിന്‍റെ ആവേശം അങ്കലാപ്പിനും നിരാശയ്ക്കും വഴിമാറുന്നു. പിന്നീടുള്ള പ്രധാനചോദ്യം നിയമനടപടികളെ നേരിടാന്‍ തയാറായി ഇത് പ്രസിദ്ധീകരിക്കാന്‍ പോസ്റ്റ് തയാറാവുമോ എന്നതാണ് ? പ്രസിദ്ധീകരിച്ചാൽ വാഷിങ്ടൻ പോസ്റ്റ് എന്ന പത്രം തന്നെ എന്നത്തേക്കുമായി പൂട്ടേണ്ടി വരും. മറുവശത്ത് നില്‍ക്കുന്നത്, അല്ലെങ്കില്‍ വാർത്തയ്ക്കെതിരെ രംഗത്തുവരിക സാക്ഷാല്‍ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സന്‍. ഡറക്ടര്‍ ബോര്‍ഡംഗങ്ങളും അഭിഭാഷകരും കാതറിൻ ഗ്രഹാമിനെ മുള്‍മുനയിലാക്കുന്നു. പ്രസിദ്ധീകരിക്കണം എന്ന നിലപാടുമായി ബ്രാഡ്‌ലി ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഒരു വശത്ത്, പാടില്ലെന്ന കര്‍ശന നിലപാടുമായി ഒാഹരി ഉടമകളും അഭിഭാഷകരും മറുവശത്തും. തീരുമാനം കാതറീന്‍ എന്ന പത്രാധിപയുടേത്.
ഭര്‍ത്താവ് ആത്മഹത്യ ചെയ്്ത, വിധവയായ കാതറിന്‍റെ ആത്മസംഘര്‍ഷങ്ങളെ ഇത്രമനോഹരമായി അവതരിപ്പിക്കാന്‍ മെറില്‍ സ്ട്രീപ്പിനെപ്പോലൊരു മഹാപ്രതിഭയ്ക്കേ സാധ്യമാവൂ എന്ന ആ കഥാപാത്രം പലവട്ടം നമ്മെ ഓര്‍മിപ്പിക്കുന്നു.
മുഴങ്ങുന്ന ആ ചോദ്യം
ചുറ്റും നില്‍ക്കുന്ന എല്ലാവരോടുമായാണ് കാതറിന്‍ ആ ചോദ്യമുന്നയിക്കുന്നത്, വാട്ട് ഈസ് ദ മിഷന്‍ ഒാഫ് എ ന്യൂസ് പേപ്പര്‍? മാധ്യമധര്‍മമെന്നാല്‍ സര്‍ക്കാരിനെ അഥവാ രാഷ്ട്രീയനേതൃത്വത്തെ സന്തോഷിപ്പിക്കുന്ന വാര്‍ത്തകള്‍ മാത്രം നല്‍കി ബിസിനസ് ഉറപ്പിക്കുകയാണോ, ഭരണകൂട അഴിമതിയും കൊള്ളരുതായ്മയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുകയാണോ..? വലിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുക പുരുഷന്‍റെ മാത്രം കഴിവാണെന്ന് കരുതുന്ന ഒരു സമൂഹത്തിലാണ് കാതറീന്‍, സ്ഥാപനത്തിന്‍റെയും സര്‍ക്കാരിന്‍റെയും നിലനില്‍പ് അപകടത്തിലാക്കുന്ന തീരുമാനം എടുക്കേണ്ടി വരുന്നത്. തന്‍റെ വ്യക്തിബന്ധങ്ങളും ഇവിടെ കാതറിന്‍ എന്ന പത്രാധിപയുടെ മുന്നില്‍ ചോദ്യചിഹ്നമാകുന്നുണ്ട്. ഉറ്റസുഹൃത്തായ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് മക്നമാരയുടെ വിശ്വാസ്യതയും കൂടിയാണ് പൊതുസമൂഹത്തിന് മുന്നില്‍ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്.
മുന്‍ പ്രസിഡന്‍റ് ജോണ്‍ എഫ്.കെന്നഡിയുടെ സുഹൃത്തെന്ന് മറ്റുള്ളവര്‍ കരുതിയിരുന്ന ബെന്‍ ബ്രാഡ്‌ലിയ്ക്കും ഈ പ്രശ്നമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയനേതാക്കളില്‍ നിന്ന് എന്നും അകലം പാലിക്കണമെന്ന യാഥാര്‍ഥ്യം അദ്ദേഹവും മനസിലാക്കുന്നു, കാരണം മാധ്യമപ്രവര്‍ത്തകന് ഏതുസമയത്തും ആരെയും ചോദ്യം ചെയ്യേണ്ടി വന്നേക്കാം, അതില്‍ ഒരുതരത്തിലുള്ള മുന്‍വിധികളോ മടിയോ ഉണ്ടാവാതിരിക്കുന്നതാണ് മാധ്യമപ്രവര്‍ത്തകന്‍റെ വിജയം. പ്രതിരോധ സെക്രട്ടറി നിങ്ങളുടെ സുഹൃത്തായിരിക്കുന്നത് നിങ്ങള്‍ വാഷിങ്ടന്‍ പോസ്റ്റിന്‍റെ പത്രാധിപയായതുകൊണ്ടാണെന്ന് ഒാര്‍ക്കണമെന്ന് ബ്രാഡ്‌ലി കാതറീനോട് പറയുന്നു. പത്രത്തിന്‍റെ ആത്യന്തികമായ ഉത്തരവാദിത്തം വായനക്കാരോട് അല്ലെങ്കില്‍ ജനങ്ങളോടാണ്, അതുവഴി രാജ്യത്തോടും.
ചരിത്രത്തിലെ ചോദ്യം
'ദ് വാഷിങ്‌ടൺ പോസ്‌റ്റി'നെ ലോകത്തെ മികച്ച ദിനപത്രങ്ങളിലൊന്നാക്കി മാറ്റിയ, യുഎസ് ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്റിന്റെ രാജിയിലേക്കു നയിച്ച 'വാട്ടർഗേറ്റ്' വിവാദ വാർത്തകള്‍ പ്രസിദ്ധീകരിച്ച ബെന്‍ ബ്രാഡ്‌ലിയോട് മുന്‍പൊരിക്കല്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയപക്ഷപാതിത്വം സംബന്ധിച്ച ചോദ്യമുയര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ചും കെന്നഡിയുമായുള്ള അദ്ദേഹത്തിന്‍റെ സൗഹൃദം സംബന്ധിച്ച്. അതിന് ബ്രാഡ്‌ലി നല്‍കുന്ന ഉത്തരം ഇങ്ങനെയാണ്. "എനിക്ക് രാഷ്ട്രീയമില്ല, പിന്നെ അമേരിക്കയുടെ പ്രസിഡന്‍റ് ഏത് വ്യക്തിയാണെന്നത് എന്നിലെ മാധ്യമപ്രവര്‍ത്തകനെ ബാധിക്കുകയേയില്ല. മറിച്ച് പ്രസിഡന്‍റ് എന്ത് ചെയ്യുന്നു, ചെയ്യുന്നില്ല എന്ന് മാത്രമാണ് ഞാന്‍ നോക്കുന്നത്." അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്നത് പേരില്‍മാത്രമാകുന്ന കാലത്താണ് 'ദ പോസ്റ്റ്' പ്രസക്തമാവുന്നത്. എത്ര ത്യാഗം സഹിച്ചും അന്വേഷണം നടത്താനുള്ള മാധ്യമപ്രവര്‍ത്തകരുടെ ഉല്‍സാഹവും എന്ത് വെല്ലുവിളി നേരിട്ടും അത് പ്രസിദ്ധീകരിക്കാനുള്ള പത്രാധിപരുടെ മനസും ഒത്തുചേരുമ്പോഴാണ് ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന തൂണായി മാധ്യമങ്ങള്‍ മാറുന്നത്. വെളിച്ചമായി മാധ്യമങ്ങളില്ലെങ്കില്‍ വാഷിങ്ടണ്‍ പോസ്റ്റിന്‍റെ ആപ്തവാക്യം പറയുന്നതുപോലെ 'ജനാധിപത്യം അന്ധകാരത്തില്‍ മരിക്കും'..!