mamata

മമത ബാനർജി ഒരു ഹോം കമിങ്ങിന് ഒരുങ്ങുകയാണോ? നീണ്ട 29 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിലേക്ക് മമത തിരിച്ചുവരുമോ? ഈ ദിവസങ്ങളിൽ ഡൽഹിയില്‍ നിന്നും കൊല്‍ക്കൊത്തയില്‍ നിന്നും മാത്രമല്ല രാജ്യത്തിന്‍റെ പല കോണുകളിൽ നിന്നും ഈ ചോദ്യങ്ങൾ  ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിനെത്തിയ മമതയും സോണിയ ഗാന്ധിയും പരസ്പരം ആലിംഗനം ചെയ്ത ചിത്രം ഇന്ത്യൻ രാഷ്ട്രീയം ഏറെ കൗതുകത്തോടെയാണ് കണ്ടത്. 

സോണിയ ഗാന്ധിയുമായുള്ള മമതയുടെ കൂടിക്കാഴ്ച ഈ കൗതുകത്തിന് ആക്കം കൂട്ടി. ബംഗാളിൽ തന്‍റെ പാർട്ടി പ്രവർത്തകർ ഏറെ പ്രതിസന്ധി നേരിടുന്ന ഈ ദിവസങ്ങളിലും മമത ഡൽഹിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം മമതയുടെ അനന്തരവനും ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജി രാഹുൽ ഗാന്ധിയെ കണ്ടു. ഇതുകൊണ്ടൊക്കെ തന്നെയാണ് മമത തന്‍റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നത്. തുടർച്ചയായി മൂന്ന് തവണ ബംഗാളിന്‍റെ ഭരണം മാത്രമല്ല, 29 ലോക്‌സഭാ സീറ്റുകളും 12 രാജ്യസഭാ സീറ്റുകളുമുള്ള മൂന്നാമത്തെ വലിയ പ്രതിപക്ഷ പാർട്ടിയായിരുന്ന മമതയുടെ തൃണമൂൽ കോൺഗ്രസ്, കേന്ദ്ര സർക്കാരിനെതിരെ തനിച്ചു നിന്നാണ്  ഇക്കാലമത്രയും പോരാടിയത്. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യവുമായി മമതയ്ക്ക് യോജിപ്പില്ലായിരുന്നു. അപ്പോൾ പിന്നെ എന്തിനാണ് ഇപ്പോൾ ഈ സൗഹൃദം?

1997 ൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി സ്ഥാപിച്ച മമത ബംഗാളിന്‍റെ അനിഷേധ്യ നേതാവായി ഉയർന്നുവന്നത് വളരെ പെട്ടെന്നായിരുന്നു. 2011 ൽ ബംഗാളിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മമത അധികാരമേറ്റത് 34 വർഷത്തെ സംസ്ഥാനത്തെ ഇടത് ഭരണം അവസാനിപ്പിച്ചുകൊണ്ടായിരുന്നു. പിന്നീട് ബംഗാളിൽ തൃണമൂലിന്‍റെയും  മമതയുടെയും കാലമായിരുന്നു. എന്നാൽ കഴിഞ്ഞ മെയ് 4 ന് എല്ലാം മാറിമറിഞ്ഞു.

ബംഗാളിൽ അജയ്യമെന്ന് കരുതിയ തൃണമൂൽ  ബിജെപി തരംഗത്തിൽ ഒലിച്ചുപോയി. മമതയ്ക്കും അവരുടെ ടിഎംസിക്കും എതിരായ വേട്ടയായിരുന്നു ബിജെപി ബംഗാളിൽ നടത്തിയത്. ബംഗാളിലെ 294 അംഗ നിയമസഭയിൽ ടിഎംസി വെറും 80 ആയി ചുരുങ്ങി.  പാർട്ടി നേതൃത്വത്തിനെതിരെ, പ്രത്യേകിച്ച് അഭിഷേക് ബാനെർജിക്കെതിരെ ഉണ്ടായ കലാപത്തെ തുടർന്ന് 100-ലധികം ടിഎംസി കൗൺസിലർമാർ രാജിവച്ചു, മമതയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഋതബ്രത ബാനർജി 60-ലധികം എംഎൽഎമാരുമായി നിയമസഭയിൽ പ്രതിപക്ഷ നേതാവായി. പാർട്ടിയുടെ 28 എംപിമാരിൽ 20-ലധികം പേരുടെ പിന്തുണ കക്കോളി ഘോഷ് ദസ്തിദാർ അവകാശപ്പെടുകയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

അങ്ങനെ 1998 ൽ മമത സഥാപിച്ച ടിഎംസിയുടെ നിയന്ത്രണം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മമതയ്ക്ക് നഷ്ട്ടമായി. മൂന്ന് പതിറ്റാണ്ടായി താൻ വളർത്തിയെടുത്ത പാർട്ടി വിമതർ തട്ടിയെടുക്കുന്നത് തടയാനായി മമതയ്ക്ക് മുൻപിലെ ഏക മാർഗം കോൺഗ്രസുമായുള്ള ലയനമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ ഒരിക്കൽ പടിയിറങ്ങി വന്നിടത്തേക്ക് തിരികെ പോകാൻ അവരുടെ പോരാട്ടവീര്യം കണക്കിലെടുക്കുമ്പോൾ സാധ്യത വളരെ കുറവാണെന്നും വിലയിരുത്തലുകളുണ്ട്.

ഇനി മമതയുമായി സഖ്യമുണ്ടാക്കിയാൽ കോൺഗ്രസിന് എന്തെങ്കിലും നേട്ടമുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. യഥാർത്ഥത്തിൽ തൃണമൂലിൽ നിന്ന് കോൺഗ്രസിന് ഒന്നും നേടാനില്ല. മാത്രമല്ല, മമത ഇപ്പോഴുള്ളത് അവരുടെ ഏറ്റവും ജനപ്രീതി കുറഞ്ഞ കാലഘട്ടത്തിലാണ്. പശ്ചിമ ബംഗാളിൽ ബിജെപിയുടെ വിജയത്തിന് പിന്നിലെ ഒരു കാരണം മമത വിരുദ്ധ വികാരം തന്നെയായിരുന്നു. 

മാത്രമല്ല, മമതയുമായി സഖ്യമുണ്ടാക്കി വിജയകരമായി മുന്നോട്ട് പോകുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. ഒരു നേതാവെന്ന നിലയിലുള്ള അവരുടെ ശക്തി, സഖ്യകക്ഷിയായി പ്രവർത്തിക്കുമ്പോൾ അവരുടെ ബലഹീനതയായി മാറും. അവർ സ്വയം ശക്തയാണ്, പോരാളിയാണ്.  മമതയെ കോൺഗ്രസിന്‍റെ ചട്ടക്കൂടിനുള്ളതിൽ ഒതുക്കുക എന്നത് നിസാരമായ കാര്യമല്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

അതിനാൽ തന്നെ ജനപിന്തുണ വീണ്ടെടുക്കുക എന്നതാണ് മമതയ്ക്ക് മുൻപിലുള്ള ഏക മാർഗമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. 1977 ൽ, ഇന്ദിരാഗാന്ധി തിരഞ്ഞെടുത്ത മാർഗമാണ് ഇതിനായി പലരും ചൂണ്ടിക്കാണിക്കുന്നതും.  അന്ന് ഇന്ദിരാഗാന്ധി  അധികാരത്തിൽ നിന്ന് പുറത്താക്കപെടുകയും  പാർട്ടിയിൽ നിന്നുള്ള പലരും ശത്രുക്കളായി മാറുകയും ചെയ്‌തെപ്പോൾ, തന്‍റെ  പിന്തുണ തിരികെ നേടാൻ അവർ ഒറ്റയ്ക്ക് പോരാടുകയാണ് ചെയ്‍തത്. നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അതത്ര എളുപ്പമല്ല, പക്ഷേ മമതയെ പോലൊരു പോരാളിക്ക് അത് സാധ്യമാകുമെന്നാണ് അവരുടെ ചരിത്രം പറഞ്ഞുവെയ്ക്കുന്നത്. 

ENGLISH SUMMARY:

Mamata Banerjee Congress return is a hot topic of discussion in Indian politics, with speculation arising after her recent meetings with Sonia Gandhi and Rahul Gandhi. The internal turmoil within her Trinamool Congress party has intensified these discussions.