തൃണമൂൽ കോൺഗ്രസിലെ പിളർപ്പിന് പിന്നാലെ വിമത ക്യാമ്പിലും പ്രതിസന്ധി. മമത ബാനര്‍ജിയെ പൂര്‍ണമായും മാറ്റി നിര്‍ത്തണമോ വേണ്ടയോ എന്നതില്‍ അവ്യക്തത. അഭിഷേക് ബാനർജിയുടെ വർധിച്ചുവരുന്ന അധികാരത്തോടും നിയമസഭാ കക്ഷിയിലെ ഇടപെടലുകളോടുമാണ് വിയോജിപ്പെന്നും മമതയോട് വിധേയത്വം എന്നും വലിയ വിഭാഗം നേതാക്കള്‍. തുടര്‍നീക്കങ്ങള്‍ തീരുമാനിക്കാന്‍ മമത മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു.
28 വർഷത്തെ ചരിത്രമുള്ള തൃണമൂൽ കോൺഗ്രസിൽ പാർട്ടി നേതൃത്വവും ജനപ്രതിനിധികളും തമ്മിലുള്ള അധികാരത്തർക്കം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതൃ സ്ഥാനവും 60 എംഎല്‍എമാരുടെ പിന്തുണയും ഉണ്ടെങ്കിലും റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ക്യാന്പില്‍ മൂന്നോട്ട് പോക്ക് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. മമത ബാനർജിയോട് പൂർണ്ണ വിധേയത്വം തുടരുന്നവരാണ് വിമത ക്യാമ്പിലെ എംഎല്‍എമാരേറെയും. എതിര്‍പ്പ് അഭിഷേക് ബാനര്‍ജിയോടാണ്. അഭിഷേക് ബാനർജിയുടെ വർധിച്ചുവരുന്ന അധികാരവും നിയമസഭാ കക്ഷിയിലെ ഇടപെടലുകളും അംഗീകരിക്കാനാകില്ല എന്നാണ് നിലപാട്.
മമത ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തി തന്നെ മുന്നോട്ട് പോകണമെന്നും അഭിഷേക് ബാനര്‍ജിക്കായി ഉറച്ച് നില്‍ക്കുന്ന മമത മാറ്റി നിര്‍ത്തണമെന്നും രണ്ട് അഭിപ്രായം വിമത എംഎല്‍എമാര്‍ക്കിടയിലുണ്ട്. മമതയെ നിയമസഭാ കക്ഷിയുടെ മുഖ്യ ഉപദേശക ആക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവായതിനു പിന്നാലെ റിതബ്രത മുന്നോട്ടുവെച്ചിരുന്നു. അതേസമയം മമതക്ക് നിയമസഭയിലേക്ക് വഴി തുറന്നിരിക്കുകയാണ് ആം ജനത ഉന്നയൻ പാർട്ടി അധ്യക്ഷൻ ഹുമയൂൺ കബീർ. നൗഡ, റെജിനഗർ സീറ്റുകളിൽ വിജയിച്ചതിനാൽ ഒഴിയുന്ന സീറ്റ് മമതയ്ക്ക് നൽകാമെന്നാണ് ഹുമയൂൺ അറിയിച്ചിട്ടുള്ളത്. മമത ടിഎംസിയില്‍ നിന്നും പുറത്താക്കിയ നേതാവാണ് ഹുമയൂണ്‍.