കേസുകളും അറസ്റ്റും കരുണാനിധി കുടുംബത്തിന് പുത്തിരിയല്ല. രാഷ്ട്രീയവിരോധം മുതല്‍ ക്രിമിനല്‍ കുറ്റകൃത്യംവരെ കേസായും അറസ്റ്റായും ഡിഎംകെയുടെ പ്രഥമകുടുംബത്തെ തേടിയെത്തിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം രാജ്യം സാക്ഷ്യംവഹിച്ച നാടകീയ അറസ്റ്റുകളിലൊന്നിന് വേദിയായതും കരുണാനിധിയുടെ വീടാണ്. പൊലീസിനെ കൈവിരല്‍ത്തുമ്പില്‍ കറക്കിയകാലത്തും അധികാരംവിട്ടിറങ്ങിയപ്പോഴും കരുണാനിധിയുടെ വീട്ടിലേക്ക് അറസ്റ്റ് വാറണ്ടും സര്‍വസന്നാഹവുമായി നിയമം എത്തിയിട്ടുണ്ട്.
2001ല്‍ ഫ്ലൈ ഓവര്‍ അഴിമതിക്കേസില്‍ ജയലളിതയുടെ പൊലീസ് ഒരു അര്‍ധരാത്രി കൈവിലങ്ങുമായി വന്ന് സാക്ഷാല്‍ കരുണാനിധിയെത്തന്നെ കൊണ്ടുപോയി. പൊലീസ് ബലപ്രയോഗത്തിന്‍റെ ദൃശ്യങ്ങൾ രാജ്യവ്യാപക പ്രതിഷേധത്തിനും വലിയ രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. അന്ന് പൊലീസിനെ തടഞ്ഞ കരുണാനിധിയുടെ അനന്തിരവനും മുന്‍കേന്ദ്രമന്ത്രിയുമായ മുരശൊലി മാരനും കേസില്‍ പ്രതിയായി.
ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും ജയിലില്‍ കിടന്നത് ഒന്നിലേറെ തവണയാണ്. അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി പിടികൂടപ്പെട്ട സ്റ്റാലിന് അതിക്രൂരമായ കസ്റ്റഡിമര്‍ദനവും ഏല്‍ക്കേണ്ടിവന്നു. പിന്നീട് ഫ്ലൈ ഓവര്‍ അഴിമതിക്കേസിലും സ്റ്റാലിന്‍ അറസ്റ്റിലായി. ടുജി സ്പെകട്രം കേസില്‍ കരുണാനധിയുടെ മകളും നിലവിലെ രാജ്യസഭാംഗവുമായി കനിമൊഴി 2011ല്‍ അറസ്റ്റിലായി മാസങ്ങളോളം ജയിലില്‍ കഴിഞ്ഞെങ്കിലും പിന്നീട് കുറ്റവിമുക്തയായി.
കരുണാനിധിയുടെ മറ്റൊരു മകനായ എം.കെ. അഴഗിരിയും കൊലക്കേസിൽ നിയമനടപടികൾ നേരിട്ടിട്ടുണ്ട്. 2003-ൽ മുൻ ഡി.എം.കെ മന്ത്രി ടി. കിറുട്ടിനന്‍റെ കൊലപാതകക്കേസിലാണ് അഴഗിരി പ്രതിചേര്‍ക്കപ്പെട്ടെങ്കിലും വെറുതെവിട്ടു. 2012ല്‍ അനധികൃത ഗ്രാനൈറ്റ് ഖനനക്കേസില്‍ അഴഗിരിയുടെ മകന്‍ ദുരൈ പ്രതിയായെങ്കിലും മുന്‍കൂര്‍ജാമ്യം നേടിയതോടെ അന്ന് വിചാരണത്തടവ് ഒഴിവായി.
മുരശൊലി മാരന്‍റെ മക്കളായ ദയാനിധി മാരനും കലാനിധി മാരനും ടുജി സ്പെക്ട്രം, എയര്‍സെല്‍ മാക്സിസ്, ടെലിഫോണ്‍ എക്സ്ചേഞ്ച് അഴിമതിക്കേസുകളില്‍ നിയമനടപടി നേരിട്ടു. ഈ നിരയിലേക്കാണ് ഭാവിമുഖമായി ഡിഎംകെ വളര്‍ത്തിക്കൊണ്ടുവന്ന മുന്‍ ഉപമുഖ്യമന്ത്രിയും എത്തുന്നത്. അതും പൊതുവേദിയില്‍ നടത്തിയ ഒരു മോശം പരാമര്‍ശത്തിന്‍റെ പേരില്‍.