തമിഴ് മണ്ണില്‍ പുതുചരിത്രമെഴുതി നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ സി.ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിറഞ്ഞു കവിഞ്ഞ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷി നിര്‍ത്തിയായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ. എന്‍. ആനന്ദ്, ആദവ് അര്‍ജുന, ഡോക്ടര്‍ കെ.ജി.അരുണ്‍ രാജ്, കെ.എ.സെങ്കോട്ടിയന്‍, പി.വെങ്കട്ടരമണന്‍, ആര്‍.നിര്‍മല്‍കുമാര്‍, രാജ്മോഹന്‍, ടി.കെ.പ്രഭു, എസ്. കീര്‍ത്തന എന്നിവരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ഗാന്ധിയടക്കമുള്ള രാഷ്ട്രീയ പ്രമുഖരും വന്‍ താരനിരയും ചടങ്ങില്‍ പങ്കെടുക്കാനെത്തി. ദൈവനാമത്തിലായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സത്യപ്രതിജ്ഞയ്ക്ക് കളമൊരുങ്ങിയത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ് എന്നിവര്‍ക്ക് പുറമെ വിസികെയും പിന്തുണ നല്‍കിയതോടെയാണ് കക്ഷിനില 121 ആകുകയും വിജയ് വീണ്ടും ഗവര്‍ണറെ കാണാനെത്തുകയും ചെയ്തത്. നേരത്തേ മൂന്ന് തവണയും മതിയായ എംഎല്‍എമാരില്ലെന്ന പേരില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിജയ്യെ മടക്കിയിരുന്നു.
മേയ് 13നകം വിശ്വാസവോട്ട് നേടുകയാണ് ഇനി വിജയ്യുടെ മുന്നിലുള്ള കടമ്പ. ആറുപതിറ്റാണ്ടോളം നീണ്ട ഡിഎംകെ, എഐഎഡിഎംകെ ഭരണത്തിനൊടുവിലാണ് തമിഴകത്ത് പുതിയ രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുന്നതും അധികാരത്തിലെത്തുന്നതും.
സെങ്കോട്ടിയനാണ് വിജയ് മന്ത്രിസഭയിലെ ഏറ്റവും പരിചയ സമ്പന്നന്‍. എം.ജി.ആറിനും ജയലളിതയ്ക്കുമൊപ്പം പതിറ്റാണ്ടുകള്‍ ഭരണത്തിലിരുന്ന അനുഭവ സമ്പത്തുമായാണ് അദ്ദേഹം ടിവികെയിലെത്തിയത്. നേതൃത്വത്തെ ചോദ്യം ചെയ്തതിന്‍റെ പേരിലാണ് എഐഎഡിഎംകെ സെങ്കോട്ടിയനെ നേരത്തെപുറത്താക്കിയത്.
വിജയ്യുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ആദവ് അര്‍ജുനയാണ് മന്ത്രിസഭയിലെ മറ്റൊരു പ്രമുഖന്‍. ചെന്നൈയിലെ വില്ലിവാക്കത്ത് നിന്നാണ് ആദവ് ജയിച്ചുകയറിയത്. ടിവികെയുടെ രൂപീകരണം മുതല്‍ വിജയ്ക്കൊപ്പമുണ്ടായിരുന്നയാളാണ് ആദവ്.
ടിവികെ ജനറല്‍ സെക്രട്ടറി എന്‍.ആനന്ദും ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരിലുണ്ട്. ടി നഗറില്‍ നിന്നാണ് ആനന്ദ് തമിഴ് നിയമസഭയിലെത്തിയത്. പാര്‍ട്ടിയെ ബൂത്ത് തലം മുതല്‍ കെട്ടിപ്പടുത്തതില്‍ എന്‍.ആനന്ദ് വഹിച്ച പങ്ക് വലുതാണ്. തിരുപ്രകുണ്ട്രത്ത് നിന്ന് ജയിച്ച നിര്‍മല്‍ കുമാര്‍ വിജയ് മന്ത്രിസഭയിലെത്തിയതും അവിചാരിതമല്ല. ബിജെപി നേതൃനിര വിട്ട് ടിവികെയില്‍ എത്തിയ നിര്‍മല്‍ കുമാര്‍ ഇന്ന് തെക്കന്‍ തമിഴ്നാട്ടില്‍ ടിവികെയുടെ മുഖമാണ്.