ഡൽഹിയിലെ ജന്തർ മന്തറിനെ പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ച് അഭിജിത് ദിപ്കെ. ജനങ്ങളുടെ പ്രതിഷേധമാണ് ഏകാധിപതികളെ ഏറ്റവും കൂടുതൽ അലട്ടുന്നതെന്നും ജന്തർ മന്തറിലെ സമരങ്ങൾ വിലക്കിയതുപോലെ നാളെ നരേന്ദ്ര മോദി രാജ്യത്തെ ജനാധിപത്യത്തെയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നതിനു മുൻപ് ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും ദിപ്കെ ആഹ്വാനം ചെയ്തു.
ജന്തർ മന്തറിൽ ഇനി പ്രതിഷേധങ്ങളും ധർണകളും അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമായി മൂന്ന് പുതിയ വേദികളാണ് പൊലീസ് നിശ്ചയിച്ചിരിക്കുന്നത്. രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവിടങ്ങളിലാകും ഇനി പ്രതിഷേധങ്ങൾക്ക് അനുമതി നൽകുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പുതിയ പ്രതിഷേധവേദികൾ നിശ്ചയിച്ചത്. കനത്ത സുരക്ഷയുള്ള മധ്യ ഡൽഹിയിലെ ജന്തർ മന്തർ ഇതുവരെ പ്രതിഷേധങ്ങൾക്കായി ഉപയോഗിച്ചിരുന്ന പ്രധാന വേദിയായിരുന്നു. എന്നാൽ പുതിയ പട്ടികയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കി ഡൽഹി പൊലീസ് കമ്മിഷണർ ഉത്തരവിറക്കുകയായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണ് പുതിയ നടപടി. ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന പൊലീസ് തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.