തമിഴ്നാട്ടിൽ അണ്ണാ ഡി എം കെ പിളർന്നു. എൻ ഡി എ സഖ്യം വിടുന്നെന്നും ടിവികെയ്ക്ക് പിന്തുണ നൽകുമെന്നും സി വി ഷൺമുഖം വിഭാഗം അറിയിച്ചു. എസ് പി വേലുമണിയെ നിയമസഭ കക്ഷി നേതാവായി ഷൺമുഖം വിഭാഗം തിരഞ്ഞെടുത്തു. എടപ്പാടി പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി പിന്തുണച്ച് കത്ത് നൽകിയത് 17 പേര് മാത്രം. അതിനിടെ തമിഴ്നാട്ടിലെ പുതിയ സ്പീക്കറെ തിരഞ്ഞെടുത്തു. ടിവികെയുടെ ജെസിഡി പ്രഭാകർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  

 

ഇന്നലെ ഉച്ചകഴിഞ്ഞ് മുതിർന്ന അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) എംഎൽഎമാരായ എസ്.പി. വേലുമണി, സി. ഷൺമുഖം എന്നിവരുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെ വിഭാഗം ടിവികെയ്ക്ക് പിന്തുണക്കത്ത് കൈമാറുമെന്ന് പറഞ്ഞിരുന്നു. 

 

Also Read: അച്ഛന്‍റെ സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്ന മകന്‍; ജേസണെ കുറിച്ച് അന്ന് വിജയ് പറഞ്ഞത്


അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഡിഎംകെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഗുരുതര ആരോപണം ഷൺമുഖം ഉന്നയിച്ചു. ‘‘ഡിഎംകെയെ തോൽപ്പിക്കാൻ വേണ്ടി മാത്രം ജനിച്ച പാർട്ടിയാണ് അണ്ണാ ഡിഎംകെ. ആ ഡിഎംകെയുടെ പിന്തുണ സ്വീകരിക്കാൻ എടപ്പാടി ശ്രമിച്ചു. ഞങ്ങൾ അതിനെ ശക്തമായി എതിർത്തു’’ – അദ്ദേഹം പറഞ്ഞു. അണ്ണാ ഡിഎംകെ ഉടൻ ജനറൽ കൗൺസിൽ യോഗം വിളിച്ചുകൂട്ടണമെന്ന ആവശ്യവും ഷൺമുഖം ഉന്നയിച്ചു.

 

തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണം ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണെന്ന് ആരോപിച്ച് 47 എംഎൽഎമാരിൽ 30 പേരാണു പ്രത്യേക ഗ്രൂപ്പായത്. ഏതാനും എംഎൽഎമാർ കൂടി ഇവർക്കൊപ്പം ചേരുമെന്നാണു സൂചന. കൂറുമാറ്റ നിരോധന നിയമം മറികടക്കാൻ 32 പേർ വേണം. 234 അംഗ തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെ 47 സീറ്റ് നേടിയിരുന്നു. ഈ വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചാൽ ടിവികെ സഖ്യത്തിന്റെ ഭൂരിപക്ഷം കൂടുതൽ ശക്തമാകും. ചർച്ച വിജയിച്ചാൽ വിജയിന് 150 എംഎൽഎമാരുടെ പിന്തുണ ലഭിക്കും.

 

30 എംഎൽഎമാരുമായി പ്രോടെം സ്പീക്കറുടെ ചേംബറിലെത്തിയ മുൻ രാജ്യസഭാംഗം കൂടിയായ സി.വി.ഷൺമുഖം, തനിക്കൊപ്പമാണു പാർട്ടിയിലെ ഭൂരിപക്ഷം എംഎൽഎമാരുമെന്നും എസ്.പി.വേലുമണിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ഇവർ എടപ്പാടിക്കൊപ്പം ഇരുന്നില്ല. എടപ്പാടിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ നൽകിയ കത്തിൽ 17 എംഎൽഎമാർ മാത്രമാണ് ഒപ്പിട്ടത്.

 

സ്പീക്കറായി ജെ.സി.ഡി. പ്രഭാകർ ടിവികെ നിയമസഭാംഗം ജെ.സി.ഡി. പ്രഭാകറിനെ ഏകകണ്ഠമായി തമിഴ്നാട് നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. ഡപ്യൂട്ടി സ്പീക്കറായി ടിവികെ എംഎൽഎ രവിശങ്കറെയും തിരഞ്ഞെടുത്തു. കറുപ്പയ്യ ആയിരുന്നു പ്രോടെം സ്പീക്കർ. സ്പീക്കർ സ്ഥാനത്തേക്കു മറ്റാരും പത്രിക നൽകിയിട്ടില്ലായിരുന്നു. 

 

ENGLISH SUMMARY:

AIADMK split Tamil Nadu politics is a significant development with the C V Shanmugam faction announcing support for the TVK party and rejecting Edappadi Palaniswami's leadership. This move intensifies the political crisis in Tamil Nadu and impacts the balance of power within the AIADMK.