ഇന്ത്യ സഖ്യത്തിന്‍റെ സുപ്രിംകോടതി മാര്‍ച്ചിനിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി (AP Photo/Prabhat Mehrotra)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും എസ്ഐആറിനുമെതിരെ രാഹുല്‍ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 14 പിഴവുകള്‍. ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍ അടയ്ക്കേണ്ട കോര്‍ട്ട് ഫീയില്‍ 220 രൂപയുടെ കുറവുണ്ടെന്ന് സുപ്രീംകോടതി രജിസ്ട്രി ചൂണ്ടിക്കാട്ടി. ഹര്‍ജി സമര്‍പ്പിച്ച ഒന്‍പതു പേരുടെ അനുമതി പത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുനന്‍ ഖര്‍ഗെയുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഫോട്ടോകോപ്പി തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണ്.
ഹര്‍ജിയിലെ അക്ഷരങ്ങള്‍ ചെറിയ അക്ഷരത്തിലാണെന്നും ചില രേഖകള്‍ കളര്‍ കോപ്പികള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടി. ഹര്‍ജിയിലെ ചില പേജുകള്‍ നഷ്ടമായിട്ടുണ്ടെന്നും ചിലത് മങ്ങിയവയാണെന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ചില പേജുകളുടെ പരിഭാഷകള്‍ ഹാജരാക്കുന്നതിലും പിഴവ് പറ്റിയിട്ടുണ്ട്. നേതാക്കളുടെ വക്കാലത്തും ഖര്‍ഗെയുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ വ്യക്തതയുള്ള കോപ്പിയും ഹാജരാക്കാനും കോടതി രജിസ്ട്രറി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, ഖാർഗെ, എം.എ. ബേബി, ഇ.ടി. മുഹമ്മദ് ബഷീർ, തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ്, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സുപ്രിയ സുലെ സഞ്ജയ് റാവത്ത്, ഡി രാജ, ജാർഖണ്ഡ് മുക്തി മോർച്ചയിലെ മഹുവ മാജി എന്നിവരാണ് ഹർജി സമർപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് എതിര്‍കക്ഷികള്‍. പോരായ്മകള്‍ പരിഹരിച്ചാല്‍ മാത്രമെ കോടതി ഹര്‍ജി വാദം കേള്‍ക്കാനായി എടുക്കുകയുള്ളൂ.
ഇന്നലെ ഇന്ത്യ സഖ്യത്തിന്‍റെ സുപ്രീംകോടതി മാര്‍ച്ചിനിടെയാണ് കോണ്‍ഗ്രസ് ലീഗല്‍ ടീം ഹര്‍ജി സമര്‍പ്പിച്ചത്. എസ്ഐആറുമായി ബന്ധപ്പെട്ട് 10 ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്. എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ നിർദ്ദേശിക്കുക, എസ്‌ഐആർ തീരുമാനങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുക, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക, തള്ളിയ വോട്ടുകളില്‍ സ്വതന്ത്ര സമിതിയുടെ ഓഡിറ്റ് നടത്തണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ ആവശ്യം.