പഞ്ചാബിൽ കോൺഗ്രസിന്‍റെ 'ഇൻസാഫ് റാലിയിൽ' പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയുടെ കൊലപാതകവും സംസ്ഥാനത്തെ ക്രമസമാധാന നിലയും താരതമ്യം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിൽ ഇന്ന് ഭയത്തിന്റെയും ഗുണ്ടാരാജിന്റെയും അന്തരീക്ഷമാണ് നിലവിലുള്ളത്. മൂസാവാലയെ വെടിവെച്ചുകൊന്ന അതേ മാനസികാവസ്ഥയാണ് ഇന്നും സംസ്ഥാനത്തിന്‍റെ മുക്കിലും മൂലയിലുമുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്‍റെ തട്ടകമായ സംഗ്രൂരിൽ നടന്ന റാലിയിലാണ് രാഹുൽ ഗാന്ധി പഞ്ചാബിലെ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഗായകന്‍ സിദ്ദു മൂസാവാലയുടെ കൊലപാതകം അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ വ്യക്തിപരമായ ദുഃഖം മാത്രമല്ലെന്നും, പഞ്ചാബിൽ സ്വന്തം ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് മുന്നിലുള്ള വലിയൊരു മുന്നറിയിപ്പാണെന്നും ഓർമിപ്പിച്ചു.
റാലിയില്‍ പങ്കെടുത്ത മൂസാവാലയുടെ പിതാവിനെ വേദിയിലേക്ക് ക്ഷണിച്ചതിനു ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. വെടിവയ്പ്പിന് ഉത്തരവാദികളായ മാനസികാവസ്ഥ ഇപ്പോഴും സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. "അദ്ദേഹത്തിന്‍റെ മകന് സംഭവിച്ചത് ഇന്ന് പഞ്ചാബിൽ ഒരു ഫാഷനായി മാറിയിരിക്കുന്നു. എല്ലാവരുടെയും മുന്നിൽ വെച്ച് സിദ്ദു മൂസാവാലയെ യാതൊരു ഭയവുമില്ലാതെ വെടിവെച്ചുകൊന്ന അതേ മാനസികാവസ്ഥയാണ് ഇന്ന് പഞ്ചാബിന്‍റെ ഓരോ കോണിലുമുള്ളത്." - രാഹുൽ ഗാന്ധി പറഞ്ഞു.
താൻ രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുൻപ് മൂസ്വാലയെ കണ്ടുമുട്ടിയ നിമിഷങ്ങളും രാഹുൽ റാലിയിൽ അനുസ്മരിച്ചു. രാഷ്ട്രീയത്തിന്‍റെ അപകടസാധ്യതകളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും, ആ മിടുക്കനായ ചെറുപ്പക്കാരൻ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
2022 മെയ് 29-നാണ് മൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് ശുഭ്ദീപ് സിംഗ് സിദ്ദു എന്ന സിദ്ദു മൂസാവാല വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഗായകന്‍റെ സുരക്ഷ പഞ്ചാബ് സർക്കാർ വെട്ടിക്കുറച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. കുപ്രസിദ്ധ ഗുണ്ടകളായ ലോറൻസ് ബിഷ്ണോയിയും ഗോൾഡി ബ്രാറുമാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കുറ്റപത്രത്തിലുള്ളത്. കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പഞ്ചാബിലെ തൊഴിലില്ലായ്മയും വ്യവസായങ്ങളുടെ കുറവും ലഹരി മാഫിയയ്ക്കും ഗുണ്ടാസംഘങ്ങൾക്കും വളക്കൂറായ മണ്ണൊരുക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വർഷങ്ങൾക്ക് മുൻപ് പഞ്ചാബിലെ ലഹരി ഉപയോഗത്തെക്കുറിച്ച് താൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും എതിരാളികൾ അത് അവഗണിക്കുകയാണുണ്ടായത് എന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ആം ആദ്മി പാർട്ടി സഭക്കാരന്‍റെ ഭരണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങളുടെ ഭാഗമായാണ് സംഗ്രൂരിൽ റാലി സംഘടിപ്പിച്ചത്. ക്രമസമാധാനം, ലഹരി വ്യാപനം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി ഭരണപക്ഷത്തിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്.