അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും (ഫയല്‍ ചിത്രം)
ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിന് കഷ്ടിച്ച് ആറുമാസം മാത്രം ബാക്കി നില്‍ക്കേ ബിജെപിക്കെതിരെ കൈകോര്‍ക്കാനുറപ്പിച്ച് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിച്ച കോണ്‍ഗ്രസിന് കയ്പുനീര്‍ കുടിക്കേണ്ടിവന്നിരുന്നു. അധികാരം തിരിച്ചുപിടിക്കാനുള്ള എസ്പിയുടെ ലക്ഷ്യവും കഴിഞ്ഞ തവണ നിറവേറിയില്ല. അതുകൊണ്ടുതന്നെ ലോക്സഭാതിരഞ്ഞെടുപ്പിലെ സഖ്യം നിയമസഭാതിരഞ്ഞെടുപ്പിലും തുടരാനാണ് ഇരുപാര്‍ട്ടികളുടെയും തീരുമാനം. പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവുമടക്കം എസ്പിയുടെയും കോണ്‍ഗ്രസിന്‍റെയും ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നേതാക്കളാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, സച്ചിന്‍ പൈലറ്റ്, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍
കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്ത്?: ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ്‍വാദി പാര്‍ട്ടിയും തമ്മില്‍ തന്നെയാണ് യഥാര്‍ഥ പോരാട്ടം. വോട്ട് വിഹിതത്തില്‍ ബിഎസ്പി മൂന്നാമതുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ കിട്ടിയത് 2.33 ശതമാനം വോട്ടാണ്. മല്‍സരിച്ചത് 399 സീറ്റില്‍. കിട്ടിയത് 2 സീറ്റും. എന്നിട്ടും ഇക്കുറി 170 സീറ്റെങ്കിലും കിട്ടണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. സമാജ്‍വാദി പാര്‍ട്ടി നേതൃത്വത്തിന് സീറ്റുകളുടെ പട്ടികയും കൈമാറിക്കഴിഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭവും രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയും പ്രിയങ്ക ഗാന്ധിയുടെ കരിസ്മയുമെല്ലാം വച്ചാണ് നേതൃത്വം വിലപേശുന്നത്. എന്നാല്‍ നിലമറന്നുള്ള ഒരു കോംപ്രമൈസിനും എസ്പി തയാറായേക്കില്ല.
ഡല്‍ഹിയില്‍ നടന്ന ഗ്യാനേഷ് വിരുദ്ധ പ്രക്ഷോഭത്തില്‍ അഖിലേഷ് യാദവ് ‘ഇന്ത്യ’ സഖ്യ നേതാക്കള്‍ക്കൊപ്പം
ഉത്തര്‍പ്രദേശ് നിയമസഭയില്‍ ആകെ 403 സീറ്റാണ് ഉള്ളത്. കേവലഭൂരിപക്ഷത്തിന് 202 സീറ്റ് വേണം. കഴിഞ്ഞ തവണ 376 സീറ്റില്‍ മല്‍സരിച്ച ബിജെപി 255 സീറ്റുമായി ഒറ്റയ്ക്ക് അധികാരം നിലനിര്‍ത്തി. സമാജ്‍വാദി പാര്‍ട്ടി 347 സീറ്റില്‍ മല്‍സരിച്ച് 111 ഇടത്ത് വിജയിച്ചു. കോണ്‍ഗ്രസ് 399 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും മിക്കയിടങ്ങളിലും കെട്ടിവച്ച കാശ് നഷ്ടമായി. കഴിഞ്ഞ തവണ 403 സീറ്റിലും മല്‍സരിച്ച ബിഎസ്പി ഒറ്റ സീറ്റിലൊതുങ്ങി. പക്ഷേ അവര്‍ക്ക് 12.88 ശതമാനം വോട്ട് കിട്ടി. ബിജെപിയുടെ 41.29 ശതമാനവും എസ്പിയുടെ 32.06 ശതമാനവും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് മായാവതിയുടെ പാര്‍ട്ടിക്കാണ്.
‘ഇന്ത്യ’ മുന്നണിയുടെ യോഗം ഡല്‍ഹിയില്‍ ചേരുന്നു
ഗ്രൗണ്ട് റിയാലിറ്റി ഇങ്ങനെയാണെങ്കിലും തിരഞ്ഞെടുപ്പില്‍ തുല്യപങ്കാളിയെന്ന പ്രതിച്ഛായയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. സമാജ്‍വാദി പാര്‍ട്ടി ഉള്ളിന്‍റെയുള്ളില്‍ അതൊട്ട് ആഗ്രഹിക്കുന്നുമില്ല. പക്ഷേ 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും 2017 നിയമസഭാതിരഞ്ഞെടുപ്പിലും ഒന്നിച്ച് മല്‍സരിച്ചപ്പോഴുണ്ടായ ഫലം ഇരുപാര്‍ട്ടികളെയും വിട്ടുവീഴ്ചകള്‍ക്ക് പ്രേരിപ്പിച്ചേക്കും. ലോക്സഭാതിരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റില്‍ മുപ്പത്തേഴും എസ്പിയാണ് ജയിച്ചത്. കോണ്‍ഗ്രസ് ആറിടത്തും വിജയിച്ചു. ബിജെപിക്ക് 33 സീറ്റ് മാത്രമാണ് ലഭിച്ചത്.
എങ്കിലും നിയമഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്ര സീറ്റുകള്‍ കൈമാറാന്‍ എസ് പി നേതൃത്വം തയാറായേക്കില്ല. ജയസാധ്യതയുടെ അടിസ്ഥാനത്തില്‍ എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചാണ് 170 സീറ്റുകളുടെ പട്ടിക കോണ്‍ഗ്രസ് അഖിലേഷിന് നല്‍കിയത്. എ ക്ലാസ് മണ്ഡലങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ബി ക്ലാസ് മണ്ഡലങ്ങളില്‍ ചെറിയ വിട്ടുവീഴ്ചകള്‍ ആലോചിക്കാമെന്നും കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ സി, ഡി വിഭാഗങ്ങളില്‍പ്പെട്ട മണ്ഡലങ്ങളില്‍ തുറന്ന ചര്‍ച്ചയാകാമെന്നാണ് നിലപാട്.
എന്നാല്‍ ആര് എത്ര സീറ്റില്‍ മല്‍സരിക്കുന്നു എന്നതല്ല, ബിജെപിയെ താഴെയിറക്കി ഭരണം തിരിച്ചുപിടിക്കാനുള്ള ഭൂരിപക്ഷം നേടിയെടുക്കുകയാണ് പ്രധാനമെന്ന് അഖിലേഷ് യാദവ് തന്നെ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളെയും മണ്ഡലങ്ങളും തീരുമാനിക്കുന്നത് ജയസാധ്യത അടിസ്ഥാനമാക്കി മാത്രമായിരിക്കുമെന്നും അഖിലേഷ് നിലപാടെടുത്തിട്ടുണ്ട്. സീറ്റുകളുടെ എണ്ണവും ഏതൊക്കെ സീറ്റുകള്‍ എന്നതും തീരുമാനിക്കാന്‍ ഇരുപാര്‍ട്ടികളും സംയുക്ത സമിതി രൂപീകരിക്കുമെന്നും സൂചനയുണ്ട്. എങ്കില്‍പ്പോലും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ടാണ് അഖിലേഷുമായി നടത്തുന്ന ആശയവിനിമയവും പൊതുധാരണയും തന്നെയാകും സീറ്റെണ്ണത്തില്‍ അന്തിമമാകുക.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക നേതാക്കളെ കാണുന്ന അഖിലേഷ് യാദവ്
ലോക്സഭാതിരഞ്ഞടുപ്പിലെ നേട്ടം യുപിയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പലരിലും അമിത ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. എസ്.പിയുടെ പിന്നില്‍ നില്‍ക്കേണ്ടവരല്ലെ കോണ്‍ഗ്രസ് എന്നാണ് ശരണ്‍പുര്‍ എംപി ഇസ്മാന്‍ മസൂദിന്‍റെ നിലപാട്. എസ്പിയുടെ നിബന്ധനകള്‍ക്ക് വഴങ്ങരുതെന്നും അഖിലേഷിനെ മുഖ്യമന്ത്രിയാക്കാന്‍ നടക്കേണ്ട കാര്യമില്ലെന്നുമൊക്കെ തുറന്നടിക്കുന്ന മസൂദ് പാര്‍ട്ടി നേതൃത്വത്തിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
വേണം ജനപ്രീതി, ഒപ്പം കാശും
ഒരുവശത്ത് സഖ്യചര്‍ച്ചകള്‍ തുടരുമ്പോള്‍ പ്രധാന മണ്ഡലങ്ങളിലെങ്കിലും ജയസാധ്യതയും ജനപിന്തുണയുമുള്ള സ്ഥാനാര്‍ഥികളെ തേടുകയാണ് കോണ്‍ഗ്രസ്. സാമ്പത്തിക ഭദ്രത കൂടി ഉള്ളവര്‍ക്കാണ് ആദ്യപരിഗണനയെന്ന് പ്രാദേശികനേതാക്കള്‍ പറയുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ അനര്‍ഹരായ പലരും സ്ഥാനാര്‍ഥികളാകുകയും പാര്‍ട്ടിയില്‍ നിന്ന് പണം കൈപ്പറ്റി പ്രവര്‍ത്തിക്കാതിരിക്കുകയും ഒടുവില്‍ കെട്ടിവച്ച തുക പോലും നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. 70 ലക്ഷം രൂപയാണ് ഒരു മണ്ഡലത്തില്‍ പാര്‍ട്ടി നല്‍കിയത്. ഇത്തവണ ഇത്തരം വീഴ്ചകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍ പറയുന്നു.
ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ വലിയതോതില്‍ ഉയരുന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. സമാജ്‍വാദി പാര്‍ട്ടിയും അത് അവഗണിക്കുന്നില്ല. ദലിത്, ന്യൂനപക്ഷ, പിന്നാക്ക വോട്ടുകള്‍ ഇക്കുറി രാഹുല്‍ ഗാന്ധിയില്‍ കേന്ദ്രീകരിക്കുമെന്നും ഭരണഘടനയ്ക്കായും സമൂഹിക നീതിയ്ക്കായും രാഹുല്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. ഇത് പരിഗണിച്ച് പൂര്‍വാഞ്ചല്‍–ഔധ് പ്രദേശങ്ങളിലൂടെ ബലിയ മുതല്‍ മീററ്റ് വരെ പദയാത്ര നടത്താനും പദ്ധതിയുണ്ട്. ഉത്തര്‍പ്രദേശില്‍ ബിജെപിയെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ദേശീയരാഷ്ട്രീയത്തില്‍ സൃഷ്ടിക്കാവുന്ന ചലനങ്ങളെക്കുറിച്ച് കോണ്‍ഗ്രസിന് വ്യക്തമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ അഖിലേഷുമായുള്ള ചര്‍ച്ചകളിലും ജയസാധ്യത ഒരു പ്രധാന ബെഞ്ച്മാര്‍ക്കായി വരും.