ഡല്ഹിയില് പ്രതിഷേധം അതിന്റെ സകല ഊര്ജ്ജത്തോടെയും മുന്നേറുകയാണ്. മനസ്സുകൊണ്ട് പ്രതിഷേധക്കാര്ക്ക് ഒപ്പമായിരിക്കാം എന്നാല് സാഹചര്യങ്ങള്കൊണ്ട് നമുക്ക് അവിടെ എത്തിച്ചേരാന് സാധിക്കണമെന്നില്ല. എന്നാല് അതേ വികാരത്തോടെ പ്രതിഷേധിക്കുകയും വേണം... പരിഹാരമുണ്ട് ബ്രോ...
എത്രവേണമെങ്കിലും പ്രതിഷേധിക്കാം. പൊലീസിന്റെ അടി കൊള്ളേണ്ട, അടിപിടിയുടെ പേരിൽ പൊലീസ് സ്റ്റേഷനിൽ കയറേണ്ട. എല്ലാം ഡിജിറ്റലായ ഈ കാലത്ത് അതിനും ഒരു വെബ്സൈറ്റ് എത്തിയിരിക്കുന്നു. Digital Tapli (digitapli.com). ‘Gyanu, it's done bro!’, അതെ നിര്ത്തിക്കോ...പ്രതിഷേധം ഇനി ഈ സൈറ്റ് വഴി അറിയിക്കാം.
രാഷ്ട്രീയ പ്രതിഷേധമെന്നാൽ മുദ്രാവാക്യങ്ങൾ, പ്രകടനങ്ങൾ, പ്ലക്കാർഡുകൾ, നേതാക്കളുടെ പ്രസംഗങ്ങൾ... പതിവ് കാഴ്ചകൾ പലതുണ്ട്. എന്നാൽ പ്രതിഷേധത്തിന്റെ ഭാഷ ഡിജിറ്റൽ ലോകത്തേക്ക് മാറുമ്പോൾ അതിന് പുതിയ രൂപങ്ങളും കൈവരുന്നു. അതിന്റെ കൗതുകകരമായ ഉദാഹരണമാണ് Digital Tapli. തമാശയും ആക്ഷേപഹാസ്യവും ചേർത്തൊരുക്കിയ ഈ വെബ്സൈറ്റിന്റെ ആശയം ലളിതമാണ്. കൈ ഉയർത്തുന്നതിന് പകരം ക്ലിക്കുകൾകൊണ്ട് വികാരം പ്രകടമാക്കാം.
‘Gyanu, it's done bro!’ എന്ന വാചകമാണ് വെബ്സൈറ്റിലെ ശ്രദ്ധേയമായ ഘടകം. ഇന്ത്യയുടെ ഭൂപടം, സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകളും ഇതില് കാണാം. ഏത് സംസ്ഥാനത്താണ് കൂടുതൽ, എവിടെയാണ് കണക്ക് മുന്നിൽ, തുടങ്ങിയ കണക്കുകളും സൈറ്റില് കാണാം. തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ, ക്രിക്കറ്റിൽ റൺസ്, രാഷ്ട്രീയത്തിൽ സീറ്റ് നില... ഇനി ഡിജിറ്റൽ പ്രതിഷേധത്തിലും കണക്ക് ഇവിട ക്ലിയര് ആണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയരുന്ന പ്രതിഷേധം വോട്ടർപട്ടിക പരിഷ്കരണവും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സംബന്ധിച്ച വലിയ രാഷ്ട്രീയ തർക്കത്തിന്റെ ഭാഗമാണ്. SIR നടപടികളിലൂടെ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടുവെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങളിലൊന്ന്. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികളെ ന്യായീകരിക്കുമ്പോൾ, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.
ഈ പശ്ചാത്തലത്തിൽ Digital Tapli പോലുള്ള ആക്ഷേപഹാസ്യ ഇടപെടലുകൾ പ്രതിഷേധത്തിന്റെ മറ്റൊരു മുഖമായി വായിക്കാം. രാഷ്ട്രീയ അസംതൃപ്തി പ്രകടിപ്പിക്കാൻ എല്ലായ്പ്പോഴും വേദിയും മൈക്കും ആവശ്യമില്ല എന്നത് ഒരിക്കല് കൂടി വ്യക്തമാകുകയാണ്. ചിലപ്പോൾ ഒരു വെബ്സൈറ്റും പരിഹാസം നിറഞ്ഞ വാചകവും മതി. WhatsApp വഴി പങ്കുവയ്ക്കാനുള്ള സൗകര്യവും സൈറ്റില് ഉണ്ട്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്താനുള്ള സാധ്യത ഏറെയാണ്.
എന്നാൽ, ഈ വെബ്സൈറ്റ് ഔദ്യോഗികമായി CJPയോ ഏതെങ്കിലും പ്രതിപക്ഷ പാർട്ടിയോ നിർമിച്ചതാണെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഇല്ല. മുദ്രാവാക്യങ്ങൾക്ക് പകരം മീമുകൾ, പ്ലക്കാർഡുകൾക്ക് പകരം സ്ക്രീനുകൾ, പ്രതിഷേധത്തിന്റെ കണക്കുകൾക്ക് പകരം ടാപ്ലി കൗണ്ടർ. സത്യത്തിനൊപ്പം വേറിട്ട പ്രതിഷേധങ്ങള് ഉയരട്ടെയല്ലേ...