സ്കൂൾ, കോളജ് വിദ്യാർഥികൾ പ്രതിഷേധങ്ങളിലും സമരപരിപാടികളിലും പങ്കെടുക്കുന്നത് തടയണമെന്ന നിർദേശം പിൻവലിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവർ വിദ്യാർഥികളുടെ സമരങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. എന്നാൽ ഉത്തരവ് പുറത്തിറക്കി 24 മണിക്കൂറിനുള്ളിൽ സർക്കാർ നിലപാട് തിരുത്തുകയായിരുന്നു.

ഇടതുപക്ഷ പാർട്ടികളും തമിഴ്നാട് കോക്രോച്ച് ജനതാ പാർട്ടിയും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ പശ്ചാത്തലത്തിലാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിദ്യാർഥികളെ സമരങ്ങളിൽ നിന്ന് വിലക്കാനുള്ള നിർദേശം നൽകിയതെന്നാണ് വിവരം. അതേസമയം, വിദ്യാർഥികളുടെ അഭിപ്രായങ്ങൾ തെറ്റാണെങ്കിൽപ്പോലും പ്രതിഷേധിക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. താനും വിദ്യാർഥി പ്രസ്ഥാനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഓഗസ്റ്റ് 17ന് കോളജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മുൻ ഉത്തരവ് പിൻവലിച്ചതായി ഉന്നതവിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ സിന്തിയ സെൽവി പി ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽമാർക്കും പുതിയ നിർദേശം കൈമാറിയിട്ടുണ്ട്.

തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് സംസ്ഥാനത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ മേൽനോട്ടം വഹിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ കോക്രോച്ച് ജനതാ പാർട്ടി ‘സ്കൂൾ തിക് കരോ’ പ്രചാരണം ആരംഭിച്ചിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജെൻ ആൽഫ വിദ്യാർഥികൾ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു വിദ്യാർഥികളുടെ സമരങ്ങൾ തടയാനുള്ള മുൻ നിർദേശം.

ENGLISH SUMMARY:

Tamil Nadu student protest ban has been lifted by the Vijay government, marking a significant U-turn within 24 hours. This decision acknowledges students' right to protest, even if their views are contested.