എസ്.സി, എസ്.ടി വിഭാഗത്തിലെ ഉപ സംവരണത്തെ ചൊല്ലി ബിഹാര്‍ എന്‍.ഡി.എയില്‍ ഭിന്നത. കേന്ദ്രമന്ത്രിമാരായ ജിതന്‍ റാം മാഞ്ചിയും ചിരാഗ് പാസ്വാനും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. അനുനയ നീക്കവുമായി ജെ.ഡി.യു രംഗത്തെത്തി.
എന്‍.ഡി.എയുടെ പ്രധാന ഘടകക്ഷികളായ എച്ച്.എ.മ്മും എല്‍.ജെ.പി. പാസ്വാന്‍ വിഭാഗവുമാണ് ഉപസംവരണത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നത്. എച്ച്.എ.എം നേതാവും കേന്ദ്രമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമനാണ് വിവാദത്തിന് തുടക്കമിട്ടത്. ദലിതരില്‍ തന്നെ പിന്നോക്ക വിഭാഗമുണ്ടെന്നും അവര്‍ക്ക് ഗുണം ലഭിക്കണമെങ്കില്‍ ഉപ സംവരണം വേണമെന്നും ബിഹാര്‍ മന്ത്രികൂടിയായ സന്തോഷ് കുമാര്‍ പറഞ്ഞു. നിലപാടിനെ പിന്തുണച്ച് ജിതന്‍ റാം മാഞ്ചിയും എത്തി. ദലിത് സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ പസ്വാന്‍, രവിദാസ് വിഭാഗങ്ങളിലായി കേന്ദ്രീകരിച്ചു. തങ്ങളുടെ മുസഹര്‍ സമുദായത്തിന് ഉള്‍പ്പെടെ ഗുണം ലഭിക്കുന്നില്ലെന്നും മാഞ്ചി.
ദലിതരില്‍ ഭിന്നതയുണ്ടാക്കാനേ ഉപസംവരണം ഉപകരിക്കൂ എന്നും ക്രീമിലെയര്‍ ആണ് ആവശ്യമെങ്കില്‍ മാഞ്ചി രാജിവയ്ക്കണം എന്നും ചിരാഗ് പാസ്വാന്‍റെ മറുപടി
ക്രീമിലെയര്‍ എന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. തങ്ങള്‍ പറയുന്നത് മനസിലാവുന്നില്ലെങ്കില്‍ ചിരാഗ് പാസ്വാന്‍ രാജിവയ്ക്കട്ടെ എന്നു ചിതന്‍ റാം മാഞ്ചി പ്രതികരിച്ചു. പ്രശ്നത്തില്‍ ഇടപെട്ട ജെ.ഡി.യു ഭരണഘടന പ്രകാരമാണ് സംവരണം നടപ്പാക്കുന്നതെന്നും അതില്‍ തര്‍ക്കത്തിന്‍റെ ആവശ്യമില്ലെന്നും പറഞ്ഞ് സാഹചര്യം മയപ്പെടുത്തി.