സിജെപി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായി നീങ്ങിയ പൊലീസ് വാഹനം തടഞ്ഞ 27 കാരി റിയ അഹിറിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരുപാടു പേര്‍ റിയയെ പ്രശംസിച്ചും രംഗത്തെത്തി. ഒരുപാട് പേര്‍ റിയക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. എന്നാല്‍ അതിനിടയിലും കടുത്ത സൈബർ ആക്രമണവും വേട്ടയാടലുകളും റിയക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോളിതാ, തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും അപവാദങ്ങൾക്കുമെതിരെ രംഗത്തെത്തിയിരിക്കുകയാണ് റിയ. മുംബൈ പൊലീസിനെ തടഞ്ഞ വൈറൽ പെൺകുട്ടി എന്നതിനപ്പുറം നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച 20 കുട്ടികളെ രക്ഷിക്കാൻ ഇടപെട്ട പെൺകുട്ടിയാണ് താനെന്ന് റിയ മാധ്യമങ്ങളോട് വിളിച്ചുപറയുകയാണ്.
സാധാരണക്കാരായ ആളുകൾക്ക് പുറമെ ചില രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും തനിക്കെതിരെ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടുന്നുണ്ടെന്ന് റിയ ആരോപിക്കുന്നു. ഫെയ്സ്ബുക്ക് അടക്കം സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റുകൾ വരുന്നുണ്ടെന്നും, 140 രൂപയ്ക്ക് ശരീരം വിൽക്കുന്നവളാണ് താനെന്ന തരത്തിൽ, വളരെ മോശമായ രീതിയിലുള്ള കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും റിയ കൂട്ടിച്ചേർത്തു. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ മനോനില എത്രമാത്രം മലിനമാണെന്ന് സമൂഹം ചിന്തിക്കണമെന്നും റിയ പറഞ്ഞു.
റിയയുടെ പ്രതികരണം: ‘എന്റെ പേര് റിയ അഹിർ. മുംബൈ പൊലീസിന്‍റെ മുന്നിൽ ധൈര്യത്തോടെ നിന്ന ആ പെൺകുട്ടിയാണ് ഞാൻ. നിങ്ങൾ പറയുന്നത്, മുംബൈ പൊലീസിനെ തടഞ്ഞ് വൈറലായ പെൺകുട്ടി എന്നാണ്. പക്ഷേ, എനിക്ക് പറയാനുള്ളത് ഇതാണ്, നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുക്കപ്പെടാൻ പോകുകയായിരുന്ന 20 കുട്ടികളെ രക്ഷിക്കാൻ ഇടപെട്ട പെൺകുട്ടിയാണ് ഞാൻ. ദയവായി നിങ്ങളുടെ കാഴ്ചപ്പാടും വിശേഷണവും മാറ്റൂ.
ഞാൻ ചെയ്ത ആ പ്രവൃത്തിയുടെ പേരിൽ ഇപ്പോൾ കടുത്ത പീഡനമാണ് എനിക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്. ആ അവഹേളനങ്ങളെ ഞാന്‍ ട്രോളുകള്‍ എന്ന് വിളിക്കില്ല. കാരണം ഇത് ട്രോളുകളല്ല അല്ല, ഇത് ഒരു കുറ്റകൃത്യമാണ്. സാധാരണ ജനങ്ങൾ മാത്രമല്ല, ചില പാർട്ടി പ്രവർത്തകരും അവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിൽ എനിക്കെതിരെ പോസ്റ്റുകൾ ഇടുകയാണ്. 140 രൂപയ്ക്ക് എന്റെ ശരീരം വിൽക്കുന്നവളാണ് ഞാൻ എന്ന രീതിയിൽ പ്രചാരണം നടത്തുകയാണ്. അങ്ങനെ പറയണമെങ്കില്‍ അവരുടെ മനസ്സിൽ എത്രമാത്രം മലിനമായ ചിന്തകളായിരിക്കുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ചുനോക്കൂ’– റിയ പരഞ്ഞു.
അതേസമയം, തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും അപകീർത്തിപ്പെടുത്തലുകൾക്കുമെതിരെ കഴിഞ്ഞ 27-ാം തീയതി തന്നെ പൊലീസില്‍ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ എഫ്ഐആറിന്റെ പകർപ്പ് പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് റിയ ആരോപിച്ചു. പെൺമക്കളെ വിദ്യാഭ്യാസം നേടാനും സമൂഹത്തിൽ സുരക്ഷിതമായി ജീവിക്കാനും പോലും അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും റിയ പറയുന്നു.
സിജിപിയുടെ പ്രതിഷേധത്തിനിടെ ശിവാജി പാര്‍ക്കിലാണ് പ്രതിഷേധം തുടര്‍ന്നവരെ കുത്തിനിറച്ച് കൊണ്ടുപോകുന്ന പൊലീസ് വാനിന് മുന്നില്‍ കൈവച്ച് റിയ ആഹിര്‍ നിന്നത്. കനത്ത മഴയില്‍ കനത്ത മഴയ്ക്കിടെ ഹൂഡിയും തൊപ്പിയും ധരിച്ചെത്തിയ റിയയുടെ ചിത്രങ്ങളാണ് വൈറലായത്. സിജെപി പ്രതിഷേധത്തിന്‍റെ തന്നെ ഹീറോയായി റിയ മാറി. റിയ വാന്‍ തടഞ്ഞതിന് പിന്നാലെ മുംബൈ പൊലീസുമായി കനത്ത വാഗ്വാദവും ഏറ്റുമുട്ടലുമുണ്ടാകുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ മുട്ടുമടക്കേണ്ടി വന്ന പൊലീസ് അല്‍പ്പനേരം മുന്നോട്ടുപോയശേഷം പ്രതിഷേധക്കാരെ വിട്ടയക്കാമെന്നായി. ഉടന്‍ വിട്ടയക്കണമെന്ന നിലപാടില്‍ നിന്ന് റിയയും പിന്നോട്ട് പോയില്ല. വാനിന് മുന്നില്‍ നിന്ന് ഒരടി മാറാന്‍ പോലും റിയ വിസമ്മതിച്ചതോടെ വഴങ്ങാതെ പൊലീസിന് നിവൃത്തിയില്ലെന്നായി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വിട്ടയക്കുകയായിരുന്നു. നടിയും മോഡലും സംരംഭകയുമാണ് റിയ അഹിർ. ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലേറെപ്പേർ റിയയെ പിന്തുടരുന്നുണ്ട്.