ബംഗാളിനെയും ബിജെപിയെയും പിടിച്ചു കുലുക്കിയ മമതാ ബാനർജിയുടെ ചെറു രൂപം. നെറ്റിയിൽ വലിയ ബിന്ദി, ചുറ്റികെട്ടിയ മുടി, കോട്ടൻ സാരി.... ബംഗാളിന്റെ എല്ലാ സാംസ്കാരിക രീതികളും പിന്തുടർന്ന വനിത നേതാവ്. അതായിരുന്നു സയോണി ഘോഷ്. ഉറച്ച ശബ്ദത്തിൽ ഘോരമായി ബിജെപിയെ വെല്ലുവിളിച്ച, ജനാധിപത്യ സംരക്ഷണത്തിനും മതേതരത്വത്തിനും മുദ്രാവാക്യമുയർത്തിയ, മാധ്യമങ്ങൾക്ക് മുന്നിൽ ധീരമായി നിലപാട് പറഞ്ഞ സയോണി, എങ്ങിനെ വിമത പക്ഷത്തേക്ക് ചാഞ്ഞ് ബിജെപിയോടടുത്തു എന്ന് ജനം ഞെട്ടലോടെ നോക്കുന്നു 

ബിജെപിയുമായുള്ള ചർച്ചയ്ക്കുശേഷം കൊൽക്കത്തയിൽ തിരിച്ചെത്തിയ സയോണിയുടെ വേഷവും രാഷ്ട്രീയപാതയും വ്യത്യസ്തമായിരുന്നു. ജീൻസും ടീഷർട്ടും കൂളിംഗ് ഗ്ലാസും മാസ്കും ധരിച്ചെത്തിയ സയോണി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ക്യാമറയിൽ മുഖം പതിയാതിരിക്കാൻ പാട്പെട്ട് കാറിൽ കയറി. സയോണിയുടെ രാഷ്ട്രീയ മാറ്റം എന്തുകൊണ്ട് ? ദിവസങ്ങൾക്കു മുൻപ് മമതാ ബാനർജി യൂത്ത് വിങ് പ്രസിഡന്റ് ആക്കിയിട്ടും എന്തുകൊണ്ട് വിമത പക്ഷത്തേക്ക് മാറി? രാഷ്ട്രീയ നിലപാടുകൾ ഇത്രയും പെട്ടെന്ന് മാറുമോ ? ചോദ്യങ്ങൾ നിരവധി.

ഈ മാസം ആദ്യം, ഡൽഹിയിലെ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ വസതിയിൽ നടന്ന ഒരു രഹസ്യ കൂടിക്കാഴ്ച  വലിയ ഭൂകമ്പമാണ് ഉണ്ടാക്കിയത്. തുടർച്ചയായ വിജയങ്ങളിലൂടെ ബംഗാളിൽ അപ്രമാദിത്വം സ്ഥാപിച്ചിരുന്ന തൃണമൂൽ കോൺഗ്രസിന്റെ 20 ലോക്സഭ എംപിമാർ പാർട്ടി അധ്യക്ഷ മമതാ ബാനർജിക്കെതിരെ തിരിഞ്ഞിരിക്കുന്നുവെന്ന വാർത്തയാണ് അവിടെ നിന്ന് പുറത്തുവന്നു. 2026-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ പാർട്ടിയുടെ അടിത്തറ ഇളക്കിയ നീക്കം. തൊട്ട് പിന്നാലെ പ്രത്യേക ബ്ലോക്ക് ആയിരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിമത എംപിമാർ സ്പീക്കർക്ക് കത്ത് നൽകി. പക്ഷേ അന്ന് കത്ത് പുറത്തുവന്നില്ല. അതുകൊണ്ടുതന്നെ സയോണി വിമത സംഘത്തിൽ ആണെന്ന സ്ഥിരീകരണത്തിന് വൈകി. വിമത സംഘത്തിലെ സയോണിയുടെ സാന്നിധ്യം  വിശ്വസിക്കാൻ മടിച്ചവർക്ക് മുന്നിലേക്ക് ദിവസങ്ങൾക്ക് ശേഷം ആ രേഖയെത്തി.  അയോഗ്യത മറികടന്ന് ബിജെപി ലയിക്കാൻ വേണ്ട എംപിമാർ ഇല്ലാത്തതുകൊണ്ടാണ് പ്രത്യേക ബ്ലോക്ക് ആയിരിക്കാൻ ആവശ്യപ്പെട്ടതെന്ന TMC വാദം ഇതോടെ പൊളിഞ്ഞു.

ആരാണ് സായോനി ഘോഷ്?

ബംഗാളി സിനിമ-സീരിയൽ രംഗത്ത് നിന്ന് രാഷ്ട്രീയത്തിൽ എത്തിയ സായോണി ഘോഷ് വളരെ ചുരുങ്ങിയ കാലം കൊണ്ട് തൃണമൂലിന്റെ തീപ്പൊരി നേതാവായി. 2021 ഫെബ്രുവരിയിലാണ്  ഔദ്യോഗികമായി തൃണമൂൽ കോൺഗ്രസിൽ ചേരുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അസൻസോൾ സൗത്തിൽ ബിജെപിയുടെ അഗ്നിമിത്ര പോളിനോട് പരാജയപ്പെട്ടെങ്കിലും, പാർട്ടിക്കുള്ളിലെ വളർച്ച അതിവേഗമായിരുന്നു. അഭിഷേക് ബാനർജിക്ക് ശേഷം തൃണമൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ.  2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ഉരുക്കുകോട്ടയായ ജാദവ്പൂരിൽ നിന്നും 2.5 ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ എംപിയായി. ബിജെപിക്കെതിരായ മൂർച്ചയേറിയ പ്രസംഗങ്ങളും യുവജനങ്ങൾക്കിടയിലെ സ്വാധീനവുമാണ് സായോണിയെ പാർട്ടിയുടെ മുൻനിരയിലെത്തിച്ചത്. പാട്ടും അനുഭവവും കഥകളും മൂർച്ചയേറിയ ചോദ്യശരങ്ങളുമായി വലിയ ജനക്കൂട്ടത്തിന് നടുവിലെ സയോണിയുടെ പ്രസംഗങ്ങൾ ആരവം സൃഷ്ടിച്ചു. 

എന്തുകൊണ്ടാണ് സായോനിയുടെ പേര് ഇത്രയേറെ ചർച്ചയാകുന്നത്?

2026-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് ആധാരം. റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എംഎൽഎമാർ വിമത നീക്കം നടത്തി പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെയാണ്, പിളർപ്പ് പാർലമെൻറിലേക്ക് എത്തിയത്. മുതിർന്ന നേതാവ് കാകോലി ഘോഷിന്റെ നേതൃത്വത്തിൽ 20 തൃണമൂൽ എംപിമാർ (യൂസഫ് പഠാൻ, മാള റോയ് എന്നിവരുൾപ്പെടെ) എൻഡിഎയ്ക്ക് (NDA) പിന്തുണ പ്രഖ്യാപിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിരോധിക്കാൻ തൃണമൂലയിൽ നിന്നും എത്തുന്നവരുടെ മുൻനിരയിൽ സയോണി ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിച്ചു. ആ സയോണിയാണ്

. വിമത ക്യാമ്പിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായി മാറിയത് . മമതാ ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും വിശ്വസ്തയായി അറിയപ്പെട്ടിരുന്ന സായോനി കൂറുമാറിയത് തൃണമൂലിന് വലിയ പ്രഹരമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ TMC യിൽ പ്രചാരണത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ച മൂന്നു നേതാക്കളിൽ ഒരാളായിരുന്നു സയോണി. ശേഷിക്കുന്നവർ മമതാ ബാനർജിയും അഭിഷേക് ബാനർജിയും. അത്രത്തോളമുണ്ടായിരുന്നു TMC യിലും മമതയുടെ മനസ്സിലും സയോണിക്കുള്ള സ്ഥാനം

ടി എം സിയിൽ വളർന്ന അതൃപ്തിയുടെ സഫോടനം 

ഒറ്റയടിക്കുള്ളതല്ല സായോനി ഘോഷിന്റെ വിമത ക്യാംപിൽ എത്തൽ. കഴിഞ്ഞ കുറച്ചു നാളുകളായി അത്യപ്‌തി പുകയുകയായിരുന്നു

1. കാബ-മദീന വിവാദം

 തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുസ്ലീം വോട്ടർമാരെ ആകർഷിക്കാനായി സായോനി ഉപയോഗിച്ച "എന്റെ ഹൃദയത്തിൽ കാബയാണ്, എന്റെ കണ്ണുകളിൽ മദീനയാണ്" എന്ന പരാമർശം ബിജെപി വലിയ ആയുധമാക്കി. തൃണമൂൽ  ഹിന്ദു വിരുദ്ധ പാർട്ടിയാണെന്ന് വരുത്തിത്തീർക്കാൻ ബിജെപി ഇത് ഉപയോഗിച്ചു.  പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി നേതൃത്വം സായോനിയെ പിന്തുണച്ചില്ലെന്നും,  തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറ്റിനിർത്തിയെന്നും  സയോണി വിശ്വസിക്കുന്നു

2. സൈബർ കേസ്

2015 ൽ ശിവലിംഗത്തെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് തഥാഗത റോയ് കേസ് കൊടുത്തപ്പോഴും പാർട്ടി നീസംഗത പാലിച്ച് എന്ന പരാതി സയോണിക്കുണ്ട്

3. അഭിഷേക് ബാനർജിയുമായുള്ള വിവാദങ്ങൾ

സായോണിയും അഭിഷേക് ബാനർജിയും ചേർന്ന് സംയുക്തമായി ഫ്ലാറ്റ് വാങ്ങിയെന്ന ബിജെപിയുടെ ആരോപണം വലിയ വാർത്തയായിരുന്നു. എന്നാൽ ഇത് വ്യക്തിഹത്യ ചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സായോനി തന്നെ വ്യക്തമാക്കിയിരുന്നു.

ENGLISH SUMMARY:

Sayoni Ghosh, once one of the most prominent faces of the Trinamool Congress and a close ally of Mamata Banerjee, has become the focus of political debate in West Bengal. Her reported association with a dissident camp has raised questions about growing unrest within the TMC. Explore her political journey, the controversies surrounding her, and the factors that may have contributed to the widening rift with the party leadership.