alphonse-kannanthanam

 

ചിരിയരങ്ങുകളിലെ താരമാണ് കുറച്ചുകാലമായി ഷീല അല്‍ഫോണ്‍സ് കണ്ണന്താനം. ചെറുതായി തുടങ്ങി വലുതായി പടര്‍ന്നുകയറിയ ഒട്ടൊരുപാട് ട്രോളുകളിലെയും നായിക. ഒരുവേള കടുത്ത വ്യക്തിയധിക്ഷേപങ്ങളിലേക്ക് വരെ കടന്നു ഈ ട്രോളുകള്‍. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ സി.വി.ആനന്ദബോസ് ചില അനുഭവ ചിത്രങ്ങള്‍ പറഞ്ഞു. ചിലര്‍ തീര്‍ത്തും പരിഹാസ കഥാപാത്രമാക്കിയ ഷീലയുടെ ഉയര്‍ന്ന നര്‍മബോധം വെളിച്ചത്തെത്തിക്കുന്ന അനുഭവങ്ങള്‍.

 

ഒന്നാം അനുഭവം; ഈ വിവാദങ്ങള്‍ ഒക്കെ കത്തി നില്‍ക്കുന്നതിനിടെ ആനന്ദബോസ് തന്റെ പ്രിയസുഹൃത്തിന്‍റെ ഭാര്യയെ കണ്ടു. സാരമില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ച ആനന്ദബോസിനോട് ഷീല കണ്ണന്താനം ചിരിതൂകി പറഞ്ഞു: ബോസേ, ഞാന്‍ വെറും രണ്ട് മിനിറ്റ് കൊണ്ട് എത്രയോ ലക്ഷങ്ങളെ ചിരിപ്പിച്ചു എന്നാണ് പറയുന്നത്. ചാര്‍ലി ചാപ്ലിന് പോലും പറ്റാത്ത കാര്യമല്ലേ അത്..?

 

രണ്ടാം അനുഭവം: അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ വലിയ 'കെട്ടിടം പൊളിക്കലും ഒഴിപ്പിക്കലും' നടത്തിയ കാലം. എതിര്‍പ്പുകള്‍ രൂക്ഷമായിരുന്നു. നാലുപാടുനിന്നും തെറിവിളികള്‍ വരുന്ന കാലം. ഒരു ഫോണ്‍കോള്‍ ഷീലയ്ക്കും വന്നു. ഹിന്ദിയിലാണ് അസഭ്യം പറച്ചില്‍. ഷീല അയാളോട് ചോദിച്ചു:  ഇതാരാ വിളിക്കുന്നത്. ഉടന്‍ വന്നു മറുപടി: തേരാ ബാപ്പ്. തന്റെ അച്ഛനെ വിളിച്ച ആളോട് ഷീല പറഞ്ഞ മറുപടി ഇങ്ങനെ:  ഓ, അച്ഛനാണോ..? അച്ഛന്‍ ഇത്രവേഗം ഹിന്ദി പഠിച്ചോ..?!!! 

 

മൂന്നാം അനുഭവം: തെരുവ് നായ്ക്കളെ വളര്‍ത്തുകയാണ് ഷീല കണ്ണന്താനത്തിന്‍റെ ഇപ്പോഴത്തെ വലിയ പ്രവര്‍ത്തനം. ഒരിക്കല്‍ ഡല്‍ഹിയിലെ വീട്ടില്‍ പോയപ്പോള്‍ നായകള്‍ക്കൊപ്പം ആനന്ദബോസിന്‍റെ ചിത്രമെടുത്തു ഷീല. ആനന്ദബോസ് മറ്റ് പട്ടികളുടെ കൂടെ എന്ന് അടിക്കുറിപ്പ് എഴുതരുത് എന്ന് കളിയായി പറഞ്ഞു ആനന്ദബോസ്. ഉടനടി വന്നു മറുപടി. ‘ഇല്ല ബോസേ... പട്ടികള്‍ക്ക് ആക്ഷേപകരമാകുന്ന ഒന്നും ‍ഞാന്‍ ചെയ്യില്ല..!’ 

ഇതാണ് ഷീല കണ്ണന്താനം. എന്തിലും  നര്‍മം കണ്ടെത്തുന്ന മനസ്സാണ് അവരുടേത്– ആനന്ദബോസ് പറഞ്ഞു. എല്ലാത്തിനും മൂകസാക്ഷിയായി അല്‍ഫോണ്‍സ് കണ്ണന്താനം ഉണ്ടായിരുന്നു. രസകരമായ വിഡിയോ കാണാം.