modi-therii

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ നടന്ന സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. രുചിക സിങ് എന്ന ഇരുപത്തിയഞ്ചുകാരിക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലൈ 23ന് ജന്തർമന്തറിൽ വച്ച് നടന്ന സിജെപി പ്രക്ഷോഭത്തില്‍ പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ചയാണ് പൊലീസ് രുചികയ്ക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ് ഹനിക്കുന്നതും സമൂഹത്തിൽ ഭിന്നത പരത്താനും പൊതുസമാധാനം തകർക്കാനും ഇടയാക്കുന്നതുമാണ് യുവതിയുടെ പരാമർശങ്ങൾ എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

കുറ്റകൃത്യം നടന്ന സ്ഥലം പരിഗണിക്കാതെ ഏത് പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന 'സീറോ എഫ്.ഐ.ആർ' (Zero FIR) ആണ് യുവതിക്കെതിരെ നോയിഡയിലെ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമാധാനാന്തരീക്ഷം തകർക്കാൻ പ്രേരിപ്പിക്കൽ, പൊതുജനങ്ങളിൽ കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തൽ, മാനനഷ്ടം എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) 352, 353(1), 356(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ തുടര്‍ അന്വേഷണങ്ങള്‍ക്കായി എഫ്.ഐ.ആർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. 

 

അതേസമയം യുവതിയുടെ പരാമര്‍ശങ്ങള്‍ തെറ്റായിപ്പോയെന്നും എന്നാൽ ഇത്തരത്തിലുള്ള നിയമനടപടികൾ സ്വീകരിക്കാൻ പാടില്ലായിരുന്നെന്നും കോക്രോച്ച് ജനത പാര്‍ട്ടി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. അപകീർത്തികരമായ എന്തെങ്കിലും ഭാഷയാണ് യുവതി ഉപയോഗിച്ചിട്ടുള്ളതെങ്കിൽ ബാധകരായ വ്യക്തിക്ക് അതിനെതിരെ സിവിൽ മാനനഷ്ടക്കേസോ ക്രിമിനൽ മാനനഷ്ടക്കേസോ ഫയൽ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പ്രതിഷേധക്കാർക്കെതിരെ ക്രിമിനൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് തീർത്തും അപലപനീയമാണെന്നും സൗരവ് ദാസ് കൂട്ടിച്ചേര്‍ത്തു. മറ്റുളളവരെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഇക്കാര്യത്തില്‍ വളരെ ശ്രദ്ധ പുലർത്തണമെന്നും യുവതലമുറയോട് അഭ്യര്‍ഥിക്കുന്നതായും സൗരവ് ദാസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Regarding the NEET paper leak protest, a case has been registered against a 25-year-old woman for allegedly insulting the Prime Minister. The FIR details her alleged defamatory remarks made during a protest at Jantar Mantar, aiming to disrupt public order.