ചന്ദ്രനും സൂര്യനും സനാതന ധർമത്തിന്റേതാണെന്നും മുസ്ലിംകൾ ഈദ് ആഘോഷിക്കാൻ അനുമതി ചോദിക്കണമെന്നുമുള്ള ബിജെപി എംഎൽഎ രാമേശ്വർ ശർമയുടെ പരാമർശം വിവാദത്തിൽ. ഈദ് ആഘോഷിക്കാൻ മുസ്ലിംകൾ ഇനി തങ്ങളോട് അനുവാദം ചോദിക്കേണ്ടിവരുമെന്ന പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ഭോപ്പാലിലെ ഹുസൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് രാമേശ്വർ ശർമ.
ഭോപ്പാലിൽ നടന്ന സ്വദേശി മേളയുടെ വേദിയിലായിരുന്നു ശർമയുടെ പ്രസ്താവന. ചന്ദ്രൻ ഭഗവാൻ ശിവന്റെ നെറ്റിയിൽ സ്ഥിതി ചെയ്യുന്നതിനാൽ അത് സനാതന ധർമത്തിന്റേതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ചന്ദ്രനെ ആദരിക്കുന്നവർ ഭഗവാൻ ശങ്കരന്റെ ചിത്രം സ്ഥാപിച്ച് ആരാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ചന്ദ്രൻ ആരുടെ ശിരസിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പറയൂ? നിങ്ങൾ ചന്ദ്രനെ ആദരിക്കുന്നുണ്ടെങ്കിൽ അതിനെ ആരാധിച്ചോളൂ. ഭഗവാൻ ശങ്കരന്റെ ചിത്രം സ്ഥാപിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ആരാധിക്കൂ. ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് അത് ഒരു 'സനാതന ചന്ദ്രനല്ലേ?' ഈ 'സനാതന ചന്ദ്രനെ' നോക്കിയാണല്ലോ നിങ്ങൾ ഈദ് ആഘോഷിക്കുന്നത്. അതിനാൽ, ഈദ് ആഘോഷിച്ചോളൂ, പക്ഷേ ആ 'സനാതന ചന്ദ്രനെ' നോക്കി സനാതന ധർമത്തിന്റെ മഹത്വം പാടുകയും ചെയ്യൂ. നിങ്ങൾ ഭഗവാൻ ശങ്കരനെ അംഗീകരിക്കുന്നില്ലെങ്കിൽ-അദ്ദേഹം ഒരു ഗുഹയിലേക്ക് പോയി മറഞ്ഞാലോ?-ചന്ദ്രനെ പിന്നെ കാണാൻ കഴിയില്ല.
ചന്ദ്രനെ കാണാൻ കഴിയില്ലെങ്കിൽ ഈദ് എങ്ങനെ ആഘോഷിക്കും? അതുകൊണ്ടാണ് ചന്ദ്രൻ ഭഗവാൻ ശങ്കരന്റെ നെറ്റിയിൽ വിശ്രമിക്കുന്നത്. അത് അദ്ദേഹത്തിന്റെ നെറ്റിയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ ചന്ദ്രൻ ഭഗവാൻ ശങ്കരന്റേതാണ്. സൂര്യനും ഞങ്ങളുടേതാണ്. പിന്നെ എന്തുകൊണ്ട് അതിനെ ആരാധിച്ചുകൂടാ? നിങ്ങൾ സൂര്യനെ അധിക്ഷേപിക്കുന്നു, എന്നാൽ ചന്ദ്രനെ നോക്കിയാണ് ഈദ് ആഘോഷിക്കുന്നത്. ഈ ഭൂമിയിൽ ചന്ദ്രനും സൂര്യനും ഉദിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം സനാതന ധർമം നിലനിൽക്കും''- രാമേശ്വർ ശർമ പറഞ്ഞു
ശർമയുടെ പരാമർശത്തിനെതിരെ മുസ്ലിം നേതാവ് അബ്ബാസ് ഹഫീസ് രംഗത്തെത്തി. മൂന്ന് തവണ എംഎൽഎയായ ഒരാളിൽ നിന്ന് പക്വമായ പ്രസ്താവനകളാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഈദ് ആഘോഷിക്കാൻ മുസ്ലിംകൾ ബിജെപി എംഎൽഎയുടെയോ സർക്കാരിന്റെയോ അനുമതി തേടേണ്ടതുണ്ടോ എന്നും ഹഫീസ് ചോദിച്ചു. ചന്ദ്രൻ ആരുടേതാണെന്ന തർക്കത്തിനപ്പുറം, ഈദ് ആഘോഷിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രനെയും സൂര്യനെയും പ്രകൃതിയിലെ മറ്റു ഘടകങ്ങളെയും വിഭജിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇവയെല്ലാം എല്ലാവർക്കുമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഇസ്ലാമിക പണ്ഡിതൻ തൗഖീർ നിസാമിയും പ്രതികരിച്ചു. ശർമയുടെ പ്രസ്താവന വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഒക്ടോബർ 24 മുതൽ നവംബർ 4 വരെ ഭോപ്പാലിൽ സംഘടിപ്പിക്കുന്ന സ്വദേശി മേളയിലാണ് വിവാദ പ്രസ്താവന ഉണ്ടായത്. സ്വദേശി ജാഗരൺ മഞ്ചും സ്വർണിം ഭാരതവർഷ് ഫൗണ്ടേഷനും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ വേദിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ശർമ ഈദ് ആഘോഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നടത്തിയത്.