ഒരു സ്ത്രീ കറുത്ത ഷോർട്ട് ഡ്രസ്സ് ധരിച്ച് കാറിൽ നിന്ന് ഇറങ്ങുന്ന വിഡിയോ തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷോർട്ട് ഡ്രസ്സ് ഇട്ട സ്ത്രീ തമിഴ്‌നാട്ടിലെ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എസ്. കീർത്തനയാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്നാണ് പുതിയ വിവാദങ്ങൾ പൊട്ടിമുളച്ചിരിക്കുന്നത്. എന്നാൽ ആ സ്ത്രീ താനല്ലെന്ന് മന്ത്രി കീർത്തന വ്യക്തമാക്കി. അത് താനാണെങ്കിൽ പോലും എന്തിനാണ് ഇത്ര ചർച്ചയാക്കുന്നതെന്നും കീർത്തന ചോദിച്ചു. എക്‌സിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.  സ്ത്രീവിരുദ്ധത പ്രചരിപ്പിക്കാനുള്ള ഏറ്റവും പഴയ ആയുധമാണ് ഇതെന്നും കീർത്തന കുറിച്ചു. 

ഡിഎംകെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു. ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നതിലൂടെ അവരുടെ ജീർണ്ണിച്ച മാനസികാവസ്ഥയെയാണ് വ്യക്തമാക്കുന്നതെന്നും സ്ത്രീകളെ അഗാധമായി അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയ ഒരു നേതാവിന്റെ അനുയായികളിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും കീർത്തന പറഞ്ഞു. ഒരു സ്ത്രീയുടെ വസ്ത്രധാരണവും സൗന്ദര്യവും സന്തോഷവുമെല്ലാം ഇന്നും പരസ്യവിചാരണയ്ക്ക് വിധേയമാക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. 

നയങ്ങളെക്കുറിച്ചോ ഭരണമികവിനെക്കുറിച്ചോ പ്രവർത്തനങ്ങളെക്കുറിച്ചോ സംസാരിച്ച് ജയിക്കാൻ കഴിയാതെ വരുമ്പോഴാണ് നേതാക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വ്യക്തിജീവിതത്തെക്കുറിച്ച് ഇത്തരത്തിലുള്ള ആരോപണങ്ങൾ എതിരാളികൾ ഉന്നയിക്കുന്നത്. മുന്നോട്ട് വെക്കാൻ നല്ലതൊന്നുമില്ലാത്തവരുടെ ഏറ്റവും പഴക്കം ചെന്ന ആയുധമാണ് സ്ത്രീവിരുദ്ധതയെന്നും കീർത്തന കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:

Tamil Nadu Minister S. Keerthana refutes claims surrounding a viral video, calling out political opponents for using misogyny to target women's choices