തൃണമൂല്‍ കോണ്‍ഗ്രസ് വിമത എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ സന്ദര്‍ശിച്ച ശേഷമാണ് വിമതര്‍ പ്രഖ്യാപനം നടത്തിയത്. വിമത വിഭാഗത്തെ നയിക്കുന്ന കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് എംപിമാര്‍ സ്പീക്കറെ വസതിയിലെത്തി കണ്ടത്. കൂറുമാറ്റനിരോധന നിയമം മറികടക്കാനാണ് ലയനം. ത്രിപുരയിലെ ബംഗാളി വംശജരെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാര്‍ട്ടിയാണ് നാഷണലിസറ്റ് സിറ്റിസണ്‍ പാര്‍ട്ടി. 

 

സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. തങ്ങള്‍ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്നും എൻ.ഡി.എ.യുടെ ഭാഗമാകുകയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുമെന്ന് കകോലി ഘോഷ് പറഞ്ഞു. സ്പീക്കറെ കാണുന്നതിന് മുന്‍പ് വിമതര്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്‍റെ വസതിയില്‍ യോഗംചേര്‍ന്നിരുന്നു. സഭയില്‍ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുമ്പോഴുണ്ടാകുന്ന നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കാനാണ് ലയനം. 

 

വിമത എംപിമാർ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്റെ ഡൽഹിയിലെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയില്‍ കുറഞ്ഞത് 16 പേര്‍ പങ്കെടുത്തു എന്നാണ് പുറത്തു വന്ന ഫോട്ടോയില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ തങ്ങള്‍ക്കൊപ്പം കുറഞ്ഞത് 22 വിമതരുണ്ടെന്ന് കകോലി ഘോഷ് പറഞ്ഞു. ആകെ 28 എംപിമാരാണ് തൃണമൂലിന് ലോക്സഭയിലുള്ളത്. സുദീപ് ബന്ദേപാധ്യായ, രചന ബാനർജി, ജഗദീഷ് ചന്ദ്ര ബർമ്മ, പാർത്ഥ ഭൗമിക്, അരൂപ് ചക്രവർത്തി, അധികാരി ദീപക് ദേവ് (ദേവ്), സയാനി ഘോഷ്, ബാപ്പി ഹൽദാർ, അബു താഹെർ ഖാൻ, കാളിപദ സറീൻ ഖേർവാൾ, അസിത് കുമാർ, കാകോലി ഘോഷ് ദസ്തിദാർ, യൂസഫ് പത്താന്‍ എന്നിവരാണ് വിമതപക്ഷത്തുള്ളത്. നേരത്തെ വിമത വിഭാഗത്തെ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജി ഓം ബിര്‍ളയ്ക്ക് കത്തു നല്‍കിയിരുന്നു. 

 

അതേസമയം, തൃണമൂൽ കോൺഗ്രസ് എന്ന പേരിനായി നിയമപരമായ വഴി തേടുമെന്ന് മറ്റൊരു വിമത തൃണമൂൽ എം.പിയായ സുദീപ് ബന്ദേപാധ്യായ പറഞ്ഞു. പാർട്ടിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി പുറത്തുപോകുമ്പോൾ ആദ്യ ദിവസം തന്നെ പേരു വേണമെന്ന് ആവശ്യപ്പെടാനാകില്ല. തൃണമൂലിൽ നിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ ജൂലൈ മാസത്തിൽ തൃണമൂൽ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെടും. അതിനുശേഷം കോടതി ഇതിൽ തീരുമാനമെടുക്കും എന്നാണ് സുദീപ് പറഞ്ഞത്. 

 

 

ENGLISH SUMMARY:

In a dramatic political development, the rebel faction of the Trinamool Congress has officially announced its decision to merge with the Tripura-based Nationalist Citizens Party. The high-stakes declaration was made immediately after a dissident delegation, led by veteran leader Kakoli Ghosh Dastidar, held a formal meeting with Lok Sabha Speaker Om Birla at his official residence. By executing this calculated merger with a registered political outfit, the rebel MPs aim to legally bypass the stringent provisions of the anti-defection law. Dastidar stated that the faction possesses the required two-thirds majority within the parliamentary party, further declaring their clear intention to join the ruling NDA alliance under the Prime Minister's leadership. Prior to meeting the Speaker, at least sixteen of the suspected twenty-two rebel lawmakers—including prominent names like Sudip Bandyopadhyay and Saayoni Ghosh—had gathered at Union Minister Bhupender Yadav's Delhi residence to finalize their legal strategies. Meanwhile, senior rebel MP Sudip Bandyopadhyay asserted that they will aggressively pursue a legal battle in July to officially reclaim ownership of the original "Trinamool Congress" party name.