കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിന് പിന്നാലെ, രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളുകളുടെ ദുരവസ്ഥ പുറത്ത്. 611 സ്കൂളുകള്‍ക്ക് സ്വന്തം കെട്ടിടമില്ല. 2,047 സ്‌കൂളുകളിൽ ശുചിമുറി സൗകര്യവുമില്ല. അതിനിടെ, നാളേയ്ക്കകം സിജെപി നേതാവിനെ മര്‍ദിച്ചവരെ പിടികൂടിയില്ലെങ്കില്‍ ജന്തര്‍ മന്തര്‍ മോഡല്‍ സമരം ജയ്പൂരില്‍ നടത്തുമെന്ന് അഭിജിത് ദീപ്കെ മുന്നറിയിപ്പ് നല്‍കി. 

ജയ്പൂരിലെ സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിക്കാനെത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ കോ–കണ്‍വീനര്‍ അശുതോഷ് റാങ്കയ്ക്കും സംഘത്തിനും ഇന്നലെ മര്‍ദനമേറ്റിരുന്നു. പശുത്തൊഴുത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ചായായിരുന്നു സിജെപി സംഘത്തിന്‍റെ സന്ദര്‍ശനം. ഇതിന് പിന്നാലെയാണ് രാജസ്ഥാനിലെ സര്‍ക്കാര്‍ സ്കൂളുകളുടെ ദുരവസ്ഥയുടെ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. 611 സ്‌കൂളുകൾ സ്വന്തം കെട്ടിടത്തിലല്ല പ്രവര്‍ത്തിക്കുന്നത്

2,047 സ്‌കൂളുകളിൽ ശുചിമുറി സൗകര്യമില്ല. 1,049 സ്കൂളുകളില്‍ കുടിവെള്ള സൗകര്യവുമില്ലാ. 3,768 സ്കൂളുകൾ അപകടകരമായ നിലയിലാണ്. രാജസ്ഥാന്‍ പ്രതിപക്ഷനേതാവ് ടിക്കാറാം ജൂലിക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലൂടെയാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. ഇതിനിടെ, മർദനമേറ്റ സിജെപി കോ കണ്‍വീനർ അശുതോഷ് റാങ്കയ്ക്കായി തെരുവിലിറങ്ങുമെന്ന് അഭിജിത് ദീപ്കെ പറഞ്ഞു. ജന്തര്‍ മന്തര്‍ മോഡല്‍ സമരം ജയ്പൂരില്‍ നടത്തുമെന്നാണ് സിജെപിയുടെ മുന്നറിയിപ്പ്. രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയവസ്ഥ തുറന്നുകാട്ടാന്‍ സ്കൂള്‍ ടീക് കരോ ക്യാംപയിന്‍ നടത്തുകയാണ് സിജെപി. രാജസ്ഥാന്‍ പൊലീസ് തന്നെയും സിജെപി വൊളന്‍റിയര്‍മാരെയും നിരീക്ഷിക്കുകയാണെന്ന് അശുതോഷ് റാങ്ക ആരോപിച്ചു.