സമരത്തിന് പോകുന്നതിന് മുന്നേ 'വാട്സ് ഇന്‍ മൈ ബാഗ് വിഡിയോ', 'ഗെറ്റി റെഡി വിത്ത് മീ വിഡിയോ', പ്രതിഷേധ സ്ഥലത്തുനിന്നും 'വാട് ഐ ഈറ്റ് ഇന്‍ എ ഡേ', പിന്നെ വ്ലോഗുകള്‍, റീലുകള്‍, ലൈവുകള്‍, ഇവര്‍ പ്രതിഷേധിക്കാന്‍ പോകുന്നതോ റീച്ചിന് വേണ്ടി പോകുന്നതോ? ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ട് വിമര്‍ശിക്കുന്നവരോട് ജെന്‍ സി തലമുറ പറയുന്നു, ഇതാണ് പുതിയ കാലത്തിന്‍റെ സമരരീതി. 

സൂപ്പര്‍മാന്‍റേയും സ്പൈഡര്‍മാന്‍റേയും രൂപങ്ങളില്‍ വരുന്ന 'കോസ്പ്ലേ' മുതല്‍ 'ഡേറ്റിങ് വിഡിയോ' വരെ പ്രതിഷേധസ്ഥലത്തു നിന്നും എത്തുന്നുണ്ട്. ഇതെല്ലാം കണ്ടാൽ പലർക്കും അത് പ്രതിഷേധത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നതായി തോന്നാം. എന്നാല്‍ സമരമുഖം 'എന്‍റര്‍ടെയ്ന്‍മെന്‍റ് സ്പേസ്' ആക്കുന്നത് ഒരു തരത്തില്‍ 'സാര്‍ക്കാസ്റ്റിക് സമരരീതി' കൂടിയാണ്. 'സിജെപി' എന്ന പാര്‍ട്ടി തന്നെ സാര്‍ക്കാസത്തിലൂടെയാണ് ഉത്ഭവിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടും പരാദജീവികളോടും ഉപമിച്ച അതേ പരാമർശം തിരിച്ച് ആയുധമാക്കിയാണ് പ്രതീകാത്മകമയായി 'കോക്ക്റോച്ച് ജനത പാര്‍ട്ടി' ജനിച്ചത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിച്ച അതേ മീം കള്‍ച്ചര്‍ സമരത്തിനും ജെന്‍ സി ഉപയോഗിക്കുകയാണ്, നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ സമരത്തെ റീലാക്കി തമാശയാക്കുകയല്ല ജെന്‍സി, സോഷ്യൽ മീഡിയയെ സമരത്തിന്റെ ഭാഗമാക്കി മാറ്റുകയാണ്. 

അരാഷ്ട്രീയം എന്ന് മുദ്ര കുത്തപ്പെട്ട ഒരു തലമുറയാണ് തങ്ങളുടേയും വരാനിരിക്കുന്ന തലമുറയുടേയും ഭാവിക്കായി തെരുവിലിറങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ സമയം കളയുക മാത്രമല്ല ജെന്‍ സി, ഇന്‍ഫര്‍മേഷന്‍ നേടാനും അതുതന്നെ ഉപയോഗിക്കുന്നു. ദേശീയ മാധ്യമങ്ങളെല്ലാം യുവാക്കളുടെ പ്രക്ഷോഭത്തെ അവഗണിച്ചപ്പോഴും ഇതേ ഇന്‍സ്റ്റഗ്രാം വഴിയാണ് അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയത്. 

ഇതിന് പിന്നിൽ ചില മനഃശാസ്ത്രപരമായ കാരണങ്ങളുമുണ്ട്.

ഒന്നാമത്, ദൃശ്യത. ഒരു വിഷയം വളരെ വേഗത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നു.

രണ്ടാമത്, പങ്കാളിത്തം. "ഞാനും വരാം" എന്ന തോന്നൽ സൃഷ്ടിക്കാൻ സോഷ്യൽ മീഡിയയ്ക്ക് കഴിയുന്നു.

മൂന്നാമത്, കമ്മ്യൂണിറ്റി. പ്രതിഷേധക്കാരിൽ ഐക്യബോധം വളർത്താൻ ഇത് സഹായിക്കുന്നു.

ഏറ്റവും പ്രധാനമായി, അൽഗോരിതം. റീലുകളും ഷോർട്ട് വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സ്വാഭാവികമായി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ പ്രതിഷേധ സന്ദേശവും അതിവേഗം വ്യാപിക്കുന്നു.

ഇനി ഇത് ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന ട്രെന്‍ഡുമല്ല, കഴിഞ്ഞ കാലയളവില്‍ ലോകമെമ്പാടും കണ്ടുവരുന്ന 'ജെന്‍ സി പ്രൊട്ടസ്റ്റ് വേവില്‍' സോഷ്യല്‍ മീഡിയ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. നേപ്പാളിലെ ജെന്‍സി പ്രക്ഷോഭത്തിനിടെ ഇന്‍സ്റ്റഗ്രാം റീല്‍സ്, ടിക്ടോക് വിഡിയോകൾ, ഗെറ്റ് റെഡി വിത്ത് മീ, ഡേ അറ്റ് പ്രൊട്ടസ്റ്റ് വ്ലോഗുകള്‍ എന്നിവയും പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അഴിമതിക്കെതിരെ സെർബിയയിൽ 2024–25ൽ നടന്ന സമരം, എക്സ്ട്രാഡിഷൻ ബില്ലിനെതിരെ 2019ൽ ഹോങ്കോങ്ങിൽ നടന്ന സമരം, 2019ൽ ഇന്തോനേഷ്യയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം എന്നിവയിലൊക്കെ സമൂഹമാധ്യമങ്ങൾ സമരത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. ഇതിലൂടെ പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങൾ പരമ്പരാഗത മാധ്യമങ്ങളെക്കാൾ വേഗത്തിൽ യുവാക്കൾക്കിടയിൽ പ്രചരിച്ചു. ജെൻ സി പ്രതിഷേധം നടക്കുമ്പോൾ തന്നെ അത് റീലായും വ്ലോഗായും ലൈവ് സ്ട്രീമായും ലോകമെമ്പാടും എത്തുന്നു. സമരം അവസാനിച്ച ശേഷമല്ല, നടക്കുമ്പോള്‍ ആ ചരിത്രം രേഖപ്പെടുത്തുകയാണ്. 

യഥാർത്ഥത്തിൽ ഇന്ന് റീലുകളെയും വ്ലോഗുകളെയും കുറിച്ച് ഉയരുന്ന വിമർശനങ്ങൾക്ക് സമാനമായ വിമർശനങ്ങൾ മുമ്പ് നാടകം, പാട്ട്, കവിത, കാർട്ടൂൺ എന്നിവ സമരത്തിന്റെ ഭാഗമായപ്പോഴും ഉയർന്നിട്ടുണ്ട്. സമരങ്ങളിലും പ്രതിഷേധങ്ങളിലും പുതിയൊരു മാധ്യമമോ കലാരൂപമോ ഉപയോഗിക്കുമ്പോഴൊക്കെ അന്നത്തെ മുതിർന്ന തലമുറയോ യാഥാസ്ഥിതിക ചിന്താഗതിക്കാരോ അതിനെ സംശയത്തോടെയും വിമർശനത്തോടെയുമാണ് കണ്ടിട്ടുള്ളത്. അന്നും വിമര്‍ശകര്‍ ചോദിച്ചിട്ടുണ്ട്,  'ഇത് സമരമോ അതോ നാടകമോ?' അതുകൊണ്ട് വിനോദത്തിനായുള്ള മാര്‍ഗങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമാകുന്നതും അതില്‍ വിമര്‍ശനം ഉയരുന്നതും പുതിയ കാര്യമല്ല; മാറിയത് മാധ്യമം മാത്രമാണ്, അതാത് കാലത്ത് രാഷ്ട്രീയമായി ചിന്തിച്ച തലമുറകള്‍ ആ മാധ്യമങ്ങളെ തങ്ങളുടെ സമരമാര്‍ഗമാക്കുകയാണ് ചെയ്തത്. 

 

ENGLISH SUMMARY:

Gen Z is redefining protest culture by integrating social media formats like "Get Ready With Me" videos, Instagram reels, vlogs, and meme-driven cosplay into their activism. While critics argue this satirical approach dilutes the seriousness of issues like the NEET paper leak, Gen Z utilizes these algorithms to bypass traditional media silence and reach millions instantly. This blend of entertainment and dissent builds a strong sense of community and visibility, echoing historical movements that once used theater, poetry, or cartoons to challenge authority. From Nepal to Serbia and Hong Kong, this digital-first protest strategy proves that Gen Z is actively documenting history in real-time rather than staying apolitical.