Barricades installed at Jantar Mantar (Image Credit: PTI)
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം. ഇടത് വിദ്യാർഥി സംഘടനയായ ഐസയുടെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ പ്രതിഷേധിക്കുക. ഉച്ചയ്ക്ക് ഒരുമണിക്ക് പ്രതിഷേധം ആരംഭിക്കും. ഇന്നലെ, വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമായിരുന്നു രാജ്യതലസ്ഥാനത്ത്. തുടര്‍ പ്രതിഷേധങ്ങളും സംഘര്‍ഷവും കണക്കിലെടുത്ത്, ന്യൂഡല്‍ഹി ജില്ലയിലുടനീളം ശക്തമായ പൊലീസ് വിന്യാസം തുടരുകയാണ്. ജന്തര്‍ മന്തര്‍ റോഡ് പൂര്‍ണമായി അടച്ചു. ഒക്ടോബര്‍ 10 വരെ ജന്തര്‍ മന്തറിലെ ഒരു പ്രതിഷേധത്തിനും പൊലീസ് അനുമതി നല്‍കുന്നില്ല.
ഗ്യാനേഷ് കുമാർ രാജിവച്ചില്ലെങ്കിൽ, രാജ്യത്തെ പാറ്റകൾ ഈ മാസം 10 ന് ഡൽഹിയിലേക്ക് മാർച്ച് നടത്തി ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ . ഡൽഹി പോലീസ് എവിടെ തടഞ്ഞാലും അവിടം ജന്തർ മന്തർ ആകും. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കണമോ അതോ ജൂലൈ 20 ആവർത്തിക്കണമോ എന്ന് ഡൽഹി സർക്കാരിനും പോലീസിനും തീരുമാനിക്കാം. ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിത് എന്നും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന ഓരോ പൗരനും സമരത്തിൽ പങ്കുചേരണം എന്നും അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാറിനെതിരെ തുടര്‍പ്രക്ഷോഭങ്ങളുണ്ടാകുമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹിയില്‍ ഇന്നലെ നടത്തിയ പ്രതിഷേധം വന്‍ വിജയമെന്നാണ് ഡിവൈഎഫ്ഐയുടെ വിലയിരുത്തല്‍. തുടര്‍പ്രക്ഷോഭങ്ങള്‍ പ്രഖ്യാപിക്കാന്‍ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഇന്ന് മാധ്യമങ്ങളെ കാണും.
ഇന്നലെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും വൃന്ദകാരാട്ടുമടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റ് വരിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്ക് ജന്തര്‍ മന്തറില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇടത് യുവജന പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ പൊലീസിന് തടയാന്‍ കഴിഞ്ഞില്ല. അനുമതി ഇല്ലാതെ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.