ബിജെപിക്ക് തമിഴ്നാട്ടില്‍ ക്ലച്ച് പിടിക്കാനാകാത്തതിന്റെ പ്രധാന വിഷയങ്ങളിലൊന്ന് തമിഴ്നാടിന്റെ ഭാഷാവികാരം തന്നെയാണ്. എങ്ങനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും ഹിന്ദി അംഗീകരിക്കില്ലെന്ന തമിഴ് ജനതയുടെ ഈ വികാരം ബിജെപിക്ക് ചില്ലറ തലവേദനയല്ല നല്‍കുന്നത്. എന്നാല്‍ ഈ അധ്യായന വര്‍ഷത്തില്‍ ആറാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ഭാഷകള്‍ നിര്‍ബന്ധമാക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് പ്രഖ്യാപിച്ചത് തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളാകണമെന്ന ചട്ടമായതിനാല്‍ പ്രാദേശിക ഭാഷയും ഇംഗ്ലീഷും കൂടാതെ ഹിന്ദി ആയിരിക്കും മറ്റൊരു ഭാഷ എന്നാണ് നിഗമനം. സംസ്കൃതവും തിരഞ്ഞെടുക്കാവുന്ന ഭാഷകളിലൊന്നാണ്.
എന്നാല്‍ പ്രഖ്യാപനം മുതല്‍ വിമര്‍ശനം നേരിടുന്ന സിബിഎസ്ഇയുടെ പുതിയ നയം ബിജെപിക്ക് തമിഴ്നാട്ടില്‍ തിരിച്ചടിയാകുമെന്നാണ് തമിഴ്നാട് ബിജെപി ഘടകത്തിന്റെ നിരീക്ഷണം. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ പ്രധാന ബിജെപി നേതാക്കളിലൊരാളായ കെ.അണ്ണാമലൈ കേന്ദ്രത്തെ ഇതിനോടകം സമീപിച്ചു. മൂന്‍പ് പ്രഖ്യാപിച്ചിരുന്നത് പോലെ മൂന്ന് വര്‍ഷത്തിന് ശേഷം നയം നടപ്പിലാക്കിയാല്‍ മതിയെന്ന് അണ്ണാമലൈ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ നയം തമിഴ്നാട്ടിലെ രക്ഷിതാക്കള്‍ക്ക് വലിയ ഞെട്ടലുണ്ടാക്കുന്നെന്ന് അണ്ണാമലൈ തന്റെ എക്സില്‍ കുറിക്കുകയും ചെയ്തു.
ഇന്ത്യയുടെ സാംസ്കാരിക–ഭാഷാവൈവിധ്യങ്ങള്‍ മനസിലാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സഹായകമാകുമെന്നതിനാല്‍ ഈ നയത്ത സ്വാഗതം ചെയ്തവരില്‍ താനും പെടുന്നുവെന്നും എന്നാല്‍ അത് 2029–30 അധ്യായന വര്‍ഷത്തിലാകും വരികയെന്ന് സിബിഎസ്ഇ ബോര്‍ഡ് വ്യക്തമായി പറഞ്ഞിരുന്നെന്നും അണ്ണാമലൈ പറഞ്ഞു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് പുതിയ നയമെന്ന് അണ്ണാമലൈ വ്യക്തമാക്കി.
കുറഞ്ഞ കാലയളവില്‍ പുതിയൊരു ഭാഷ പഠിക്കുകയെന്നത് വിദ്യാര്‍ഥികളില്‍ അനാവശ്യ മാനസിക സമ്മര്‍ദം സൃഷ്ഠിക്കുമെന്നും അക്കാദമിക് പ്രകടനത്തെ ബാധിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. ഈ സാഹചര്യത്തില്‍ പെട്ടന്ന് നയം നടപ്പിലാക്കാനുള്ള പദ്ധതി പിന്‍വലിക്കണമെന്നും അണ്ണാമലൈ കേന്ദ്രത്തോട് എക്സിലൂടെ അപേക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ പ്രമുഖ ബിജെപി നേതാവിന്റെ തന്നെ വിമര്‍ശനമുയര്‍ന്നതോടെ സിബിഎസ്ഇക്കെതിരെ വിമര്‍ശനം കൂടുതല്‍ ശക്തിപിടിക്കുകയാണ്.