തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയെ പടുത്തുയർത്തിയ, ബംഗാളിലെ കരുത്തയായ പോരാളി മമത ബാനർജി ഇപ്പോൾ കടന്നുപോകുന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിലൂടെയാണ്. റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ 60 എം.എൽ.എമാർ നടത്തിയ വിമത നീക്കത്തെ തുടർന്ന് പാർട്ടി പിളർന്നിരിക്കുകയാണ്. 2011-ന് ശേഷം ആദ്യമായി അധികാരം നഷ്ടപ്പെട്ട മമതയ്ക്ക് പാർട്ടിയെ ശക്തിപ്പെടുത്തി തിരിച്ചുകൊണ്ടുവരാൻ കഴിയുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന വലിയ ചോദ്യം.
തങ്ങളുടെ 28 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ടി.എം.സി ഇത്തരമൊരു പിളർപ്പ് നേരിടുന്നത്. ഒരു മാസം മുമ്പ്, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പി വൻ വിജയം നേടിയത് രാഷ്ട്രീയ ബംഗാളിൽ അചിന്തനീയമായ ഒന്നായിരുന്നു. എന്നാൽ ഈ കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ, തിരഞ്ഞെടുപ്പ് പരാജയത്തേക്കാൾ വലിയൊരു പ്രതിസന്ധിയാണ് മമതയെ തേടിയെത്തിയത്. 23 എം.പിമാർ മമതയിൽ നിന്ന് അകന്നു കഴിഞ്ഞു; നൂറിലധികം കൗൺസിലർമാർ രാജി വെച്ചു. മുതിർന്ന നേതാക്കൾ പരസ്യമായി നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു കാലത്ത് അജയ്യമായി തോന്നിയ പാർട്ടി ഇത്രവേഗം തകർച്ചയിലേക്ക് കൂപ്പുകുത്തിയത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തുകയാണ്.
ബി.ജെ.പി 207 സീറ്റുകളും ടി.എം.സി 80 സീറ്റുകളും നേടിയ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ ഭിന്നതകൾ ആരംഭിച്ചത്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ പാർട്ടിയിലെ അമിത സ്വാധീനത്തിനെതിരെ, പുറത്താക്കപ്പെട്ട നേതാക്കളായ റിതബ്രതയും ഋജു ദത്തയും പരസ്യമായി രംഗത്തുവന്നു. ഇവർ മമതയെ നേരിട്ട് വിമർശിക്കുന്നില്ലെങ്കിലും, തങ്ങളുടെ അതൃപ്തി മുഴുവൻ അഭിഷേകിനോടാണെന്ന് വ്യക്തമാക്കുന്നുണ്ട്.
പ്രധാനപ്പെട്ട പാർട്ടി യോഗങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും ഭൂരിഭാഗം എം.എ.ൽ.എമാരും വിട്ടുനിൽക്കുന്നത് മമതയ്ക്ക് പ്രതിസന്ധി വർദ്ധിപ്പിച്ചു. മമതയുടെ കാളിഘട്ടിലെ വസതിയിൽ നടന്ന യോഗത്തിൽ 80 ടി.എം.സി എം.എ.ൽ.എമാരിൽ 60 പേരും പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾക്കെതിരെ മമത നടത്തിയ ആദ്യ പ്രതിഷേധത്തിൽ വെറും എട്ട് എം.എൽ.എമാരും ആറ് എം.പിമാരും മാത്രമാണ് പങ്കെടുത്തത് എന്നത് തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.
പാർട്ടിയുടെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനത്തിനും കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. കഴിഞ്ഞ നാല് ആഴ്ചകൾക്കുള്ളിൽ ജില്ലാ പരിഷത്തുകൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ ടി.എം.സി പ്രതിനിധികൾ ഒന്നുകിൽ കൂട്ടത്തോടെ രാജി വെക്കുകയോ അല്ലെങ്കിൽ ക്രിമിനൽ കേസുകളിൽ അറസ്റ്റിലാകുകയോ ചെയ്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അനധികൃത സിൻഡിക്കേറ്റുകൾക്കും പണം തട്ടുന്ന സംഘങ്ങൾക്കുമെതിരെ നടപടി ആരംഭിച്ചതിന് പിന്നാലെയാണിത്. ഇതിനെ പ്രതിരോധിക്കാനായി പാർട്ടിയെ അടിത്തട്ടിൽ നിന്ന് പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ താഴെത്തട്ടിലുള്ള കമ്മിറ്റികളും തൃണമൂൽ നേതൃത്വം പിരിച്ചുവിട്ടിരിക്കുകയാണ്.
മമത ബാനർജിയുടെ വിശ്വസ്തനും മേയറുമായ ഫിർഹാദ് ഹക്കീമിന്റെ നേതൃത്വത്തിലുള്ള കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ, അഭിഷേക് ബാനർജിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 17 കെട്ടിടങ്ങൾക്ക് മേയ് 19-ന് നോട്ടീസ് നൽകിയതോടെയാണ് ആഭ്യന്തര ഭിന്നതയുടെ ആദ്യ സൂചനകൾ പുറത്തുവന്നത്. അനധികൃത നിർമ്മാണം ആരോപിച്ചായിരുന്നു ഈ നടപടി. അഭിഷേകിന്റെ മാതാപിതാക്കൾ, അദ്ദേഹത്തിന്റെ കമ്പനിയായ ലീപ്സ് ആൻഡ് ബൗണ്ട്സ്, കൊൽക്കത്തയിലെ ഹരീഷ് മുഖർജി റോഡിലുള്ള വസതിയായ ശാന്തിനികേതൻ എന്നിവയുമായി ബന്ധപ്പെട്ടവയായിരുന്നു ഈ സ്വത്തുക്കൾ. അനധികൃതമെന്ന് ആരോപിക്കപ്പെടുന്ന ഇവ ഏഴു ദിവസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു കോർപ്പറേഷൻ നിർദ്ദേശം.
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള പ്രതിഷേധ പരിപാടിയിൽ പല എം.എ.ൽ.എമാരും പങ്കെടുക്കാതിരുന്നത് ടി.എം.സിയിലെ ഐക്യത്തെ വീണ്ടും ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾക്കും വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുമെതിരെ നിയമസഭാ സമുച്ചയത്തിനുള്ളിലെ അംബേദ്കർ പ്രതിമയ്ക്ക് സമീപം നടന്ന ധർണ്ണയിൽ 80-ൽ 35 എം.എ.ൽ.എമാർ മാത്രമാണ് പങ്കെടുത്തത്. ഇതോടെ ഭിന്നത പരസ്യമായി.
അഭിഷേകിന്റെ അടുത്ത അനുയായിയായ ജഹാംഗീർ ഖാൻ ഫൽത നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയത് ഏവരെയും ഞെട്ടിച്ചു. ഏപ്രിലിൽ ഉത്തർപ്രദേശ് ഐ.പി.എസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ്മയുമായുള്ള തർക്കത്തിനിടെ, 'പുഷ്പ' എന്ന സിനിമാ കഥാപാത്രത്തോട് സ്വയം ഉപമിച്ച ഖാൻ, വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പാണ് മത്സരരംഗത്തുനിന്ന് പിന്മാറിയത്. ഫൽതയിൽ സമാധാനവും വികസനവുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയ ഖാൻ, മണ്ഡലത്തിനായി പ്രത്യേക വികസന പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പരസ്യമായി പ്രശംസിക്കുകയും ചെയ്തു.
ടി.എം.സി ഭരണകാലത്ത് തദ്ദേശ സ്ഥാപനങ്ങൾ എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കുമെന്ന് സുവേന്ദു സർക്കാർ അധികാരമേറ്റയുടനെ പ്രഖ്യാപിച്ചിരുന്നു. ക്രമക്കേടുകൾ കണ്ടാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ കൗൺസിലർമാരുടെ കൂട്ടരാജി തുടങ്ങി. രാജിവെച്ചവരുടെ എണ്ണം ഇതിനോടകം 100 കടന്നു. കൗൺസിലർമാർ ഓഫീസുകളിൽ വരുന്നത് നിർത്തിയതോടെ, തദ്ദേശ സ്ഥാപനങ്ങളിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കാനുള്ള അവസരമാക്കുകയാണ് ബി.ജെ.പി.
ഇതിനിടെ പാർട്ടിയിലെ മുതിർന്ന നേതാക്കളും അതൃപ്തിയുമായി രംഗത്തെത്തി. നാല് തവണ എം.പി പ്രമുഖയായ കകോലി ഘോഷ് ദസ്തിദാർ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചുകൊണ്ട് നടത്തിയ രൂക്ഷമായ പ്രതികരണങ്ങൾ ടി.എം.സിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. മമതയുടെ ദീർഘകാല സഹായിയായ അവർ, 'ഐ-പാക്' (I-PAC) എന്ന പൊളിറ്റിക്കൽ കൺസൾട്ടൻസി സ്ഥാപനത്തിന്റെ തെറ്റായ തീരുമാനങ്ങളാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് ആരോപിച്ചു. ഐ-പാക്കിന്റെ സഹായത്തോടെ അഭിഷേക് പാർട്ടിയുടെ കാര്യങ്ങൾ പൂർണ്ണമായി നിയന്ത്രിക്കാൻ തുടങ്ങിയതോടെ, പാർട്ടിക്ക് മേലുള്ള മമതയുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി പല മുതിർന്ന ടി.എം.സി നേതാക്കളും ആരോപിക്കുന്നു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളിൽ ഇരയായ കുടുംബങ്ങളെ കാണാൻ സോനാർപൂർ സന്ദർശിച്ച അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം ഉണ്ടായത് ജനങ്ങൾക്കിടയിലെ വലിയ പ്രതിഷേധത്തിന്റെ സൂചനയായിരുന്നു. സന്ദർശനത്തിനിടെ അദ്ദേഹത്തിന് നേരെ മുട്ടയും കല്ലും എറിയുകയും ബി.ജെ.പി അനുഭാവികൾ കരിങ്കൊടി കാണിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സംഘർഷത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഹെൽമറ്റ് ധരിപ്പിച്ചാണ് അവിടെ നിന്ന് മാറ്റിയത്. തുടർന്ന് ചികിത്സയ്ക്കായി അഭിഷേകിനെ കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഷേകിന് പുറമെ അര ഡസണോളം ടി.എം.സി നേതാക്കളും സമാനമായ രീതിയിൽ ജനരോഷം നേരിട്ടു.
വ്യാജ ഒപ്പ് വിവാദമാണ് ടി.എം.സിയിലെ വിമത നീക്കത്തിന്റെ തുടക്കമിട്ടത്. പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചതോപാധ്യായയെ നിർദ്ദേശിച്ചുകൊണ്ട് പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ അഭിഷേക് സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. നിയമസഭാ കക്ഷി യോഗത്തിൽ ഇത്തരമൊരു പ്രമേയം പാസാക്കിയിട്ടില്ലെന്നും, ശോഭൻദേബിനെ പിന്തുണച്ചുകൊണ്ടുള്ള കത്തിലെ പല ഒപ്പുകളും വ്യാജമാണെന്നും റിതബ്രതയും മറ്റൊരു എം.എൽ.എയായ സന്ദീപൻ സാഹയും ആരോപിച്ചു. ഇത് വലിയ വിവാദമായി മാറുകയും, ടി.എം.സി നേതൃത്വം സ്വന്തം എം.എൽ.എമാരെ വഞ്ചിച്ചു എന്ന ആരോപണത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ കേസിൽ നിലവിൽ സി.ഐ.ഡി അന്വേഷണം നടക്കുന്നുണ്ട്.
വിവാദം പുറത്തുവന്ന് മണിക്കൂറുകൾക്കകം റിതബ്രതയെയും സന്ദീപനെയും ടി.എം.സി പുറത്താക്കി. എന്നാൽ, ടി.എം.സി നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 60 എം.എൽ.എമാർ കൂടി റിതബ്രതയ്ക്കൊപ്പം ചേരുകയും നിയമസഭാ സ്പീക്കറെ കാണുകയും ചെയ്തതോടെ പാർട്ടി ഔദ്യോഗികമായി പിളർന്നു. സ്പീക്കറുടെ അംഗീകാരം ലഭിച്ചതോടെ റിതബ്രതയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. ഇതോടെ ടി.എം.സി നിയമസഭാ കക്ഷിയുടെ നിയന്ത്രണം മമതയിൽ നിന്ന് പൂർണ്ണമായും നഷ്ടപ്പെട്ടു. മഹാരാഷ്ട്രയിലെ ശിവസേനയിലും എൻ.സി.പിയിലും ഉണ്ടായതിന് സമാനമായ പിളർപ്പാണ് ബംഗാളിലും ദൃശ്യമായത്.
പ്രതിപക്ഷ നേതൃസ്ഥാനവും 60 എം.എൽ.എമാരുടെ പിന്തുണയും ഉണ്ടെങ്കിലും റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിൽ മുന്നോട്ട് പോക്ക് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. മമത ബാനർജിയോട് വ്യക്തിപരമായി പൂർണ്ണ വിധേയത്വം തുടരുന്നവരാണ് വിമത ക്യാമ്പിലെ എം.എൽ.എമാരേറെയും. അഭിഷേക് ബാനർജിയുടെ വർദ്ധിച്ചുവരുന്ന അധികാരവും ഇടപെടലുകളും അംഗീകരിക്കാനാകില്ല എന്നാണ് ഇവരുടെ നിലപാട്.
മമത ബാനർജിയെ മുന്നിൽ നിർത്തി തന്നെ മുന്നോട്ട് പോകണമെന്നും, അഭിഷേകിനായി ഉറച്ചുനിൽക്കുന്ന മമതയെ മാറ്റിനിർത്തണമെന്നും രണ്ട് അഭിപ്രായം വിമതർക്കിടയിലുണ്ട്. മമതയെ നിയമസഭാ കക്ഷിയുടെ മുഖ്യ ഉപദേശക ആക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവായതിന് പിന്നാലെ റിതബ്രത മുന്നോട്ടുവെച്ചിരുന്നു. ബി.ജെ.പിക്കൊപ്പം പോകണമെന്ന അഭിപ്രായം ഒരു വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ബി.ജെ.പിക്ക് ഇക്കാര്യത്തിൽ വലിയ താല്പര്യമില്ല. എങ്കിലും ടി.എം.സി വിമതരെ ഒരു പ്രത്യേക ബ്ലോക്ക് ആക്കി നിർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
13 രാജ്യസഭാ എം.പിമാരും 28 ലോക്സഭാ എം.പിമാരുമാണ് തൃണമൂലിനുള്ളത്. കഴിഞ്ഞദിവസം മമത വിളിച്ച യോഗത്തിലേക്ക് എത്തിയത് അഭിഷേക് ബാനർജി ഉൾപ്പെടെ വെറും 8 എം.പിമാർ മാത്രമാണ്. പിളർപ്പിന് ശേഷവും മഹുവ മൊയ്ത്ര മമതയെ പിന്തുണച്ച് രംഗത്തെത്തി. വിമതരെ തൃണമൂൽ കോൺഗ്രസ് എന്ന് വിളിക്കാനാകില്ലെന്നും അവർക്ക് രാഷ്ട്രീയ നിലനിൽപ്പില്ലെന്നും മഹുവ വ്യക്തമാക്കി.
ബംഗാൾ നിയമസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ മൗനം പാലിച്ച ബി.ജെ.പി, ലോക്സഭയിലെ ടി.എം.സി എം.പിമാർക്കിടയിലെ പിളർപ്പിനെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. നിലവിൽ ലോക്സഭയിൽ ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ എൻ.ഡി.എയ്ക്ക് 42 വോട്ടുകളുടെ കുറവുണ്ട്. അതിനാൽ 28 ലോക്‌സഭാ അംഗങ്ങളുള്ള തൃണമൂൽ കോൺഗ്രസ് പിളർന്ന് ഒരു വിഭാഗം എം.പിമാർ പ്രത്യേക ബ്ലോക്കായി മാറുന്നത് ബി.ജെ.പിക്ക് കേന്ദ്രത്തിൽ നിർണായകമാകും. വനിതാ മണ്ഡല പുനർനിർണ്ണയ ബില്ലും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലും വരാനിരിക്കെ, വിമത എം.പിമാരെ ഒപ്പം നിർത്തി ഡൽഹിയിലെത്തിച്ച് അമിത് ഷാ അടക്കമുള്ള കേന്ദ്ര നേതൃത്വത്തെ കാണാനാണ് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ശ്രമം.
ചുരുങ്ങിയ സമയം കൊണ്ട് ഇത്രത്തോളം തകർന്ന സാഹചര്യത്തിൽ, തൃണമൂൽ കോൺഗ്രസ് എന്ന പേരും ചിഹ്നവും നിലനിർത്തുക മമതയ്ക്ക് ഇനി ദുഷ്കരമാകും. നേതൃത്വത്തെ മാറ്റിയും കമ്മറ്റികൾ പുനസംഘടിപ്പിച്ചും സംഘടനയെ പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് മമത. കൂടുതൽ ജനപ്രതിനിധികൾ ആർക്കൊപ്പമാണോ അവർക്ക് ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ മുൻ അനുഭവങ്ങളാണ് മമതയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.