• മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണായക ഫയലുകൾ കണ്ടെത്തി വിജിലൻസ്. 2006ൽ തുടങ്ങിയ അന്വേഷണത്തിന്റെ രേഖകളാണ് കണ്ടെടുത്തത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണായക ഫയലുകൾ കണ്ടെത്തി. 2006ൽ തുടങ്ങിയ അന്വേഷണത്തിന്റെ രേഖകളാണ്   വിജിലൻസ് കണ്ടെടുത്തത്. വിജിലൻസിന്റെ തിരുവനന്തപുരം യൂണിറ്റ് ഒന്നിൽ നിന്ന് ഇന്നലെ ഫയലുകൾ ലഭിച്ചു. കെ‌എസ്‌ടി‌പി അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റേതാണ് ഫയലുകൾ. ഈ അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തി ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഈ ഫയലുകൾ വീണ്ടും പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. പഴയ അന്വേഷണത്തിലെ പാകപ്പിഴകൾ കണ്ടെത്തി കേസെടുക്കാനുള്ള സാധ്യതയുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും സുതാര്യമായ തിരഞ്ഞെടുപ്പുo ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം അടുത്ത തലത്തിലേക്ക്. രാജ്യസഭയിലെയും ലോക്സഭയിലെയും ഇന്ത്യാ സഖ്യ എംപിമാർ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തും. പാർലമെൻറിലെ മകര കവാടത്തിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.  വിജയ് ചൗക്കിലേക്ക് എത്തുന്ന എംപിമാരെ തടയാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഡൽഹി പോലീസ് ഒരുക്കിയിട്ടുള്ളത്. 

ഇത് മുന്നിൽക്കണ്ട് മറ്റു വഴികളിലൂടെയും എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമാക്കി നീങ്ങിയേക്കാം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമല്ലെങ്കിലും പ്രതിഷേധത്തിലേക്ക് ഡിഎംകെ, ആം ആദ്മി, ബിജെഡി എന്നീ പാർട്ടികളെ ക്ഷണിച്ചിട്ടുണ്ട്. അതേസമയം ഇന്നും ഡൽഹിയിൽ  ഇടത് സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് 6 മണിക്ക് കൊണാട്ട് പ്ലേസിൽ ആണ് എസ്എഫ്‌ഐ വോട്ട് കി ആവാസ് പരിപാടി നിശ്ചയിച്ചിട്ടുള്ളത്. 12 മണിക്ക് മഹാരാഷ്ട്രയിൽ സി ജെ പി സ്ഥാപകൻ അഭിജിത്ത് ദീപ് കെയും വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പട്ടുള്ള എംപിമാരുടെ ജനാധിപത്യപരമായ മാർച്ച് പോലീസ് തടയാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കെ.സി. വേണുഗോപാൽ എംപി മനോരമ ന്യൂസിനോട് പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സംവിധാനം ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

ENGLISH SUMMARY:

The Vigilance has recovered crucial files related to a 2006 investigation into alleged KSTP corruption involving Chief Election Commissioner Gyanesh Kumar. The earlier probe had found no evidence and cleared him and others. Vigilance is now re-examining the records to determine whether investigative lapses occurred and whether a fresh case can be registered.