അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരിടേണ്ടിവന്ന തിരിച്ചടിയെയും കനത്ത പരാജയത്തെയും പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആയിരുന്നു അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കിൽ ഡൊണാൾഡ് ട്രംപിന് ഈ ദുർഗതി വരുമായിരുന്നില്ലെന്നാണ് അഭിജിത് ദീപ്കെയുടെ പരിഹാസം. തന്റെ സോഷ്യൽ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് സിജെപി സ്ഥാപകന്റെ പ്രതികരണം.
'ഗ്യാനേഷ് കുമാർ ഒരിക്കലും ട്രംപിന് ഈ ഗതി വരുത്താന്‍ സമ്മതിക്കില്ലായിരുന്നു'- അഭിജിത് ദീപ്കെ എക്സില്‍ കുറിച്ചു. ജെസ്റ്റ് സെയിങ്ങ് എന്ന ഹാഷ്ടാഗും അഭിജിത് ദീപ്കെ പങ്കുവെച്ചിട്ടുണ്ട്.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പാർട്ടിക്ക് കോൺഗ്രസിന്റെ ഇരുസഭകളിലുമുള്ള നിയന്ത്രണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി സി.ജെ.പി നേതാവ് സൗരവ് ദാസും രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പോടെമാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ലെന്നും സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിനേറ്റ വലിയ പ്രഹരമാണിതെന്നുമാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
അതേസമയം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മികച്ച മുന്നേറ്റം നടത്തുകയും കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പ്രവചനങ്ങളെപ്പോലും മറികടന്ന് റിപ്പബ്ലിക്കന്‍ കോട്ടകളില്‍ നീലത്തിരമാലയടിച്ചത്. വോട്ടെണ്ണല്‍ തുടങ്ങിയ നിമിഷം മുതല്‍ ഡെമോക്രാറ്റുകള്‍ ലീഡ് നേടി. 435 അംഗ ജനപ്രതിനിധിസഭയില്‍ 218 എന്ന കേവലഭൂരിപക്ഷത്തിനും മുകളിലാണ് ഡെമോക്രാറ്റുകളുടെ ലീഡ്. 100 അംഗ സെനറ്റിലും 51 എന്ന കേവലഭൂരിപക്ഷത്തിന്റെ ലീഡ് മറികടന്നു.
എന്നാല്‍ ബാലറ്റില്‍ താനില്ലാതിരുന്നതാണ് തോല്‍വിക്ക് കാരണമെന്നു പറഞ്ഞ ട്രംപ്, ഇറാനും വിലക്കയറ്റവും തിരിച്ചടിക്ക് കാരണമായെന്ന് പ്രതികരിച്ചു. വീറ്റോ ഭീഷണി ആവര്‍ത്തിച്ച ട്രംപ് പിന്നീട് ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. ഭിന്നിപ്പിക്കുന്നവരെയല്ല ഒരുമിപ്പിക്കുന്നവരാണ് വേണ്ടതെന്ന സന്ദേശമാണ് യുഎസ് ജനം നല്‍കിയതെന്ന് മുന്‍ പ്രസിഡന്റും ഡെമോക്രാറ്റ് നേതാവുമായി ബറാക് ഒബാമ പ്രതികരിച്ചു. കൂടുതല്‍ ആഘാതങ്ങള്‍ തടയാനാണ് ഇനി ശ്രമിക്കേണ്ടതെന്നും ഒബാമ പറഞ്ഞു.