1956ൽ ഹോളിവുഡിൽ ഇറങ്ങിയ ഗോഡ്സില്ല എന്ന ജാപ്പനീസ് റീമേക്ക് ചിത്രം മോൺസ്റ്റർ സിനിമകള്‍ക്ക് തുടക്കം കുറിച്ച സിനിമകളിൽ ഒന്നായിരുന്നു. കടലിന്റെ അടിയില്‍ നിന്നും പൊങ്ങി വരുന്ന ഗോഡ്സില്ല എന്ന ഭീകര ജീവിയാണ് ചിത്രത്തിൽ. ചിലർ അതിനെ ഭയന്നു, മറ്റ് ചിലർ ആ ജീവിയെ ആരുടെയൊക്കൊയോ സാങ്കൽപിക സൃഷ്ടി എന്നു കരുതി വിട്ടുകളഞ്ഞു. വളരെ ചുരുക്കം ചിലർ ആ സിനിമ കണ്ട് ഏതോ സ്വപ്ന ലോകത്ത് ആണ്ടുപോയി.
ഗോഡ്സില്ലയ്ക്കും മുകളിൽ അവരുടെ ഭാവന വളർന്നു. കൊണ്ടു നടക്കാൻ രസമുള്ള ഭ്രാന്തായി ആ സിനിമ അങ്ങനെ ഒരാളിൽ വളർന്നത് ഹോളിവുഡിനും, ലോകത്തിന് മുഴുവന്‍ ഒരു മഹാദ്ഭുതം സമ്മാനിച്ചു.
ആ മനുഷ്യന്‍ ലോകത്തിന് ചലച്ചിത്രത്തിന്റെ തന്നെ മറുവാക്കായി.പറഞ്ഞു വന്നത് സ്റ്റീഫൻ സ്പീൽബെർഗിനെ പറ്റിയാണ്. അന്ന് ആ പ്രതിഭാധനന്‍ തീര്‍ത്ത അദ്ഭുതത്തിന് ജുറാസിക് പാര്‍ക്ക് എന്നുപേര്. ലോക കാഴ്ചക്കാര്‍ ആ പാര്‍ക്കിലെത്തി അമ്പരന്നിട്ട് ഇത് മുപ്പതാം വര്‍ഷം.
തീർത്തും സാങ്കൽപികമായി നിന്ന പല കാഴ്ച്ചകളും സ്പില്‍ബര്‍ഗ് സ്ക്രീനിലെത്തിച്ചു. ആ ലോകത്ത് യുഗങ്ങൾക്ക് മുന്നെ നാട് നീങ്ങിയ ഡിനോസറുകളും അന്യ ഗ്രഹ ജീവികളും സ്വൈര്യ വിഹാരം നടത്തി.
1990ൽ മൈക്കൾ ക്രിക്ക്റ്റണ്‍ എഴുതിയ ജുറാസിക് പാർക്ക് എന്ന നോവലാണ് സിനിമയ്ക്ക് ആധാരം. ഒന്നര മില്ല്യൺ ഡോളറിനാണ് യൂണിവേഴ്സിൽ സ്റ്റുഡിയോയ്ക്കൊപ്പം സ്പീല്‍ബെർഗ് നോവലിൻറെ പകർപ്പവകാശം സ്വന്തമാക്കുന്നത്. നൂറോളം കമ്പനികളുമായി ജുറാസിക് പാർക്കിന് ലൈസൻസ് ഉടമ്പടിയുമുണ്ടായിരുന്നു. 1993ൽ വാഷിങ്ടണിലെ അപ് ടൗണ്‍ തിയേറ്ററിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്. സ്പീൽബർഗിൻറെ തന്നെ ഇ.റ്റി എന്ന ചിത്രത്തെ കടത്തിവെട്ടിയായിരുന്നു ജുറാസിക് പാർക്കൻറെ കളക്ഷന്‍. 914 മില്ല്യൺ ഡോളറായിരുന്നു ചിത്രത്തിന് അന്ന് ലഭിച്ചത്. ഡേവിഡ് കോപ്പ് തിരക്കഥ പൂർത്തിയാക്കിയ ചിത്രം നിർമിച്ചത് കാത്ലീൻ കെന്നഡി, ജെരാൽഡ് ആർ മെലോൻ എന്നിവരാണ്. മൂന്ന് അക്കാഡമി അവാർഡുകൾ ഉൾപ്പെടെ ഇരുപത് അവാർഡുകൾ ജുറാസിക് പാര്‍ക്ക് സ്വന്തമാക്കി. മറ്റ് സംവിധായകരിൽ നിന്നും 1997ൽ ദി ലോസ്റ്റ് വേൾഡ് ജുറാസിക് പാർക്ക്, 2001ൽ ജുറാസിക് പാർക് 3, 2015 ൽ ജുറാസിക് വേൾഡ്, 2018ൽ ജുറാസിക് ഫാലൻ കിങ്ഡം, ഒടുവിൽ 2022ൽ ജുറാസിക് വേൾഡ് ഡൊമിനിയൻ എന്നിങ്ങനെ അഞ്ച് ചിത്രങ്ങൾ ഇറങ്ങിയെങ്കിലും ഒന്നാം ഭാഗത്തിൻറെ തട്ട് താണ് തന്നെ ഇരിക്കുന്നു ഇന്നും.
മൂന്ന് പതിറ്റാണ്ടുമുൻപ് ജുറാസിക് പാർക്കിന്‍റെ പണിപ്പുരയിൽ ഇന്നത്തെ സംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന സമയത്താണ് ആ ദിനോസറുകളുണ്ടായത്. തനിക്ക് ദിനോസറുകളെ ഉണ്ടാക്കാൻ സ്പീൽബെര്‍ഗ് കണ്ടെത്തിയത് യൂണിവേഴ്സല്‍ സ്റ്റുഡിയോയ്ക്ക് വേണ്ടി കിങ് കോങിനെ നിർമിച്ച ബോബ് ഗറിനെയാണ്. ഇൻഡസ്ട്രിയൽ ലൈറ്റ് ആൻഡ് മാജിക് എന്ന കമ്പനിയാണ് ഡിനോസറുകളുടെ ഡിജിറ്റൽ കംപോസറ്റിങ് നടത്തിയത്.
വിഡിയോ ഗെയിമുകളിലാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ജീവികളുടെ ശബ്ദം ഉണ്ടാക്കാനായി ഡിജിറ്റൽ സൗണ്ടിനെ ആശ്രയിച്ചു. അതിന് വേണ്ടി ഡി.റ്റി.എസ് എന്ന കമ്പനിയിൽ അദ്ദേഹം നിക്ഷേപം നടത്തി. ടെർമിനേറ്റർ സീരിസുകളിൽ അടക്കം ദൃശ്യ വിസ്മയം തീർത്ത സ്റ്റാന്‍ വിൻസ്റ്റൻ എന്ന അമേരിക്കൻ ഡിജിറ്റല്‍ ക്രിയേറ്ററാണ് ചലിക്കുന്ന ഡിനോസർ രൂപങ്ങളെ അഥവാ ആനിമട്രോണിക് ദിനോസറുകളെ നിർമിച്ചത്.
സാധരണ ഒരു മോൺസ്റ്റർ മൂവി ആയിരുന്നില്ല സ്പീൽബെർഗിൻറെ ആവശ്യം, ഭാവിയിൽ ദിനോസറുകളെ യഥാർഥത്തിൽ തിരിച്ചുകൊണ്ടുവന്നാൽ എന്ന ചിന്തയാണ് അദ്ദേഹത്തെ നയിച്ചത്. അതേവർഷം പുറത്തിറങ്ങിയ അദ്ദേഹത്തിൻറെ തന്നെ ഷിൻഡ്്ലേഴ്സ് ലിസ്റ്റിന് ശേഷമാണ് ജുറാസിക് പാർക്കിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്.
നോവലില്‍ കഥ നടക്കുന്നത് കോസ്റ്റ റിക്കയിലാണങ്കിലും കാലിഫോർണിയയിലും ഹവായിലുമായിരുന്നു ചിത്രത്തിൻറെ ലൊക്കേഷൻ. ദിനോസറുകളെ നിർമിക്കുമ്പോൾ പാലിയന്റോളജിസ്റ്റ് ജാക്ക് ഹോർണറിന്റെ മേൽ നോട്ടവും ഉണ്ടായിരുന്നു. ദിനോസറുകളുടെ വൈഡ് ഷോട്ടുകൾ കൈകാര്യം ചെയ്തത് ഓസ്കർ അവാർഡ് ജേതാവ് ഫിൽ ടിപ്പറ്റായിരുന്നു. പ്രീ പ്രൊഡക്ഷനുശേഷം 1992 ആഗസ്റ്റ് 22 നാണ് ചിത്രീകരണം തുടങ്ങുന്നത്. ചിത്രത്തിൽ ഉപയോഗിച്ച ഫോര്‍ഡ് കാറുകൾക്കുൾപ്പെടെ വരുത്തിയ മാറ്റം സിനിമയുടെ ആകർഷണങ്ങളില്‍ ഒന്നായിരുന്നു. ഡിനോസറുകൾ വീടിൻറെ അടുക്കളയിൽ കയറി കുട്ടികളെ ആക്രമിക്കാനൊരുങ്ങുന്ന രംഗമുൾപ്പെടെയുള്ളവ ചിത്രീകരിച്ചത് യൂണിവേഴ്സൽ സ്റ്റുഡിയോയുടെ തന്നെ സ്റ്റേജുകളിലാണ്. ഛായാഗ്രാഹകൻ ഡീൻ കണ്‍ന്റിയുടെ ബ്രില്ല്യൻസ് സീനിലുടനീളം കാണാം. ഇൻഡോർ സീനുകളില്‍ ചിലത് വാർണർ ബ്രോസിൻറെയും സ്റ്റേജുകളിലാണ് നടന്നത്. വെള്ളത്തിലെ സ്റ്റണ്ട് സീനുകൾ ദിനോസറുകളുടെ പുറം തൊലിയെ കേടായി ബാധിച്ചതുൾപ്പെടെ നിരവധി പ്രതികൂല സാഹചര്യങ്ങളും ചിത്രീകരണ വേളയിലുണ്ടായിരുന്നു.
സിനിമയുടെ പേര് സൂചിപ്പിക്കുന്നതനുസരിച്ച് ബ്രക്കിയോസറസ്, ഡിലോഫോസറസ് എന്നീ ഇനത്തിൽപ്പെട്ട ദിനോസറുകൾ മാത്രമായിരുന്നു ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്നത്. എന്നാൽ ടി.റെക്സ് വെലോസിറാപ്റ്റർ ട്രൈസെറാപ്റ്റേഴ്സ്, ഗല്ലിമിമസ് തുടങ്ങിയ പല കാലഘട്ടത്തിലെ ദിനോസർ വർഗത്തിൽപ്പെട്ടവ സ്ക്രീനിൽ വരുന്നുണ്ട്. അതിൽ തന്നെ ഏറ്റവും ഭീതിയും ആവേശവും ജനിപ്പിച്ചത്, ടി റെക്സാണ്. യാതൊരു കൃത്രിമത്വവും തോന്നിപ്പിക്കാതെ ഇവയെയെല്ലാം സ്ക്രീനിലെത്തിച്ചു എന്നത് സംവിധായകൻറെ പകരം വയ്ക്കാനില്ലാത്ത മികവ്.
നോവൽ അതുപോലെ തന്നെ സിനിമ ആക്കുകയായിരുന്നില്ല ജുറാസിക് പാർക്കിൽ. നോവിലിലെ കഥാപാത്രങ്ങളെ അപേക്ഷിച്ച് സിനിമയിൽ അവരുടെ വ്യക്തി ജീവിതവും സ്വഭാവവും കുറേക്കൂടി വ്യക്തമായി കാണിക്കുന്നുണ്ട്. ഡേവിഡ് കോപ്പ് ഡിനോസറുകള്‍ക്കും ജുറാസിക് പാർക്കിൻറെ കൗതുകങ്ങൾക്കുമപ്പുറം അതിലെ മനുഷ്യർക്കും അവർ തമ്മിലുള്ള ബന്ധങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നുണ്ട്. മോൺസ്റ്റർ മൂവികൾ പ്രേഷകർ ഏറ്റെടുക്കണമെങ്കിൽ അതിലെ കഥാപാത്രങ്ങളായ മനുഷ്യരുമായി അവർക്ക് ഒരു ഹൃദയബന്ധം ഉണ്ടാകണം. സാങ്കേതിക സംവിധാനങ്ങൾ പോലെ തന്നെ കഥാപാത്രങ്ങളും പ്രേഷകരെ വിസ്മയിപ്പിച്ച സിനിമയാണിത്. സിനിമയിലെ എല്ലാവരും ഇഷ്ടപ്പെട്ട എല്ലി സാറ്റലറിന്റെയും അലൻ ഗ്രാന്റിന്റെയും പ്രണയരംഗങ്ങൾ മുതൽ ഒരോ കഥാപാത്രങ്ങളും സിനിമ കാണാൻ വന്ന മനുഷ്യരുമായി ബന്ധമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടില്ല.
കാലം കഴിയുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ഐല നുബ്ലാറില്‍ ക്ലോൺ ഡിനോസറുകളെ സൃഷ്ടിച്ച വ്യവസായിയായ ജോൺ ഹമ്മോണ്ടും, കൊച്ചുമക്കളായ ലെക്സും ടിമ്മും അവിടെത്തെ ദിനോസറുകളും അവിടേയ്ക്ക് വന്ന ശാസ്തരജ്ഞൻമാരും മനുഷ്യരെ ആകർഷിച്ചുകൊണ്ടേയിരിക്കും. പതിറ്റാണ്ടുകളോളം, അല്ല, നൂറ്റാണ്ടുകളോളം ലോകം ആ പാര്‍ക്കില്‍ തന്നെ തുടരും എന്നുറപ്പ്.