keerthana-s

മുഖ്യമന്ത്രി വിജയ്ക്കൊപ്പം ഒന്‍പത് മന്ത്രിമാരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കൂട്ടത്തിലെ ഏക വനിതാ മന്ത്രി 29 കാരിയായ എസ്. കീര്‍ത്തനയാണ്. ഏഴു പതിറ്റാണ്ടായ പുരുഷ എംഎല്‍എമാരെ മാത്രം വിജയിപ്പിക്കുന്ന ശിവകാശി നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച കീര്‍ത്തന നേരത്തെ മുന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം അടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹിന്ദിയില്‍ സംസാരിക്കുന്ന കീര്‍ത്തന അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിന്ദിക്കെതിരെ വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിരോധം നിലനില്‍ക്കുന്ന തമിഴ്നാട്ടിലാണ് കീര്‍ത്തന ഹിന്ദിയില്‍ സംസാരിക്കുന്നത്. തന്‍റെ നേതാവിന്‍റെ സന്ദേശം കൂടുതല്‍  പേരിലേക്ക് എത്തിക്കാനാണ് ഹിന്ദി ഉപയോഗിക്കുന്നതെന്നാണ് കീര്‍ത്തന പറയുന്നത്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നിവയുൾപ്പെടെ അഞ്ച് ഭാഷകൾ കീര്‍ത്തന കൈകാര്യം ചെയ്യും. 

1996 ല്‍ വിരുദ്നഗറില്‍ ജനിച്ച കീര്‍ത്തന തമിഴ് മീഡിയം സര്‍ക്കാര്‍ സ്ക്കൂളിലാണ് പഠിച്ചത്. മധുരെ കാമരാജ് സര്‍വകലാശാലയില്‍ നിന്നും ഗണിത ശാസ്ത്രത്തില്‍ ബിരുദവും സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് കീര്‍ത്തന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിങിലാണ് കരിയര്‍ തിരഞ്ഞെടുത്തത്. ‌ഇക്കാലത്ത് കീര്‍ത്തന തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഒപ്പം ടിഡിപി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നിവയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അദ്ദേഹം പങ്കാളിയായിരുന്നു.

രാഷ്ട്രീയത്തിലെത്തുമെന്ന് ഞാൻ എപ്പോഴും സങ്കൽപ്പിച്ചിരുന്നു, അതുകൊണ്ടാണ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിങ് ഒരു കരിയറായി തിരഞ്ഞെടുത്തതെന്ന് കീര്‍ത്തന പറഞ്ഞു. വ്യത്യസ്ത നേതാക്കളോടൊപ്പം പ്രവർത്തിച്ചതിനാല്‍ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ബ്യൂറോക്രസി എങ്ങനെ പ്രവർത്തിക്കുന്നുവെന്നും തനിക്കറിയാമെന്നും കീര്‍ത്തന പറയുന്നു. 

29 വയസുള്ള കീര്‍ത്തന മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ്. ശിവകാശി സീറ്റിൽ 11697 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കീര്‍ത്തന ജയിച്ചത്. 

ENGLISH SUMMARY:

S. Keerthana is the youngest minister in the new Tamil Nadu cabinet, at just 29 years old. She represents the Sivakasi constituency and has a background in political consulting, having previously worked with leaders like MK Stalin.