തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷനും ഏറ്റവും പ്രബലനായ നേതാക്കളിലൊരാളുമായ കെ.അണ്ണാമലൈ ബിജെപിയുമായി അത്ര സുഖത്തിലല്ലെന്നാണ് അടുത്തിടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിബിഎസ്ഇയിലെ ത്രിഭാഷാ പദ്ധതിയെ വിമര്‍ശിച്ച് എക്സില്‍ പോസ്റ്റിട്ടതും കേന്ദ്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണെന്ന ചര്‍ച്ചകള്‍ക്ക് ശക്തി കൂട്ടി. 

ഇപ്പോഴിതാ അണ്ണാമലൈ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുകയാണെന്നാണ് പ്രചരിക്കുന്ന  വാര്‍ത്തകള്‍ .  ഇതേ കുറിച്ചുള്ള ചോദ്യങ്ങളോട് രണ്ടുദിവസത്തിനകം പ്രതികരിക്കാമെന്നാണ്  ഡല്‍ഹിയില്‍ അണ്ണാമലൈ എഎന്‍ഐയോട് പറഞ്ഞു. കോയമ്പത്തൂരിലും മറ്റും അണ്ണാമലൈയെ പിന്തുണച്ച് പോസ്റ്ററുകള്‍ പൊന്തിയതും സംശയത്തിന് ശക്തി വര്‍ധിപ്പിക്കുന്നുണ്ട്. ‘ഞങ്ങളുടെ തലവാ.. വരൂ ഞങ്ങളെ നയിക്കൂ’ എന്നതാണ് ഒരു പോസ്റ്ററിന്‍റെ കാപ്ഷന്‍. സമാനമായ നിരവധി പോസ്റ്ററുകള്‍ അണ്ണാമലൈയെ പിന്തുണച്ച് തമിഴ്നാടിലുടനീളം ഉയരുന്നുണ്ട്. 

2020ലാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ബിജെപിയില്‍ ചേരുന്നത്. തുടര്‍ന്ന് 2021ല്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായി. മൃഗീയമായി എതിര്‍പാര്‍ട്ടികളെ കടന്നാക്രമിക്കുന്നതായിരുന്നു അണ്ണാമലൈയുടെ രീതി. എന്നാല്‍ പിന്നീട് 2025ല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതോടെ അണ്ണാമലൈ പതുങ്ങിയ മട്ടിലായിരുന്നു. 2026 തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ മല്‍സരിക്കാന്‍ താല്‍പര്യം കാണിച്ചിട്ടും അണ്ണാമലൈക്ക് ഈ സീറ്റ് ബിജെപി നിഷേധിക്കുകയായിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സീറ്റ് നിഷേധിച്ചതും അണ്ണാമലൈയെ ചൊടിപ്പിച്ചെന്ന് തന്നെയാണ് സമീപകാലത്തെ നേതാവിന്‍റെ പതുങ്ങലില്‍ നിന്ന് വ്യക്തമാകുന്നത്.

ENGLISH SUMMARY:

K. Annamalai is reportedly not on good terms with the BJP, fueling speculation about him forming a new political party. Recent actions and statements have intensified discussions about his potential departure from the party.