മദ്യത്തിലെ ആൽക്കഹോൾ അളവ് അടിസ്ഥാനമാക്കി നികുതി പുനഃക്രമീകരിക്കാനുള്ള കേരള സർക്കാർ തീരുമാനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ, സമാന മാതൃക രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് കർണാടകയിലെ സിദ്ധരാമയ്യ സർക്കാരാണ്. മദ്യത്തിന്‍റെ അളവോ ബ്രാൻഡോ അല്ല, അതിലെ ആൽക്കഹോളിന്‍റെ അളവാണ് നികുതി നിർണയിക്കേണ്ടതെന്ന ആശയമാണ് ഇപ്പോൾ കേരളത്തിലും നടപ്പാക്കാന്‍ പോകുന്നത്.

കേരളത്തില്‍ പ്രഖ്യാപിച്ച നികുതിയിളവ് പ്രകാരം കുറഞ്ഞ ആൽക്കഹോൾ അളവുള്ള ചില ഉൽപ്പന്നങ്ങൾക്ക് നികുതി ഭാരം കുറയുകയും അതുവഴി വിലയിൽ മാറ്റമുണ്ടാകുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിയത്. ചില മദ്യ കമ്പനികൾക്ക് പ്രയോജനം ലഭിക്കാനാണ് നികുതി ഘടന മാറ്റുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ സർക്കാർ ഈ ആരോപണം തള്ളുകയാണ്. മദ്യത്തിന്‍റെ ശക്തിക്ക് അനുസരിച്ചുള്ള നികുതി സംവിധാനം ലോകത്തിന്‍റെ പല ഭാഗങ്ങളിലും നിലവിലുണ്ടെന്നും കേരളം അതേ രീതിയാണ് പിന്തുടരുന്നതെന്നുമാണ് സർക്കാരിന്‍റെ വിശദീകരണം.

ഇതിനിടെയാണ് കർണാടകയിലെ മാതൃക വീണ്ടും ചർച്ചയാകുന്നത്. 2026-27 ബജറ്റിന്‍റെ ഭാഗമായി അന്നത്തെ  മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച 'ആൽക്കഹോൾ ഇൻ ബെവറേജ്' (AIB) മോഡൽ രാജ്യത്ത് ആദ്യമായി മദ്യത്തിലെ ആൽക്കഹോൾ അളവ് കണക്കാക്കി നികുതി നിശ്ചയിക്കുന്ന സംവിധാനമായി മാറി.

എന്താണ് കര്‍ണാടക മോഡല്‍ ?

പുതിയ നയപ്രകാരം കർണാടക സർക്കാർ നിലവിലുണ്ടായിരുന്ന 16 നികുതി സ്ലാബുകൾ എട്ടായി ചുരുക്കി. നാല് മുതൽ എട്ട് ശതമാനം വരെ ആൽക്കഹോൾ ഉള്ള ബിയറുകള്‍ക്ക് നികുതി നിരക്കിൽ ഇളവ് നൽകിയപ്പോൾ, 40 ശതമാനത്തിന് മുകളിലുള്ള ആൽക്കഹോൾ അടങ്ങിയ വിസ്കി, ബ്രാൻഡി, റം തുടങ്ങിയ ഹാർഡ് ലിക്കർ വിഭാഗങ്ങൾക്ക് ഉയർന്ന നികുതിയും ഏര്‍പ്പെടുത്തി.

നികുതി  പരിഷ്കാരത്തിന് പിന്നാലെ അഞ്ച് ശതമാനം ആൽക്കഹോൾ ഉള്ള ചില ബിയർ ബ്രാൻഡുകളുടെ വിലയിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായി.330 മില്ലി ലീറ്റർ ബിയർ ബോട്ടിലുകളുടെ വില 15 മുതൽ 25 രൂപ വരെ കുറഞ്ഞു. ആല്‍ക്കഹോള്‍ കുറഞ്ഞ പ്രീമിയം ബ്രാൻഡുകളുടെ വിലയും അഞ്ച് മുതൽ 23 ശതമാനം വരരയും കുറവുണ്ടായി. എന്നാല്‍ ആല്‍ക്കഹോളിന്‍റെ അളവ് കൂടിയ ലോക്കല്‍ ബ്രാൻഡുകൾക്ക് വില കൂടുകയും ചെയ്തു.

സിദ്ധരാമയ്യ സര്‍ക്കാര്‍ നികുതി പരിഷ്കാരത്തെ ന്യായീകരിച്ചത് രണ്ട് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ഒന്ന്, കുറഞ്ഞ ആൽക്കഹോൾ അളവുള്ള ഉൽപ്പന്നങ്ങളിലേക്ക് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുക. രണ്ട്, സംസ്ഥാനത്തിന്‍റെ നികുതി വരുമാനം വർധിപ്പിക്കുക. 40,000 കോടി രൂപയിലധികം വരുമാനം ലഭിക്കുന്ന എക്സൈസ് മേഖലയെ 45,000 കോടി രൂപ വരുമാന ലക്ഷ്യത്തിലേക്ക് ഉയർത്തുകയായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം

കേരളത്തിൽ ഉയരുന്ന രാഷ്ട്രീയ ചോദ്യങ്ങൾ‌‌

ഒരു ഉൽപ്പന്നത്തിന്‍റെ ആൽക്കഹോൾ അളവ് കുറവാണെങ്കിൽ അതിന് കുറഞ്ഞ നികുതി നൽകുന്നത് നികുതി പരിഷ്കാരമാണോ, അതോ ചില കമ്പനികൾക്ക് അനുകൂലമായ നയമാണോ എന്ന ചോദ്യമാണ് രാഷ്ട്രീയമായി ഉയരുന്നത്.നികുതി നിരക്ക് കുറയുന്നതിന്‍റെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുമെന്നതിന് ഉറപ്പില്ലെന്നും കമ്പനികൾക്കാണ് പ്രധാന നേട്ടമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന വാദം. 

കര്‍ണാടക മോഡല്‍ രാഷ്ട്രീയ ആയുധമാകുമോ?

 കോൺഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ കർണാടകയിൽ സമാന നികുതി പുനഃക്രമീകരണം നേരത്തെ നടപ്പാക്കിയിട്ടുണ്ടെന്ന വാദം കേരള സർക്കാരിന് പ്രതിരോധ ആയുധമാക്കാം. എന്നാല്‍, കർണാടകയിൽ നടന്ന നടപടികളും അതിന്‍റെ ഫലങ്ങളും വിശദമായി പഠിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടേക്കാം.

ENGLISH SUMMARY:

Kerala alcohol tax policy is facing political controversy as the government aims to adjust taxes based on alcohol content, mirroring a model previously implemented in Karnataka. This move, intended to rationalize taxation, has sparked debate regarding its fairness and potential benefits for specific companies.