തമിഴ്‌നാട് സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ നടി തൃഷ വന്നതിനെതിരെ ഡിഎംകെയുടെ രൂക്ഷവിമര്‍ശനം. ഡിഎംകെ മുഖപത്രമായ ‘മുരശൊലി’യിലാണ് വിജയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ചടങ്ങില്‍ മുന്‍നിരയില്‍ തൃഷ വന്നിരുന്നതോടെ ദേശീയപതാക ഉയര്‍ത്തിയ മുഖ്യമന്ത്രി വിജയ്‌യുടെ മാനം കാറ്റില്‍ പറന്നു എന്നാണ് മുരശൊലിയിലെ ലേഖനത്തില്‍ പറയുന്നത്. വിജയ്‌യും തൃഷയും പരസ്‌പരം സല്യൂട്ട് നല്‍കിയ കാഴ്ച കണ്ട് വിജയ്ക്ക് വോട്ട് ചെയ്‌തവര്‍ക്ക് പോലും സഹിക്കാനാകുന്നില്ലെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.
ചടങ്ങില്‍ വിജയ്‌യുടെ മാതാപിതാക്കള്‍ക്കൊപ്പം വിഐപി സീറ്റിലാണ് തൃഷ ഇരുന്നത്. മഞ്ഞ സാരിയും തലയില്‍ മുല്ലപ്പൂവും ചൂടി വന്ന തൃഷയുടെ ദൃശ്യങ്ങള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പരേഡ് പരിശോധനയ്ക്കിടെ ഇരുവരും പരസ്‌പരം സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളും വിജയ് പതാക ഉയര്‍ത്തുന്നത് തൃഷ ഫോണില്‍ ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നേരത്തെ വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃഷ വന്നത് വലിയ വിവാദമായിരുന്നു. പിന്നീട് വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പിറന്നാള്‍ ആശംസ നേര്‍ന്നതും ജനനായകന്‍ ചിത്രത്തിന്‍റെ റിലീസ് ദിനം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് തൃഷ എത്തിയതും വിജയ്ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. തമിഴ്‌നാട് തിരഞ്ഞെടുപ്പ് സമയം മുതല്‍ക്കേ വിജയ്ക്കെതിരെ എതിര്‍പാര്‍ട്ടികള്‍ തൃഷ വിഷയം ആയുധമാക്കുന്നുണ്ട്.
നേരത്തെ തൃഷയ്ക്കും വിജയ്ക്കുമെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അടക്കം അറസ്റ്റിലായിരുന്നു. അടുത്തിടെയാണ് വിജയ്‌യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹ മോചന കേസ് പിന്‍വലിച്ചത്. ഇതോടെ വിജയ്‌യും സംഗതയും ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് വീണ്ടും സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ തൃഷ വന്നത്.