Image: /virudhai_magal_keerthana
സാമൂഹ്യമാധ്യമങ്ങളിൽ തന്റേതെന്ന പേരിൽ പ്രചരിച്ച വ്യാജ വിഡിയോയ്ക്ക് എതിരെ ശക്തമായ പ്രതികരണവുമായി തമിഴ്നാട് വ്യവസായ മന്ത്രി എസ്.കീർത്തന. മോഡേണ്‍ വസ്ത്രത്തില്‍ കാറിൽ നിന്നിറങ്ങുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് കീര്‍ത്തനയുടേത് എന്ന പേരിൽ പ്രചരിച്ചത്. വിഡിയോ തന്റേതല്ലെന്ന് വ്യക്തമാക്കിയ അവർ, സ്ത്രീകളുടെ വസ്ത്രധാരണത്തെയും ശരീരത്തെയും പൊതുസമൂഹത്തിന് മുന്നിൽ വിചാരണ ചെയ്യുന്ന രീതിയേയും രൂക്ഷമായി വിമർശിച്ചു. സ്ത്രീവിരുദ്ധതയാണിതെന്നും കീര്‍ത്തന പറഞ്ഞു.
രാഷ്ട്രീയ എതിരാളികൾ നയപരമായ കാര്യങ്ങളിലും ഭരണനേട്ടങ്ങളിലും നേരിടാനാവാതെ വരുമ്പോൾ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാൻ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്ന് കീർത്തന കുറ്റപ്പെടുത്തി. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് കീര്‍ത്തന ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘എനിക്ക് അദ്ഭുതമില്ല! സ്ത്രീകളെ അങ്ങേയറ്റം അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയ ഒരു നേതാവിന്റെ അനുയായികളിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാനാകുക?’– ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ പരാമർശിച്ചുകൊണ്ട് കീര്‍ത്തന നേതാവ് ചോദിച്ചു.
താൻ വിഡിയോയിലുള്ള ആളല്ലെന്നും, എന്നാൽ താനായിരുന്നെങ്കിൽ പോലും അതൊരു പ്രശ്നമാക്കേണ്ടതുണ്ടോ എന്നും കീര്‍ത്തന ചോദിക്കുന്നു. ഒരു സ്ത്രീയുടെ വസ്ത്രധാരണവും രൂപവുമൊക്കെ എന്തിനാണ് ഇന്നും പൊതുവിചാരണയ്ക്ക് വിധേയമാക്കുന്നത് എന്നും അവർ ആഞ്ഞടിച്ചു. അതേസമയം, രൂപസാദൃശ്യം കൊണ്ട് മാത്രം ഈ വിവാദത്തിലേക്ക് വലിച്ചിടപ്പെട്ട യഥാർഥ വിഡിയോയിലുള്ള സ്ത്രീയോട് മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഭരണ രംഗത്തും രാഷ്ട്രീയത്തിലും തിളങ്ങുന്ന വനിതാ നേതാക്കൾക്കെതിരെ ഇത്തരം വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നത് സ്ത്രീകളുടെ നേട്ടങ്ങളെ ചെറുതാക്കി കാണിക്കാനാണെന്നും കീർത്തന കൂട്ടിച്ചേർത്തു.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവകാശിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കീർത്തന, പത്രസമ്മേളനങ്ങളിലും ടെലിവിഷന്‍ സ്ക്രീനുകളിലും ടിവികെ സർക്കാരിന്റെ മുഖമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, രാഷ്ട്രീയ ഉപദേഷ്ടാവായും പ്രചാരണ തന്ത്രജ്ഞയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി കൂടിയായ കീര്‍ത്തന ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകൾ സംസാരിച്ച് ദേശീയ ശ്രദ്ധയും ആകര്‍ഷിച്ചിരിന്നു.