കോണ്‍ഗ്രസ് അടിമുടി മാറ്റം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പുനസംഘടന വര്‍ഷം അവസാനിക്കുകയാണ്. 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ശക്തമായ സംഘടനാ സംവിധാനം സജ്ജമാക്കുകയായിരുന്നു ഉദ്ദേശം. അഴിച്ചു പണിത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനായിരുന്നു ശ്രമം. താഴെത്തട്ടിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പാർട്ടിയുടെ പുതിയ എ.ഐ.സി.സി സെക്രട്ടറിമാരെ തെരഞ്ഞെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. ഇരുവരും പത്ത് ജന്‍പഥില്‍ വച്ച് നേരിട്ട് അഭിമുഖം നടത്തുന്നു. മുൻകാല പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ട് കാർഡുകൾ പരിശോധിച്ചും കർശന മാനദണ്ഡങ്ങൾ മുൻനിർത്തിയുമാണ് കൂടിക്കാഴ്ചകൾ
ട്രാക്ക് റെക്കോർഡ് മുഖ്യം ബിഗിലേ
പഴഞ്ചന്‍ രീതിക്ക് വിട, കോൺഗ്രസിൽ കാലങ്ങളായി തുടരുന്ന ഭാരവാഹി നിയമന രീതികൾക്ക് വിരാമമിട്ട്, തികച്ചും പ്രഫഷനൽ മാതൃകയിലാണ് പുതിയ എ.ഐ.സി.സി സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് 10 ജൻപഥിൽ വെച്ച് നേരിട്ടുള്ള അഭിമുഖങ്ങൾക്ക് നേതൃത്വം നൽകുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ അഞ്ചും ആറും പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പുകളെയും സമയമെടുത്താണ് കാണുന്നത്. കേവലം രാഷ്ട്രീയ ശുപാർശകൾക്ക് വഴങ്ങാതെ, ഓരോ നേതാവിന്റെയും കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ സമഗ്രമായ റിപ്പോർട്ട് കാർഡ് രാഹുൽ ഗാന്ധിയുടെ കൈവശം മുൻകൂട്ടി എത്തിയിട്ടുണ്ട്. സംഘടനയിൽ ഇതുവരെ നിർവഹിച്ച ചുമതലകൾ, ജനകീയ വിഷയങ്ങളിലെ ഇടപെടലുകൾ, താഴെത്തട്ടിലെ സമ്പർക്കം എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. രാഹുലും പ്രിയങ്കയും ചോദിക്കും കെ സി വേണുഗോപാല്‍ എഴുതിയെടുക്കും.
കടുകട്ടി ചോദ്യങ്ങള്‍
നേതാക്കളോട് കൃത്യവും പ്രായോഗികവുമായ ചോദ്യങ്ങളാണ് രാഹുലും പ്രിയങ്കയും ചോദിക്കുന്നത്. ഒരു നേതാവ് സ്വന്തം ജില്ലയിലോ സംസ്ഥാനത്തോ സംഘടനയ്ക്കായി എന്ത് ചെയ്തു എന്നതിനൊപ്പം മറ്റൊരു സംസ്ഥാനത്ത് ചുമതല ലഭിച്ചാൽ പ്രതിസന്ധികളെ എങ്ങനെ മറികടക്കും എന്നതും പരിശോധിക്കുന്നുണ്ട്. തീരുമാനങ്ങളെടുക്കുന്നതിൽ ആഭ്യന്തരമോ ബാഹ്യമോ ആയ സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ടോ, പ്രതിസന്ധി ഘട്ടങ്ങളിൽ സംഘടനയെ ഏകോപിപ്പിക്കാൻ എടുത്ത മുൻകൈകൾ എന്തൊക്കെയാണ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ അടിത്തറ വിപുലീകരിക്കാൻ എന്ത് കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കാനുള്ളത് തുടങ്ങിയ ചോദ്യങ്ങളാണ് അഭിമുഖത്തിൽ രാഹുലും പ്രിയങ്കയും ഉന്നയിക്കുന്നത്.
ഇതിനെല്ലാം എന്തെങ്കിലും പറഞ്ഞൊഴിയാനാകില്ല. ഉദാഹരണം സഹിതമാകണം മറുപടി. സംഘടനാ പുനഃസംഘടനയുടെ ഭാഗമായി അടുത്തിടെ ജില്ലാ പ്രസിഡന്റുമാരായി നിയമിതരായ പലരും സെക്രട്ടറി സ്ഥാനത്തേക്കുള്ള അഭിമുഖത്തിനെത്തിയിരുന്നു എന്നാണ് വിവരം. ഇതില്‍ രാഹുലിനും പ്രിയങ്കക്കും എതിര്‍പ്പുണ്ടെന്നും സംസ്ഥാനതലത്തിൽ പ്രധാന പദവികൾ വഹിക്കുന്നവരെയോ ജില്ലാ പ്രസിഡന്റുമാരായി പ്രവർത്തിക്കുന്നവരെയോ AICC സെക്രട്ടറിമാരായി നിയമിക്കേണ്ടതില്ലെന്നുമാണ് ഇരുവരുടെയും നിലപാട് എന്നാണ് സൂചന. അതായത് പാർട്ടിയിൽ സ്ഥാനങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്നവർക്ക് പുറത്തേക്ക് വാതില്‍ തുറക്കുന്നു എന്നര്‍ത്ഥം.
120 നേതാക്കൾ പരിഗണനയിൽ
രാജ്യത്തുടനീളമുള്ള ഏകദേശം 120-ലധികം നേതാക്കളുമായി രാഹുലും പ്രിയങ്കയും അഭിമുഖം നടത്തുമെന്നാണ് വിവരം. അങ്ങിനെ വന്നാല്‍ നിലവിലുള്ള എ.ഐ.സി.സി സെക്രട്ടറിമാരിൽ 60 ശതമാനത്തോളം പേരെ മാറ്റിയേക്കും. പകരം ഊർജ്ജസ്വലരായ പുതു മുഖങ്ങള്‍ വരും.
പാർട്ടി ഭരണഘടനയനുസരിച്ച് ഓരോ സംസ്ഥാനത്തിന്റെയും ചുമതലയുള്ള ജനറൽ സെക്രട്ടറിമാർക്ക് കീഴിലാണ് സെക്രട്ടറിമാരുടെ സ്ഥാനം. ഒരു സംസ്ഥാനത്ത് മൂന്നോ നാലോ സെക്രട്ടറിമാരുണ്ടാകും. പ്രത്യേക നിയമസഭാ മണ്ഡലങ്ങളുടെയോ മേഖലകളുടെയോ മേൽനോട്ടം നല്‍കുന്നതാണ് പതിവ് രീതി..സ്വന്തം സംസ്ഥാനത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലാണ് സെക്രട്ടറിമാർക്ക് ചുമതല നൽകാറ്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രാദേശിക ചേരിതിരിവുകൾ ഒഴിവാക്കാനാണ് ഈ നീക്കം.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ഹുകയാണ്. കേന്ദ്രത്തിൽ ശക്തമായ പോരാട്ടം നയിക്കാൻ പ്രാദേശിക തലത്തിൽ പാർട്ടി ഘടകങ്ങൾ സജ്ജമാകേണ്ടതുണ്ട്. തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിക്കുമ്പോൾ മാത്രം സജീവമാകുന്ന ശൈലി മാറ്റി, വരും വർഷങ്ങളിൽ ഓരോ ബൂത്തുതലത്തിലും പാർട്ടിയെ ചലിപ്പിക്കാൻ പ്രാപ്തിയുള്ള യുവനിരയെ സജ്ജമാക്കുകയാണ് ഈ നീക്കത്തിന് പിന്നിൽ. താഴെത്തട്ടിൽ നിന്നുള്ള പുതിയ നേതൃത്വത്തെ ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിലൂടെ സംസ്ഥാന ഘടകങ്ങളിലെ മുതിർന്ന നേതാക്കളുടെ ഗ്രൂപ്പ് സമവാക്യങ്ങളെ മറികടക്കാനാകുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.