hardeep-singh-puri-esptine
  • ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രതിപക്ഷ നേതാക്കൾ പുറത്തുവിട്ടു.

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാക്കള്‍. എപ്സ്റ്റീനെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നും പ്രതിനിധി സംഘത്തിനൊപ്പമായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് ഹര്‍ദീപ് സിങ് പുരി നേരത്തെ പറഞ്ഞിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി (എസ്പി) നേതാക്കള്‍ പോസ്റ്റിട്ടത്. 

'മോദിക്ക് എത്തരം ആളുകളെയാണ് ഇഷ്ടം, ആരെയാണ് അദ്ദേഹം തനിക്ക് ചുറ്റും നിർത്തിയിരിക്കുന്നത്? ആർഎസ്‌എസും വലതുപക്ഷവും എക്കാലത്തും സ്ത്രീകളെ തുല്യരായി കാണുകയോ ബഹുമാനിക്കുകയോ ചെയ്യുകയില്ല എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോ?' എന്നാണ് ചിത്രം പങ്കിട്ടുകൊണ്ട് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ എക്സില്‍ കുറിച്ചത്. 

ഈ രണ്ടു ചിത്രത്തിലും പ്രതിനിധി സംഘം മേശയ്ക്ക് അടിയില്‍ ഒളിഞ്ഞിരിക്കുകയാണോ എന്നാണ് ടിഎംസി എംപിയായ മഹുവ മൊയ്ത്ര ചോദിച്ചു. പ്രതിനിധി സംഘത്തിനൊപ്പമാണ് താന്‍ എപ്സ്റ്റീനെ കണ്ടതെന്ന് ഹര്‍ദീപ് സിങ് പുരി പറയുന്ന വിഡിയോയും മഹുവ മൊയ്ത്ര പങ്കിട്ടു. 

ഹർദീപ് സിംഗ് പുരി മറുപടി പറയണമെന്നാണ് എന്‍സിപി വക്താവ് അനിഷ് ഗവാന്‍ഡെ ആവശ്യപ്പെടുന്നത്. ഇവ അപകീർത്തികരമായ ഫോട്ടോകളാണ്. മുൻ കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി, താൻ ഒരു അംബാസഡർ എന്ന നിലയിലാണെങ്കിൽ പോലും ജെഫ്രി എപ്സ്റ്റീനെ എന്തിനാണ് കണ്ടതെന്ന് മറുപടി പറയണം. കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം എക്സിലെ കുറിപ്പില്‍ വ്യക്തമാക്കി. 

താൻ പ്രതിനിധി സംഘത്തിന്റെ ഭാ​ഗമായാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് നേരത്തെ ഹർദീപ് സിങ് പുരി പറഞ്ഞിരുന്നത്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ രൂപീകരിച്ച ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ മൾട്ടിലാറ്ററലിസം എന്ന പ്രോജക്ടുമായി ബന്ധപ്പെട്ട പ്രതിനിധി സംഘത്തിന്റെ ഭാഗമായി എപ്സ്റ്റീനെ ഔദ്യോഗിക പദവിയിലിരിക്കെ മൂന്നോ നാലോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നാണ് അദ്ദേഹം ഫെബ്രുവരിയിൽ വ്യക്തമാക്കിയത്. യുഎന്നിൽ ഇന്ത്യയുടെ അംബാസഡർ സ്ഥാനം രാജിവച്ചതിനു ശേഷവും കേന്ദ്ര മന്ത്രിസഭയിൽ ചേരുന്നതിന് മുൻപമുള്ള കാലയളവിലാണ് കൂടിക്കാഴ്ചകളെന്നും ഹർദീപ് സിങ് പുരി വ്യക്തമാക്കി. എപ്സ്റ്റീനുമായുള്ള തന്റെ ഇടപെടലുകൾ പൂർണ്ണമായും ഔദ്യോഗികമായിരുന്നുവെന്നും ക്രിമിനൽ ആരോപണങ്ങളുമായി ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Opposition leaders have shared photos of Union Petroleum Minister Hardeep Singh Puri in a one-on-one meeting with convicted sex offender Jeffrey Epstein, sparking a major political row. Leaders from the Congress, Trinamool Congress, and NCP (SP) challenged Puri's earlier statement that he only met Epstein as part of an official delegation. Leaders including Supriya Shrinate, Mahua Moitra, and Anish Gawande questioned the nature of these private meetings and demanded full disclosure regarding the interactions. Minister Puri had previously maintained that his brief interactions with Epstein occurred strictly in an official capacity as part of the Independent Commission on Multilateralism project.