satheesan-vijay

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന 31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. മുസ്‌ലിം ലീഗ് നേതാവും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വി.ഡി.സതീശൻ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിട്ടുണ്ട്.

നേരത്തേ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തുന്ന നിർമാണ സാമഗ്രികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ഇളവ് വേണമെന്ന് വി‍ജയ്ക്ക് വി.ഡി.സതീശന്‍ കത്തയച്ചിരുന്നു. മാത്രമല്ല, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയും ജലനിരപ്പും സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തിലാണ് വിജയ്‌യുമായുള്ള കൂടിക്കാഴ്ചയും ദക്ഷിണ മേഖലാ കൗൺസിൽ യോഗവും നടക്കുന്നത്. യോഗത്തില്‍ മുല്ലപ്പെരിയാര്‍ ഉന്നയിച്ച മുഖ്യമന്ത്രി വി.ഡി.സതീശന്‍ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഴുവന്‍ ചിലവും വഹിക്കും, സ്ഥലം തമിഴ്നാടിന് തീരുമാനിക്കാം വെള്ളം പൂര്‍ണമായി തമിഴ്നാടിന് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.

കേന്ദ്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള ഏകോപനം ആവശ്യമായ വിഷയങ്ങളിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും സംസ്ഥാനങ്ങൾക്ക് പൊതുവായുള്ള വിവിധ വികസന വിഷയങ്ങളും ചര്‍ച്ച ചെയ്യും. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, അന്തര്‍ സംസ്ഥാന ജലവിഹിതം, കാവേരി നദീജലത്തർക്കം, പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള ഭവന നിർമ്മാണം, വ്യോമയാനം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ കൗൺസിലുകൾ ചർച്ച ചെയ്യും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള പീഡന കേസുകളിൽ വേഗത്തിലുള്ള അന്വേഷണത്തിനും തീർപ്പിനുമായി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതികൾ നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും കൗൺസിൽ ഏറ്റെടുത്തിട്ടുണ്ട്.

1956-ലെ സംസ്ഥാന പുനഃസംഘടന നിയമപ്രകാരം രൂപീകരിച്ചതാണ് ദക്ഷിണ മേഖലാ കൗൺസിൽ. ആന്ധ്രാപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ദക്ഷിണ മേഖലാ കൗൺസിൽ. ഇവിടങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും മന്ത്രിമാരും ചീഫ് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റർ-സ്റ്റേറ്റ് കൗൺസിൽ സെക്രട്ടേറിയറ്റ് സംഘടിപ്പിക്കുന്ന യോഗത്തിന് തമിഴ്‌നാട് സർക്കാരാണ് ആതിഥേയത്വം വഹിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ദക്ഷിണ മേഖലാ കൗൺസിലിന്റെ ചെയർമാൻ; തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൗൺസിലിന്റെ വൈസ് ചെയർമാനാണ്.

ENGLISH SUMMARY:

Kerala Chief Minister V.D. Satheesan met Tamil Nadu Chief Minister C. Joseph Vijay during the 31st Southern Zonal Council meeting held in Mahabalipuram. Accompanied by IUML leader P.K. Kunhalikutty, Satheesan discussed critical interstate matters including the removal of restrictions on construction material transport from Tamil Nadu. During the high-level meeting chaired by Union Home Minister Amit Shah, the Kerala CM also reiterated the proposal for a new Mullaperiyar dam, offering to bear all construction costs. The discussions aimed to strengthen inter-state cooperation and resolve pending infrastructural and water-sharing disputes between the two neighboring states.