നരേന്ദ്രമോദിയുടെയും എന്‍ഡിഎയുടെയും കടുത്ത വിമര്‍ശകനായ ടെലിഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കി. നടപടിയെ എഡിറ്റേഴ്സ് ഗില്‍ഡ് അപലപിച്ചു. പേര് വേഗം പുനഃസ്ഥാപിക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
രാജഗോപാലിന്‍റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു, നടപടി അപലപനീയമാണെന്നും പേര് എത്രയും വേഗം വോട്ടർ പട്ടികയിൽ പുനസ്ഥാപിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
കൊല്‍ക്കത്തയില്‍ സ്ഥിരതാമസമായിരുന്ന തന്‍റെ പേര് എസ്‌ഐആറില്‍ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തെന്നും ഇക്കാരണത്താല്‍ പാസ്‌പോർട്ട് പുതുക്കാന്‍ പൊലീസ് അനുമതി നിഷേധിച്ചെന്നും രാജഗോപാല്‍ പരാതിപ്പെട്ടിരുന്നു. പാസ്പോര്‍ട്ട് പുതുക്കാത്തതില്‍, കാലിഫോർണിയയിൽ ജേണലിസ്റ്റായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും രാജഗോപാലിന് സാധിച്ചിരുന്നില്ല.
മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും പേര് ഒഴിവാക്കിയതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിൽ അപ്പീൽ നല്‍കിയിരിക്കുകയാണ് ആർ.രാജഗോപാല്‍. പാസ്പോര്‍ട്ട് പുതുക്കാന്‍ അനുമതി നിഷേധിച്ചത് യുക്തിരഹിതമാണെന്ന് ടെലിഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാല്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.