In this image received on Aug. 21, 2026, Leader of Opposition in the Lok Sabha Rahul Gandhi, left, sits on dharna at Parliament Street police station demanding registration of FIR over pellet injuries during Jul 20 protest, in New Delhi.
ജന്തർമന്തറിൽ നടന്ന സിജെപി സമരത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം. ആക്രമണത്തിന് ഇരയായ സഹിൽ എന്ന വിദ്യാർഥിക്കൊപ്പമാണ് രാഹുൽ സ്റ്റേഷനിലെത്തിയത്. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതുവരെ സമരം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രണ്ടുവട്ടം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ തയാറാകാതിരുന്നതിനെത്തുടർന്നാണ് രാഹുൽ ഗാന്ധി നേരിട്ടെത്തി ഡിസിപിക്ക് പരാതി നൽകിയത്. രാഹുലിനു പിന്നാലെ പ്രിയങ്ക ഗാന്ധിയും പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ ഉടനടി കേസെടുക്കണമെന്നും എഫ്ഐആർ ഇടാതെ സമരം അവസാനിപ്പിക്കില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭയപ്പെടുന്നതെന്തിനാണെന്ന് ചോദിച്ച രാഹുൽ, ഈ ഭയം കുറ്റം സമ്മതിക്കലാണെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ വ്യക്തമായ മറുപടി നൽകാനാകാതെ വിഷമവൃത്തത്തിലായ പൊലീസ്, കേസെടുക്കുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും കൂടുതൽ കൂടിയാലോചന ആവശ്യമാണെന്നുമാണ് അറിയിച്ചത്. സ്ഥലത്തെത്തിയ ഡിസിപി, പ്രതിഷേധം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചു.