കര്‍ണാടകയില്‍ രണ്ടാംഘട്ട മന്ത്രിസഭയുടെ  സത്യപ്രതിജ്ഞ ജൂലൈ 13ന് ഉണ്ടായേക്കുമെന്ന് സൂചന. ശേഷിക്കുന്ന ഇരുപത് മന്ത്രിമാരാകും സത്യപ്രതിജ്ഞ ചെയ്യുക. അതേസമയം മന്ത്രിസ്ഥാനത്തിനായി ചരടുവലികളും ശക്തമാണ്.

ഡി.കെ.ശിവകുമാറിനൊപ്പം 13 മന്ത്രിമാരാണ് ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മന്ത്രിസഭ അധികാരത്തില്‍ വന്ന് ഒരുമാസം പിന്നിട്ടിട്ടും മന്ത്രിസഭ വിപുലീകരണ നടപടികള്‍ എങ്ങുമെത്തിയില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്ന സൂചനകള്‍ വരുന്നത്.

എം.എല്‍.സി.തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കുമെന്നായിരുന്നു ശിവകുമാറിന്‍റെ ഉറപ്പ്. രണ്ടാംഘട്ടത്തില്‍ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന പേരുകളില്‍ തീരുമാനമായെന്നാണ് സൂചന. ഹൈക്കമാന്‍ഡിന്‍റെ അനുമതിക്കായി ഞായറാഴ്ച ഡി.കെ.ശിവകുമാര്‍ ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ കാണും. ഹൈക്കമാന്‍ഡ് അനുമതി നല്‍കിയാല്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ഉണ്ടായേക്കും. കഴിഞ്ഞ ബുധനാഴ്ച ഗവര്‍ണറെ നേരില്‍കണ്ട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. സത്യപ്രതിജ്ഞാ തീയതികള്‍ ചര്‍ച്ചയായെന്നാണ് വിവരം. അതേസമയം 34 അംഗ മന്ത്രിസഭയില്‍ ഇടം പിടിക്കാന്‍ ചരടുവലികളും ശക്തമാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപണം നേരിടുന്ന സമീര്‍ അഹമ്മദ് ഖാനാണ് അതില്‍ ഒന്നാമന്‍. സമീറിനുവേണ്ടി മുസ്ലീം സംഘടനകളും രംഗത്തുണ്ട്. വൊക്കലിഗ, ലിംഗായത്ത്, ക്രൈസ്തവ സമുദായ നേതാക്കളും അവരുടെ നോമിനികളെ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് പൂര്‍ണ തോതിലുള്ള മന്ത്രിസഭാ നിലവില്‍ വരണം. അതുകൊണ്ട് ഈമാസം തന്നെ മന്ത്രിസഭാ വിപുലീകരണം ഉണ്ടായേക്കും.

Karnataka's second phase cabinet expansion is expected to take place on July 13th, with the remaining twenty ministers set to take the oath of office.: