ഒടിയനുവേണ്ടി മോഹന്‍ലാലിന്‍റെ സമര്‍പ്പണം വാര്‍ത്തകളില്‍ ഇപ്പോഴുമുണ്ട്. പുതിയ രൂപഭാവങ്ങളില്‍ മോഹന്‍ലാല്‍ പൊതുവേദിയില്‍ വന്ന അന്നുമുതല്‍ മലയാളി വിസ്മയത്തോടയാണ് മലയാളത്തിന് അത്ര പരിചിതമല്ലാത്ത ആ ആത്മസമര്‍പ്പണത്തെ നോക്കിക്കാണുന്നത്. സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരും കയ്യടിച്ച പകര്‍ന്നാട്ടം.
ഇപ്പോഴിതാ കൂടുതല്‍ സുന്ദരനായി ചെറുതാടിയില്‍ പുതിയ മോഹന്‍ലാല്‍. എണ്‍പതുകളില്‍ കണ്ടുമറന്ന പഴയ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ഓര്‍മപുതുക്കി ആ രൂപസൗകുമാര്യങ്ങളില്‍ ഒരാള്‍. വാക്കിലും നോക്കിലും സംസാരത്തിലും എല്ലാം മോഹന്‍ലാല്‍ എന്ന പുതിയ അനുഭവം.
മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2016 പുരസ്കാരം ഏറ്റുവാങ്ങാനാണ് മോഹന്‍ലാലെത്തിയത്. രാഷ്ട്രീയ സാമൂഹ്യ പ്രമുഖരും താരാഗണങ്ങളും സാക്ഷിയായ ചടങ്ങില്‍ പ്രിയതാരം ഏറ്റുവാങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സംവിധായകരായ ജോഷി, ഫാസിൽ, സത്യൻ അന്തിക്കാട്, സിബി മലയിൽ എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടിയാണ് താൻ ഓരോ വിഷയത്തിലും പ്രതികരിക്കാറെന്ന് പുരസ്കാരം സ്വീകരിച്ച് നടത്തിയ ഹൃസ്വ പ്രസംഗത്തില്‍ മോഹൻലാൽ പറഞ്ഞു. പ്രതികരണങ്ങളുടെ പ്രതിഫലനങ്ങളെക്കുറിച്ച് ആലോചിക്കാറില്ല. ബ്ലോഗുകൾ വഴി ജനങ്ങളുമായി സംവദിക്കുമ്പോൾ വിമർശനങ്ങൾ സ്വാഭാവികമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷേ വിമര്‍ശനങ്ങളും നിരൂപണങ്ങളും തന്നെ തളര്‍ത്താറില്ല. പ്രശംസകളും വിമര്‍ശനങ്ങളും ഒരുപോലെയാണ് തന്നെ ബാധിക്കാറുള്ളത്-അദ്ദേഹം പറഞ്ഞു.
ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് മനോരമ ന്യൂസ് , ന്യൂസ് മേക്കർ 2016 പുരസ്കാരം സംഘടിപ്പിച്ചത്. മലയാള മനോരമ ഡെപ്യൂട്ടി എഡിറ്ററും എംഎംടിവി ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് എൻ.വി.സണ്ണി, മനോരമ ന്യൂസ് ന്യൂസ് ഡയരക്ടര്‍ ജോണി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
ലോകമെങ്ങുമുള്ള മനോരമ ന്യൂസ് പ്രേക്ഷകർ എസ്.എം.എസ്, ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ന്യൂസ് മേക്കർ 2016 ആയി മോഹൻലാലിനെ തിരഞ്ഞെടുത്തത്. ന്യൂസ് മേക്കര്‍ പുരസ്കാരദാന ചടങ്ങിന്‍റെ പൂര്‍ണ സംപ്രേഷണം നാളെ രാത്രി ഒന്‍പതുമണിക്ക് മനോരമ ന്യൂസില്‍ കാണാം.